കൊല്ലം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ നിലപാട് കടുപ്പിക്കാൻ സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന് വിശദമായ കത്ത് അയയ്ക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
നവകേരള സദസിന്റെ കൊല്ലം ജില്ലയിലെ പര്യടനത്തിന് ശേഷം കൊല്ലം ബീച്ച് ഹോട്ടലിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും ഇതു സംബന്ധിച്ച് കൂടിയാലോചനകളും നടത്തി. കത്തിലെ ഉള്ളടക്കം എന്തായിരിക്കണം എന്നത് സംബന്ധിച്ചും ചർച്ചകൾ നടന്നു. കത്തിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ തയാറാക്കുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായാണ് അറിവ്.
ഗവർണർ സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കുന്നില്ല, നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കുന്നു എന്നിവ ചൂണ്ടിക്കാട്ടി രാഷ്ട്രപതിയെ സമീപിക്കാനും സർക്കാർ തലപ്പത്ത് ആലോചനകൾ നടന്നു. കേന്ദ്ര സർക്കാരിന് ആദ്യം കത്ത് നൽകിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ നടപടികൾ ഉണ്ടാകുക.
ഇന്നലെ കൊല്ലം ജില്ലയിൽ നടന്ന നവകേരള സദസിന്റെ പൊതുയോഗങ്ങളിൽ ഗവർണർക്ക് എതിരേ എല്ലാ മന്ത്രിമാരും അതിരൂക്ഷമായ വിമർശനമാണ് നടത്തിയത്. ഗവർണറെ കേന്ദ്രം തിരിച്ചു വിളിക്കണമെന്ന ആവശ്യം പോലും മന്ത്രിമാർ ഉന്നയിച്ചു.
ഇന്ന് കൊല്ലം ബീച്ചിൽ പ്രഭാത നടത്തത്തിന് ഇറങ്ങിയ മന്ത്രിമാരായ പി. രാജീവും സജി ചെറിയാനും ഗവർണർക്ക് എതിരേ വീണ്ടും വിമർശന ശരങ്ങൾ ഉതിർത്തു. ഗവർണർ ഭരണഘടനാ വിരുദ്ധമായും നിയമ വിരുദ്ധവുമായാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.
ബോധപൂർവം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. വിദ്യാർഥി സംഘടനയെയും പ്രവർത്തകരെയും മോശം ഭാഷയിൽ വെല്ലുവിളിക്കുന്നു. വിചിത്ര ജീവിയെ പോലെ പെരുമാറുന്ന ഗവർണറുടെ നടപടികൾ കേന്ദ്ര സർക്കാരിന്റെയും രാഷ്ട്രപതിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി പി. രാജീവ് അസന്നിഗ്ധമായി വ്യക്തമാക്കി.
ഗവർണർ കോഴിക്കോട് മിഠായി തെരുവിൽ എത്തിയത് കലാപം ഉണ്ടാക്കാനാണന്നും അതു വഴി സംസ്ഥാനത്തിന്റെ മതനിരപേക്ഷത തകർക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമമെന്നും മന്ത്രി സജി ചെറിയാൻ ആരോപിച്ചു. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാനുള്ള സംഘപരിവാർ അജണ്ടയുടെ വടിയായാണ് ഗവർണർ പ്രവർത്തിക്കുന്നത്.
കോഴിക്കോട് സർവകലാ സെനറ്റിൽ ആർഎസ്എസ് അനുഭാവികളെ തിരുകി കയറ്റിയത് തന്നെ ബോധപൂർവമാണ്. നിയമ പാസാക്കിയ ബില്ലുകളിൽ ഗവർണർ ഒപ്പു വയ്ക്കാത്തതും ഇതിന്റെ ഭാഗം തന്നെയെന്നും മന്ത്രി സജി ചെറിയാൻ ചൂണ്ടിക്കാട്ടി. ഗവർണറെ ഉടൻ തിരിച്ച് വിളിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി കെ. രാജനും പ്രതികരിച്ചു.
എസ്.ആർ. സുധീർ കുമാർ