വേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തി..! മൂന്നാറിലെ ലൗ ഡെയ്ൽ റിസോർട്ടുമായി ബന്ധപ്പെട്ട കേസിൽ സർക്കാരിനെതിരേ രൂക്ഷ പരാമർശനം; എല്ലാം ശരിയാക്കാൻ ഇനി ആര് വരുമെന്ന് ഹൈക്കോടതി

COURT-L  കൊച്ചി: സർക്കാരിനെതിരേ രൂക്ഷ പരാമർശവുമായി വീണ്ടും ഹൈക്കോടതി. എല്ലാം ശരിയാക്കാൻ ഇനി ആര് വരുമെന്ന് കോടതി ചോദിച്ചു. മൂന്നാറിലെ ലൗ ഡെയ്ൽ റിസോർട്ടുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.

റിസോർട്ട് നിൽക്കുന്നത് സർക്കാർ ഭൂമിയിലാണെന്നും ഒഴിപ്പിക്കുന്നതിന് സർക്കാരിന് തടസമില്ലെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ കേസിന്‍റെ വിധി പകർപ്പിലാണ് സർക്കാരിനോട് സുപ്രധാന ചോദ്യങ്ങൾ ഹൈക്കോടതി ഉന്നയിക്കുന്നത്.

കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ഉത്തരവുകൾ മുൻകാലത്തും കോടതികളിൽ നിന്ന് ഉണ്ടായിട്ടുണ്ട്. ഇത് നടപ്പാക്കുക മാത്രമാണ് വേണ്ടത്. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞാണ് സർക്കാർ അധികാരത്തിൽ കയറിയത്. അതിന് വേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തിയാണെന്നും കോടതി സർക്കാരിനെ ഓർമിപ്പിക്കുന്നു.

ലൗ ഡെയ്ൽ റിസോർട്ട് ഒഴിപ്പിക്കാൻ നോട്ടീസ് നൽകിയ ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ സ്ഥലം മാറ്റിയ ശേഷമാണ് കേസിന്‍റെ വിധി പകർപ്പ് പുറത്തുവരുന്നത്. സബ് കളക്ടറുടെ നോട്ടീസ് ചോദ്യം ചെയ്ത് റിസോർട്ട് ഉടമ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാൻ സ്വകാര്യ വ്യക്തിക്ക് കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് കോടതി ഹർജി തള്ളിയത്. സർക്കാരിന് ഭൂമി ഏറ്റെടുക്കുന്നതിൽ തടസമില്ലെന്നും കോടതി വിധിച്ചിരുന്നു

Related posts