കൊല്ലം: കേരള കർഷക സംഘം സംസ്ഥാന സമ്മേളനം ജനുവരി 22 മുതൽ 25 വരെ കൊല്ലത്ത് നടക്കും. പ്രതിനിധി സമ്മേളനം സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിലും സമാപന സമ്മേളനം പീരങ്കി മൈതാനിയിലുമാണ് നടക്കുക.വിവിധ ജില്ലകളിൽ നിന്നായി 600 പ്രതിനിധികൾ പങ്കെടുക്കും. 24ന് ലക്ഷം കർഷകർ പങ്കെടുക്കുന്ന സമ്മേളനം കൊല്ലം ടൗണിൽ നടക്കും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കർഷക സംഘത്തിന്റെ ദേശീയ നേതാക്കൾ അടക്കമുള്ളവർ സമ്മേളനത്തിൽ പങ്കെടുക്കും.
പ്രകൃതി സൗഹൃദവും പ്ലാസ്റ്റിക് രഹിതവുമായിട്ടായിരിക്കും സമ്മേളന നടത്തിപ്പ്. രാജ്യം നേരിടുന്ന വിവിധ വിഷയങ്ങളെ ആസ്പദമാക്കി ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചും സെമിനാർ സംഘടിപ്പിക്കും. വിവിധ കലാപരിപാടികളും നടക്കും.കൊല്ലം ആസ്ഥാനമാക്കി ദേശീയ സെമിനാറും നടത്തും. സംഘടനയിൽ അംഗങ്ങളായവരുടെ കൃഷിയിടങ്ങളിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറിയും മത്സ്യവും മറ്റുമായിരിക്കും സമ്മേളന ആവശ്യത്തിന് ഉപയോഗിക്കുക. ഇതിനായി നൂറ് ഏക്കറിൽ വിവിധയിനം കൃഷികൾ ഇതിനകം ആരംഭിച്ച് കഴിഞ്ഞു.
അതിഥികളായി എത്തുന്ന സമ്മേളന പ്രതിനിധികളെല്ലാം ജില്ലയിലെ കർഷകസംഘം അംഗങ്ങളുടെ വീടുകളിലായിരിക്കും താമസിക്കുക. സന്പത്ത് സ്വരൂപിക്കുന്നതും കർഷക സംഘം അംഗങ്ങളിൽ നിന്നും പ്രവർത്തകരിൽ നിന്നും ആയിരിക്കും.സമ്മേളനത്തിന്റെ മുന്നോടിയായി വിഷരഹിത പച്ചക്കറി എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലം കന്റോൺമെന്റ് മൈതാനത്ത് കാർഷിക വിപണന മേളയും സംഘടിപ്പിക്കും. ഇതിൽ നിന്ന് ലഭിക്കുന്ന ലാഭവും സമ്മേളനത്തിന്റെ നടത്തിപ്പിനായി വിനിയോഗിക്കും.
സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം കൊല്ലം പ്രസ്ക്ലബ് ഹാളിൽ നടന്നു. ലോഗോ സംഘം സംസ്ഥാന വൈസ്പ്രസിഡന്റ് ജോർജ് മാത്യുവിന് കൈമാറി പ്രസ്ക്ലബ് പ്രസിഡന്റ് ജി.ബിജു പ്രകാശനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ബിജു കെ.മാത്യു, സെക്രട്ടറി സി.ബാൾഡുവിൻ, ട്രഷറർ വി.കെ.അനിരുദ്ധൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോൺ ഫിലിപ്പ് തുടങ്ങിയവർ സംബന്ധിച്ചു.