തിരുവനന്തപുരം: യുഡിഎഫ് ബഹിഷ്ക്കരിച്ച ലോക കേരള സഭയെ അഭിനന്ദിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രവാസികളുടെ ഏറ്റവും വലിയ വേദിയാണ് ലോക കേരള സഭയെന്ന് രാഹുൽ അഭിപ്രായപ്പെട്ടു. പ്രവാസികളുമായി ബന്ധപ്പെടാനും അവരുടെ സംഭാവനകൾ തിരിച്ചറിയാനുമുള്ള മികച്ച വേദിയാണ് ലോക കേരള സഭയെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.
ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. രാഹുലിന്റെ കത്തിന് മുഖ്യമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് യുഡിഎഫിനെ വെട്ടിലാക്കി രാഹുൽ ഗാന്ധിയുടെ അഭിനന്ദന കത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വെളിപ്പെടുത്തിയത്. ഡിസംബർ 12 ന് ആയിരുന്നു രാഹുൽ മുഖ്യമന്ത്രിക്ക് കത്തയച്ചത്. എന്നാൽ ആഴ്ചകൾക്കു ശേഷം യുഡിഎഫിനെതിരായ ആയുധമെന്ന നിലയിൽ രാഹുലിന്റെ കത്ത് മുഖ്യമന്ത്രി പുറത്തുവിടുകയായിരുന്നു.
Thank you Shri. Rahul Gandhi for your warm greetings to the Loka Kerala Sabha (@LokaKeralaSabha).
In his message, @RahulGandhi opined that “the Loka Kerala Sabha is a great platform to connect with the diaspora, and recognize their contribution.” pic.twitter.com/3G4KYMSllc
— CMO Kerala (@CMOKerala) January 2, 2020
ലോക കേരള സഭ ഉദ്ഘാടന സമ്മേളനത്തിൽ യുഡിഎഫ് പ്രതിനിധികൾ പങ്കെടുത്തിരുന്നില്ല. ആന്തൂരില് പ്രവാസി വ്യവസായി സാജന് ജീവനൊടുക്കിയ സംഭവത്തെത്തുടർന്നു ലോക കേരള സഭയിൽ നിന്നു പ്രതിപക്ഷ നേതാവും യുഡിഎഫ് എംഎൽഎമാരും നേരത്തേ രാജിവച്ചിരുന്നു. കൺവൻഷൻ സെന്ററിന് അനുമതി നിഷേധച്ചതിനെ തുടർന്നായിരുന്നു സാജൻ ജീവനൊടുക്കിയത്.
വ്യാഴാഴ്ച നടക്കുന്ന ലോക കേരള സഭ പ്രതിനിധി സമ്മേളനത്തിൽനിന്നും കേന്ദ്രമന്ത്രി വി. മുരളീധരനും വിട്ടുനിൽക്കുകയാണ്. പ്രതിനിധി സമ്മേളനത്തിൽ മുരളീധരൻ ആയിരുന്നു മുഖ്യാതിഥി. എന്തുകൊണ്ടാണ് അദ്ദേഹം പങ്കെടുക്കാത്തത് എന്നത് സംബന്ധിച്ച് അറിയിപ്പുകൾ ഉണ്ടായിട്ടില്ല.
47 രാജ്യങ്ങളിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ചു ലോക കേരള സഭയുടെ പ്രതിനിധി സമ്മേളനത്തിൽ 351 പ്രതിനിധികളാണുള്ളത്. 21 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. 28 രാജ്യങ്ങളിലെ പ്രതിനിധികളായിരുന്നു ആദ്യ സമ്മേളനത്തിനുണ്ടായിരുന്നത്.