കണ്ണൂർ: കേരള ലോട്ടറിയുടെ സമ്മാനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചതിൽ പ്രതിഷേ ധം ശക്തമാകുന്നു. അടിച്ചിറക്കുന്ന ലോട്ടറി ടിക്കറ്റിൽ നല്കുന്ന സമ്മാനത്തുക, മൊത്തം ടിക്കറ്റ് തുകയുടെ അറുപത് ശതമാനമെങ്കിലും വേണമെന്നാണ് ഏജന്റുമാരുടെ ആവശ്യം. ടിക്കറ്റുകളുടെ എണ്ണത്തിൽ ഇടതു സർക്കാർ ഗണ്യമായ വർധന വരുത്തിയപ്പോൾ നിലവിലുണ്ടായിരുന്ന സമ്മാനത്തുക വെട്ടിക്കുറയ്ക്കുകയായിരുന്നുവെന്നാണ് പരാതി.
യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്ത് പ്രതിവാരം നറുക്കെടുക്കുന്ന ഒരു ടിക്കറ്റിൽ ആറു സീരീസുകളിലായി 70 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരുന്നതെങ്കിൽ ഇപ്പോൾ 12 സീരീസുകളിലായി 1.08 കോടി ടിക്കറ്റുകൾ അടിച്ചിറക്കുന്നുണ്ട്. ഒരു സീരീസിൽ മാത്രം ഒമ്പത് ലക്ഷം ടിക്കറ്റുകൾ. സീരീസുകളുടെ എണ്ണം ഇനിയും വർധിപ്പിക്കാനുള്ള നീക്കവുണ്ട്.
ലോട്ടറി ടിക്കറ്റുകളുടെ വില ഏകീകരിച്ചത് ഗുണമാണെങ്കിലും സമ്മാനത്തുക വെട്ടിക്കുറച്ചതിൽ ഏജന്റുമാർ കടുത്ത പ്രതിഷേധത്തിലാണ്. നേരത്തെ 20 രൂപയ്ക്ക് വിറ്റിരുന്ന ടിക്കറ്റിന് ഒന്നാം സമ്മാനം 50 ലക്ഷം നല്കിയപ്പോൾ 5000 രൂപ, 500 രൂപ, 100 രൂപ, 50 രൂപ സമ്മാനങ്ങൾ കൂടുതൽ ആളുകൾക്ക് നല്കിയിരുന്നു. അതിലെല്ലാം ഗണ്യമായ കുറവാണ് ഇപ്പോൾ വരുത്തിയിരിക്കുന്നത്.
ഒരു കോടി എൺപതിനായിരം ടിക്കറ്റ് 30 രൂപയ്ക്ക് വിൽക്കുന്നതുവഴി 32.40 കോടി രൂപ സർക്കാരിന് ലഭിക്കുമ്പോൾ നല്കുന്ന മൊത്തം സമ്മാനത്തുക ഇതിന്റെ 40 – 50 ശതമാനത്തിനിടയിൽ മാത്രമാണ്. നേരത്തെ 60 ശതമാനത്തിലധികം തുക സമ്മാനമായി നല്കിയിരുന്നു. ഏജന്റുമാരുടെ കമ്മീഷനിലും ഇപ്പോൾ വലിയ കുറവ് വരുത്തിയിട്ടുണ്ട്. നേരത്തെ 100 രൂപ സമ്മാനത്തിൽ 20 രൂപ ഏജന്റ് വിഹിതമായിരുന്നു. ഇപ്പോഴത് 10 രൂപയാക്കി കുറച്ചു.
നിലവിൽ നാല്പതിനായിരത്തോളം ഏജന്റുമാരും രണ്ടു ലക്ഷത്തിലധികം പ്രമുഖ വില്പനക്കാരും നാലു ലക്ഷം സാധാരണ വില്പനക്കാരുമുണ്ടെന്നാണ് കണക്ക്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഏഴു പ്രതിവാര ഭാഗ്യക്കുറികളും ഒരു വർഷം ആറ് ബംബർ ഭാഗ്യക്കുറികളുമാണ് പുറത്തിറക്കുന്നത്.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നിലവിൽവന്ന 1967 സെപ്റ്റംബർ ഒന്നു മുതൽ ഇതുവരെ ഒരിക്കൽപോലും സംസ്ഥാനത്തിന് വിറ്റുവരവിന്റെ കാര്യത്തിൽ നഷ്ടം സംഭവിച്ചിട്ടില്ല . വകുപ്പ് നിലവിൽവന്ന് രണ്ടുമാസംകഴിഞ്ഞ്, നവംബർ ഒന്നിനാണ് ലോട്ടറി ടിക്കറ്റ് വില്പന തുടങ്ങിയത്. അക്കാലത്ത് ഭാഗ്യക്കുറിയിൽനിന്നുള്ള വിറ്റുവരവ് 20 ലക്ഷം രൂപയും ലാഭം വെറും 14 ലക്ഷം രൂപയുമായിരുന്നു.
എന്നാൽ, 2013 -14 വർഷത്തിൽ വിറ്റുവരവ് 3793 .72 കോടി രൂപയായും ലാഭം 788.42 കോടി രൂപയുമായും വർധിച്ചു. ഇപ്പോൾ വിറ്റുവരവ് 12,000 കോടിയായി ഉയർന്നിട്ടുണ്ട്. ബിവറേജ്സ് കോർപറേഷൻ കഴിഞ്ഞാൽ സംസ്ഥാന സർക്കാരിന് ഏറ്റവും കൂടുതൽ ലാഭം ലഭിക്കുന്ന വകുപ്പാണ് ലോട്ടറി.
വില്പനയിൽ ഗണ്യമായ വർധന വരുത്തിയിട്ടും സമ്മാനത്തുകയിൽ ആനുപാതികമായ വർധന വരുത്താത്ത സർക്കാർ നിലപാട് ജനങ്ങളോടുള്ള കടുത്ത വഞ്ചനയാണെന്ന് കേരള ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എടക്കാട് പ്രേമരാജൻ ആരോപിച്ചു. എന്നാൽ അടിക്കുന്ന ടിക്കറ്റിന്റെ മുഴുവൻ തുകയും ലാഭമല്ലെന്നും ചെലവു കഴിച്ച് 72 ശതമാനം മാത്രമാണ് വരുമാനമെന്നുമാണ് ലോട്ടറി വകുപ്പ് അധികൃതരുടെ വാദം. ടിക്കറ്റ് വില്പനയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 52 ശതമാനം വരെ സമ്മാനമായി നല്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.
പി. ജയകൃഷ്ണൻ