-സിജോ പൈനാടത്ത്
കൊച്ചി: ലോട്ടറിയില്‍ ഭാഗ്യം തുണച്ചിട്ടും സമ്മാനത്തുക വാങ്ങാന്‍ ആളെത്തിയില്ലെങ്കില്‍ ലോട്ടറി അടിക്കുന്നത് സര്‍ക്കാരിനാണ്…! കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സമ്മാനമടിച്ചവര്‍ ലോട്ടറി ഹാജരാക്കി സമ്മാനത്തുക കൈപ്പറ്റാതിരുന്ന ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവിലേക്കെത്തിയത് 291 കോടി രൂപ.
2011 മുതല്‍ 10 വര്‍ഷം കൊണ്ടു 12,930.06 കോടി രൂപ ലോട്ടറി വിറ്റു സര്‍ക്കാരിനു ലാഭമുണ്ടായെന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
സമ്മാനത്തുക വാങ്ങാനാളില്ലാതെ പണം കൂടുതലായി സര്ക്കാരിലേക്കെത്തിയതു 2019ലാണ്. ക്ലെയിം ചെയ്യാത്ത സമ്മാനത്തുകയായി 154.87 കോടി രൂപയാണ് സര്‍ക്കാരിലേക്കു തിരിച്ചെത്തിയത്. കോവിഡ് പ്രതിസന്ധി രൂക്ഷമായ 2020ല്‍ 82.75 കോടി രൂപയാണ് ഈ ഇനത്തില്‍ കിട്ടിയത്. 2017ല്‍ 19.90 കോടി, 2018ല്‍ 19.21 കോടി, 2016ല്‍ 14.25 കോടി എന്നിങ്ങനെയാണു “കമ്പനിക്കടിച്ച’ ലോട്ടറിത്തുകയുടെ കണക്ക്.
2011-12 സാമ്പത്തികവര്‍ഷം മുതല്‍ കഴിഞ്ഞ മാര്‍ച്ച് വരെയുള്ള സര്‍ക്കാരിന്റെ ആകെ ലോട്ടറി വരുമാനം 12,630.06 കോടി രൂപയാണ്. 2016-17ല്‍ 1,882.55 കോടി രൂപ വരുമാനം കിട്ടി. തൊട്ടടുത്ത വര്‍ഷം ഇത് 1,695.05 കോടിയായി. 2019-20 ല്‍ 1,763.69 കോടി വരുമാനമുണ്ടായപ്പോള്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോട്ടറി വില്പനയിടിഞ്ഞ 2020-21 ല്‍ 472 കോടി മാത്രമാണു ഖജനാവിലേക്കെത്തിയത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അഞ്ചു വര്‍ഷക്കാലം 3,495.28 കോടി ലോട്ടറി വില്പനയിലൂടെ കിട്ടിയെന്നാണ് ലോട്ടറി വകുപ്പില്‍ നിന്നുള്ള കണക്കുകള്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ ലോട്ടറിയിലെ നേട്ടം 8,662.02 കോടി രൂപയാണെന്നും വിവരാവകാശ പ്രവര്‍ത്തകനായ പ്രോപ്പര്‍ ചാനല്‍ പ്രസിഡന്റ് എം.കെ. ഹരിദാസിനു ലഭിച്ച രേഖകളില്‍ ലോട്ടറി വകുപ്പ് വ്യക്തമാക്കുന്നു.
ആറു ബംപറുകള്‍ ഉള്‍പ്പെടെ 12 ലോട്ടറികളാണു നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ വില്പന നടത്തുന്നത്. 16,703 അംഗീകൃത ലോട്ടറി ഏജന്റുമാര്‍ സംസ്ഥാനത്തുണ്ട്.