മഞ്ചേരി: സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കണ്ണൂരിന്റെ പോരാളികൾ പോയിന്റ് ടേബിളിന്റെ തലപ്പത്ത്. പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന നാലാം റൗണ്ട് പോരാട്ടത്തിൽ ആതിഥേയരായ മലപ്പുറം എഫ്സിയെ മറുപടിയില്ലാത്ത രണ്ടു ഗോളിനു കീഴടക്കിയാണ് കണ്ണൂർ വാരിയേഴ്സ് എഫ്സി നിർണായകമായ മൂന്നു പോയിന്റ് സ്വന്തമാക്കി ലീഗിന്റെ തലപ്പത്തേക്കു കുതിച്ചത്.
ജയിച്ചാൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്താം എന്ന നിലയിലാണ് മലപ്പുറം എഫ്സിയും കണ്ണൂർ വാരിയേഴ്സ് എഫ്സിയും നാലാം റൗണ്ട് പോരാട്ടത്തിനായി കളത്തിലെത്തിയത്. പയ്യനാട് സ്റ്റേഡിയത്തിൽ നിറഞ്ഞ കാണികളുടെ ആവേശം ഏറ്റുവാങ്ങിയ മലപ്പുറം ടീമിനെ 13-ാം മിനിറ്റിൽ ഞെട്ടിച്ച് കണ്ണൂർ വാരിയേഴ്സ് ഗോൾ സ്കോർ ചെയ്തു.
സാൻഡിനെറോ അഡ്രിയാൻ കോർപയായിരുന്നു കണ്ണൂരിനായി വലകുലുക്കിയത്. 39-ാം മിനിറ്റിൽ ഗോമസ് എസിയർ കണ്ണൂർ വരിയേഴ്സിന്റെ രണ്ടാം ഗോളും മലപ്പുറം എഫ്സിയുടെ പോസ്റ്റിൽ നിക്ഷേപിച്ചു. അതോടെ സന്ദർശകർ 2-0നു മുന്നിൽ.
എന്നാൽ, 40-ാം മിനിറ്റിൽ മലപ്പുറത്തിനായി എം. ഫസലു റഹ്മാൻ ഒരു ഗോൾ മടക്കി. രണ്ടാം പകുതിയിൽ കളി തിരിച്ചുപിടിക്കാമെന്ന ആശ്വാസവുമായി അതോടെ മലപ്പുറം എഫ്സി ഇടവേളയ്ക്കു പിരിഞ്ഞു. രണ്ടാം പകുതിയിൽ മലപ്പുറം ഗോൾ മടക്കാനുള്ള തീവ്രശ്രമം നടത്തി.
68-ാം മിനിറ്റിൽ മലപ്പുറം സമനില ഗോൾ നേടിയതാണ്. എന്നാൽ, ഓഫ് സൈഡ് വിളിച്ചതോടെ ഗോൾ റദ്ദാക്കപ്പെട്ടു.
സൂപ്പർ ലീഗ് കേരള
ടീം, മത്സരം, ജയം, സമനില, തോൽവി, പോയിന്റ്
കണ്ണൂർ 4 2 2 0 8
കാലിക്കട്ട് 4 1 3 0 6
തിരുവനന്തപുരം 3 1 2 0 5
മലപ്പുറം 4 1 1 2 4
കൊച്ചി 3 0 2 1 2
തൃശൂർ 4 0 2 2 2