ഒല്ലൂർ: ആരോഗ്യരംഗത്തു വികസിത രാജ്യങ്ങളോടു കിടപിടിക്കുന്ന പുരോഗതിയാണു കേരളം കൈവരിച്ചതെന്നു മന്ത്രി കെ. രാജൻ.ഒല്ലൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് മഹാമാരി പ്രതിരോധ പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്കു ലോകശ്രദ്ധ പിടിച്ചുപറ്റാനായി. ഇതൊരു വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
എംഎൽഎയുടെ 2020-2021 ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ചാണു പുതിയ ബ്ലോക്ക് നിർമിക്കുന്നത്. മൂന്നു ഘട്ടങ്ങളിലായാണു കെട്ടിട നിർമാണം പൂർത്തിയാക്കുക. മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, ഡിവിഷൻ കൗൺസിലർ സി.പി. പോളി, കൗൺസിലർമാരായ ശ്യാമള വേണുഗോപാൽ, നീതു ദിലീഷ്, കരോളിൻ ജറീഷ്, നിമ്മി റപ്പായി, മുൻ കൗൺസിലർ ബിന്ദു കുട്ടൻ, ഒല്ലൂർ സിഎച്ച്സി സൂപ്രണ്ട് ഡോ. എസ്. ബിന്ദു, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.