മനുഷ്യന്റെ സംഭാഷണം മനസിലാക്കാന്‍ ചിലപ്പോള്‍ ഭാഷ ആവശ്യമായി വന്നേക്കാം. എന്നാല്‍ അവരുടെ സങ്കടങ്ങള്‍ മനസിലാക്കാന്‍ ഭാഷ ആവശ്യമില്ല. കേരളത്തില്‍ ഇപ്പോള്‍ കണ്ടു വരുന്നതും അതാണ്. പരസ്പരം സങ്കടങ്ങള്‍ മനസിലാക്കി, സഹായിച്ച് മുന്നേറുന്നവര്‍.
സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ കൈയ്യടി നേടുന്നതും ഭാഷയുടെ പരിമിതികളില്ലാതെ കേരളത്തിനുവേണ്ടി കണ്ണീരൊഴുക്കുന്ന ഒരു ബാലന്റെ വീഡിയോയാണ്.മറ്റുള്ളവരുടെ വേദന മനസിലാക്കാന്‍ ഒന്നും തടസമല്ലെന്ന് ലോകത്തിന് കാണിച്ചു തരുന്നതാണ് ആ വീഡിയോയും അതിലെ ബാലനും.
കേരളത്തിലെ പ്രളയ ദുരിതങ്ങള്‍ ടിവിയില്‍ കണ്ട് ”നമുക്ക് അവരെയെല്ലാം വീട്ടിലേക്ക് വിളിക്കാമച്ഛാ” എന്നുപറഞ്ഞ് വിതുമ്പുന്ന കുട്ടിയുടേതാണ് വീഡിയോ. അടുത്തിരുന്ന അച്ഛന് കേരളത്തില്‍ എന്താണ് സംഭവിച്ചത് എന്ന് അവന് പറഞ്ഞു കൊടുക്കുകയാണ്. അവന് ടി വി യില്‍ നിന്ന് നോട്ടം മാറ്റാതെ വിതുമ്പിക്കൊണ്ടേയിരുന്നു. ‘ഐആം മറാത്തി’ എന്ന ഫേസ്ബുക്ക് പേജിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. സംവിധായിക അഞ്ജലി മേനോനും ചിത്രം തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.