തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുക്കിയ സായാഹ്ന വിരുന്നിൽ പങ്കെടുത്ത് മുഖ്യമന്ത്രി. ഗവർണർ നടത്തിയ അറ്റ് ഹോം പരിപാടിയിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്.
നേരത്തെ ഗവർണർ വിളിച്ച ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാതെ മുഖ്യമന്ത്രിയുൾപ്പെടെയുള്ള മന്ത്രിമാരെല്ലാം വിട്ടുനിന്നത് വാർത്തയായിരുന്നു.
പിന്നീട് സർക്കാർ-ഗവർണർ പോരിലെ മഞ്ഞുരുകാൻ തുടങ്ങിയതോടെയാണ് ഇന്നലെ വൈകിട്ട് 6.30ന് ഗവർണറുടെ സായാഹ്ന വിരുന്നിൽ മുഖ്യമന്ത്രി എത്തിയത്. 2020 ൽ ആണ് അവസാനമായി അറ്റ് ഹോം നടന്നത്.
പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത് സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ വിവരിച്ചാണ്.
ഗവര്‍ണര്‍ക്ക് എതിരായ പരോക്ഷ വിമര്‍ശനവും കേന്ദ്രത്തെ വിമർശിക്കുന്ന ഭാഗവും വായിച്ചു. ഇതോടെ സർക്കാരും ഗവർണറും തമ്മിലുള്ള പോര് തണുത്തു തുടങ്ങിയെന്ന് നിരീക്ഷിക്കപ്പെട്ടു.
സംഘപരിവാറും സിപിഎമ്മും ഒരേതൂവൽ പക്ഷികളാണെന്ന ആരോപണം പ്രതിപക്ഷം സഭയിൽ ഉന്നയിക്കുകയുംചെയ്തു. ഇരുമ്പ് പഴുക്കുമ്പോള്‍ കൊല്ലനും കൊല്ലത്തിയും ഒന്നെന്ന് പറയുന്നത് പോലെയാണ് നയപ്രഖ്യാപന പ്രസംഗമെന്നാണ് കെ. സുധാകരന് എംപി കുറ്റപ്പെടുത്തിയത്.