സ്വന്തം ലേഖകൻ
തൃശൂർ: ചൂതാട്ടത്തിന്റെ പേരിൽ അന്യസംസ്ഥാന ലോട്ടറികളെ നാടുകടത്തിയ സംസ്ഥാന സർക്കാർ കേരള ലോട്ടറിയിൽ വൻ തോതിൽ ചൂതാട്ടക്കളിക്ക് അവസരമൊരുക്കുന്നു. സംസ്ഥാനത്തു മുഴുവൻ വിവിധ സീരിയലുകളിൽ ഒരേ നന്പറുള്ള ലോട്ടറികൾ ഒന്നിച്ചുനൽകിയാണ് ചൂതാട്ടത്തിന് കളമൊരുക്കിയിരിക്കുന്നത്. പതിനയ്യായിരം മുതൽ നാല്പതിനായിരം രൂപയ്ക്കുവരെ ഒറ്റയടിക്ക് ഇത്തരം ലോട്ടറി സെറ്റുകളെടുത്ത് സമ്മാനങ്ങളൊന്നും ലഭിക്കാതെ കടത്തിൽ മുങ്ങിയ നിരവധി പേരാണ് ആത്മഹത്യയുടെ വക്കിലെത്തിയിരിക്കുന്നത്.
ഒട്ടനവധി പേർ ആത്മഹത്യ ചെയ്തതിന്റെ കാരണം ചൂതാട്ട ലോട്ടറിയാണെന്നു ലോട്ടറി വില്പനക്കാരും സമ്മതിക്കുന്നു. കേരള ലോട്ടറിയിൽ മൂന്നു വർഷം മുന്പുവരെ ഒരേനന്പറിൽ അഞ്ചു സീരിയൽ ലോട്ടറി മാത്രമാണുണ്ടായിരുന്നത്. ഒരേ നന്പറിലുള്ള ലോട്ടറികൾ പല ജില്ലകളിലേക്കാണ് കൊടുത്തിരുന്നത്. ഒരു ജില്ലയിലേക്ക് ഒരു നറുക്കെടുപ്പിന്റെ അഞ്ചു ലക്ഷം ടിക്കറ്റുകൾ കൊടുക്കുന്നുണ്ടെങ്കിൽ അഞ്ചു സീരിയലും പല നന്പർ ആയിട്ടാണ് കൊടുത്തിരുന്നത്.
ഒന്നിൽ തുടങ്ങുന്ന ടിക്കറ്റ് ഒരു ലക്ഷം, രണ്ടിൽ തുടങ്ങുന്ന ടിക്കറ്റ് ഒരു ലക്ഷം, മൂന്നിൽ തുടങ്ങുന്ന ടിക്കറ്റ് ഒരു ലക്ഷം അങ്ങനെയാണ് അഞ്ചു ലക്ഷം ടിക്കറ്റുകൾ നൽകിയിരുന്നത്. ഇങ്ങനെ ഓരോ ജില്ലയിലേക്കു ടിക്കറ്റ് കൊടുത്തിരുന്നതുകൊണ്ട് കേരള ലോട്ടറി സെയിം നന്പറായി വിൽക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ ഒരേ നന്പറുള്ള ലോട്ടറികൾ ആവശ്യം പോലെയാണ് നൽകുന്നത്. എന്നാൽ ഇത്തരം സെയിം നന്പർ ലോട്ടറികളിൽ വ്യാജന്മാരുണ്ടെന്നും പറയുന്നു.
സംസ്ഥാന സർക്കാർ നൽകുന്ന ലോട്ടറികളുടെ എണ്ണത്തിലും കൂടുതലാണ് പല ജില്ലകളിലും സെയിം നന്പർ ലോട്ടറികൾ വിൽക്കുന്നതെന്നും ആരോപണമുണ്ട്. അന്യസംസ്ഥാന ലോട്ടറികൾ ഒരേ നന്പറിൽ 500 സെയിം നന്പർ ടിക്കറ്റുകൾവരെ വില്പന നടത്തിയിരുന്നു. അതിനാലാണ് അന്യസംസ്ഥാന ലോട്ടറികൾ ചൂതാട്ടമായി മാറിയതും നിരോധിച്ചതും. ഇപ്പോൾ ഇതേ രീതിയിൽ കേരള ലോട്ടറിയും ചൂതാട്ടമായി മാറിയിരിക്കയാണ്.
മുപ്പതുരൂപയുടെ കേരള ലോട്ടറി നാല് അക്കം ശരിയാകുന്ന വിധത്തിൽ ഏഴു മുതൽ മുതൽ 99 സെയിം നന്പർ വരെ കേരളത്തിന്റെ പല ജില്ലകളിലും വില്പന നടത്തുന്നുണ്ട്. പരസ്യമായി ലോട്ടറി കടകളിൽ സെയിം നന്പർ എഴുതിവച്ചാണ് ആളുകളെ ആകർഷിക്കുന്നത്. പൗർണമി, വിൻവിൻ, സ്ത്രീശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിർമൽ, കാരുണ്യ എന്നീ കേരള ലോട്ടറികളിലെല്ലാം സെയിം നന്പർ ലോട്ടറികളാക്കിയാണ് ചുതാട്ടം നടത്തുന്നത്.
സെറ്റാക്കിവച്ചിരിക്കുന്ന ലോട്ടറികൾക്ക് വില കുറച്ചു കിട്ടുമെന്നതാണ് മറ്റൊരു ആകർഷണം. ഇതിനാൽ നിരവധി പേരാണ് ഇത്തരത്തിൽ ലോട്ടറികളെടുക്കാൻ മുന്നോട്ടുവരുന്നത്. പല സീരിയലുകളിലെ നാലക്ക നന്പറുകൾ സെറ്റാക്കി വച്ചിരിക്കുന്നത് എടുത്താൽ ഇതിൽ അയ്യായിരം രൂപ അടിച്ചാൽ 12 ടിക്കറ്റിന്റെ സെറ്റിന് 60,000 രൂപ ലഭിക്കും. ഈ ചൂതാട്ടമാണ് ആകർഷണം.
ഒന്നാം സമ്മാനം ലക്ഷ്യം വച്ചല്ല ഈ ചൂതാട്ടക്കളി. എടുത്ത നാലക്ക നന്പറിൽ ഒന്നും കിട്ടിയില്ലെങ്കിൽ ടിക്കറ്റെടുത്ത പണം നഷ്ടമാകും. പലരും ഈ ആകർഷണവലയിൽ പെട്ട് കടം വാങ്ങിയും സ്വർണം പണയം വച്ചുമൊക്കെയാണ് ടിക്കറ്റടുക്കാൻ എത്തുന്നതത്രേ. ഒരു സമ്മാനവും ലഭിച്ചില്ലെങ്കിൽ വൻതുകയ്ക്കു ടിക്കറ്റെടുത്തവർ തലചുറ്റി വീഴുന്ന സംഭവങ്ങളും ഇപ്പോൾ സാധാരണമാണ്.
ചൂതാട്ടം വന്നതോടെ സാധാരണ ലോട്ടറി വില്പനക്കാരും കഷ്ടത്തിലായി. സെറ്റായി ടിക്കറ്റെടുക്കുന്നവർക്കു വില കുറച്ചു കൊടുക്കുന്നതിനാൽ ബസ് സ്റ്റാൻഡുകളിലും വഴിയോരങ്ങളിലുമൊക്കെ വില്പന നടത്തുന്നവർക്ക് കച്ചവടം ഇല്ലാതായി.