ഇരിട്ടി: കേരളത്തിൽ നിന്നും കർണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കർണാടക ആരോഗ്യ വകുപ്പ് നിർബന്ധമാക്കിയതോടെ വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തുന്നവരുടെ എണ്ണം കൂടി.
ഇതോടെ മാക്കൂട്ടം അതിർത്തി ചെക്ക് പോസ്റ്റിൽ കുടക് ജില്ലാ ഭരണകൂടം നിയന്ത്രണം കടുപ്പിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ വ്യാജ സർട്ടിഫിക്കറ്റുമായി എത്തിയ നിരവധി പേരെ പിടികൂടിയതോടെയാണ് ചെക്ക് പോസ്റ്റിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
നിലവിൽ ആർടിപിസി ആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റുമായി എത്തുന്നവരെയാണ് അതിർത്തി കടത്തി വിടുന്നത്.
സ്ഥിരം യാത്രക്കാർക്കും ചരക്ക് വാഹനതൊഴിലാളികൾക്കും 14 ദിവസത്തേക്കും മറ്റുള്ളവർക്ക് 72 മണിക്കൂറുമാണ് സർട്ടിഫിക്കറ്റിന്റെ കലാവധി.
ഇത് പരിശോധിക്കുന്നതിനായി മാക്കൂട്ടം ചെക്ക് പോസ്റ്റിൽ ആരോഗ്യ വകുപ്പ് പ്രത്യേക കൗണ്ടറും തുറന്നിരുന്നു.
വ്യാജ സർട്ടിഫിക്കറ്റുമായി എത്തുന്നവരുടെ എണ്ണം കൂടിയതോടെ പരിശോധനയ്ക്കും സുരക്ഷയ്ക്കുമായി ചെക്ക് പോസ്റ്റിൽ മറ്റൊരു കൗണ്ടർ കൂടി തുറന്നു. പോലീസിന്റെ എണ്ണവും വർധിപ്പിച്ചു.
അന്തർ സംസ്ഥാന യാത്രക്കാർ അനുഭവിക്കുന്ന യാത്രാദുരിതം ലഘൂകരിക്കാൻ നടപടിയുണ്ടാകണമെന്ന ആവശ്യം കുടക് ജില്ലാ ഭരണകൂടം പരിഗണിച്ചിട്ടേയില്ല.
ആർടിപിസി ആർ നിർബന്ധമാക്കിയതോടെ യാത്രക്കാരുടെ എണ്ണം മൂന്നിലൊന്നായി കുറയുകയും ചരക്ക് ഗതാഗതം സ്തംഭനത്തിലേക്ക് നീങ്ങുകയും ചെയ്തതോടെയാണ് നിയന്ത്രണത്തിൽ ഇളവുണ്ടാകണമെന്നാവശ്യം വിവിധ കോണുകളിൽ നിന്നും ഉയർന്നത്.
കേരളത്തിൽ കോവിഡ് വ്യാപനത്തിന്റെ തോത് കുറയുകയും കുടക് മേഖലയിൽ കേരളീയരുമായുള്ള സമ്പർക്കം മൂലം പുതുതായി ആർക്കും രോഗം റിപ്പോർട്ട് ചെയ്തില്ലെന്ന സാഹചര്യവും കണക്കാക്കി നിയന്ത്രണത്തിൽ ഇളവുണ്ടാകുമെന്ന് പ്രതീക്ഷിച്ചവർ നിരാശയിലാണ്.
അന്തർ സംസ്ഥാന യാത്രക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കർണാടക ഹൈക്കോടതിയിൽ നിന്നുണ്ടായ നിരീക്ഷണവും യാത്രക്കാരുടെ രക്ഷക്കെത്തിയില്ല.
കേരളത്തിൽ നിന്നും കുടകിലേക്ക് ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന സമയത്തെ നിയന്ത്രണം ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചു തുടങ്ങി. കഴിഞ്ഞ സീസൺ അടച്ചിടൽ മൂലം പൂർണമാ യും നഷ്ടപ്പെട്ടിരുന്നു.
ഇക്കുറി നിയന്ത്രണങ്ങൾ എല്ലാം നീങ്ങി സാധാരണ നിലയിലേ പതുക്കെ പ്രവേശിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് നിയന്ത്രണം ഉണ്ടായിരിക്കുന്നത്.
പല സഞ്ചാര കേന്ദ്രങ്ങളും അടച്ചു പൂട്ടൽ ഭീഷണിയിലാണ്. തോട്ടം മേഖലയേയും തീരുമാനം പ്രതീകൂലമായി ബാധിച്ചു. തൊഴിലാളികളിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ളവരാണ്.