പത്തനംതിട്ട: ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളുടെ പ്രയോജനം പൂർണമായും അർഹരായവർക്ക് ലഭിക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ തെറ്റല്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.എന്നാൽ ന്യായീകരിക്കാനാകാത്ത കാലതാമസം മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷൻ അംഗം ഡോ. കെ. മോഹൻകുമാർ ഉത്തരവിൽ പറഞ്ഞു.
വിധവാ പെൻഷന് 2016 ൽ റാന്നി- പെരുനാട് ഗ്രാപഞ്ചായത്തിൽ അപേക്ഷ നൽകിയിട്ടും നടപടിയെടുത്തില്ലെന്ന പരാതിയിലാണ് ഉത്തരവ്. ഐസിഡിഎസ് സൂപ്പർവൈസറുടെ ജോലിത്തിരക്ക് കാരണമാണ് വിധവ പെൻഷൻ അപേക്ഷയിൽ അന്വേഷണം നടത്താൻ കാലതാമസമുണ്ടായതെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
2017 ൽ പഞ്ചായത്ത് കമ്മിറ്റി പെൻഷൻ അനുവദിക്കാൻ തീരുമാനിച്ചു. 2018 ൽ വിധവാ പെൻഷൻ അപേക്ഷകൾ ഉൾപ്പെടുത്തുന്നതിനുള്ള വെബ്സൈറ്റ് ഓപ്പണ്‍ ചെയ്ത ദിവസം തന്നെ ഡാറ്റാ എൻട്രി നടത്തിയെന്നും 2018 ഓഗസ്റ്റ് മുതൽ വത്സമ്മക്ക് പെൻഷൻ ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അനർഹർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നത് തടയുന്നതിന് വേണ്ടിയാണ് വെബ്സൈറ്റ് ക്ലോസ് ചെയ്തതെന്ന് പഞ്ചായത്ത് ഡയറക്ടർ കമ്മീഷനെ അറിയിച്ചു.
എന്നാൽ വെബ്സൈറ്റ് ക്ലോസ് ചെയ്യുന്ന 2017 ജൂണ്‍ 1 വരെ വത്സമ്മയുടെ അപേക്ഷ വെബ്സൈറ്റിൽ രേഖപ്പെടുത്താൻ തയാറായില്ലെന്ന് വത്സമ്മക്ക് വേണ്ടി കമ്മീഷനിൽ പരാതി നൽകിയ ജോസ് ജോസഫ് കമ്മീഷനെ അറിയിച്ചു. ഇതിനെതിരെ പോലീസിന് പരാതി നൽകിയിട്ടുണ്ടെന്നും പരാതിക്കാരൻ അറിയിച്ചു.