കോട്ടയം: വരുമാനം കുറഞ്ഞതോടെ മറ്റ് മേഖലകളിൽ വ്യാപാരം നടത്തിയവർ ലോട്ടറിക്കച്ചവടത്തിലേക്കു തിരിയുന്നു. പൂട്ടിയ ഹോട്ടലുകളും തുണിക്കടകളുമൊക്കെയാണ് ലോട്ടറിക്കടകളായി പുനർജനിച്ചത്.
കോവിഡ് പ്രതിസന്ധിയിൽ ജില്ലയിൽ പ്രവർത്തനം അവസാനിപ്പിച്ച മിക്ക കടമുറികളിലും ഇപ്പോൾ ഭാഗ്യപരീക്ഷണ വേദിയായിമാറി.
മറ്റുമേഖലകളെ അപേക്ഷിച്ച് ചെറിയ ചെലവിൽ മികച്ച വരുമാനം ലഭിക്കുമെന്നതിനാലാണു ജില്ലയിൽ ലോട്ടറി ഏജൻസികളുടെയും കച്ചവടക്കാരുടെയും എണ്ണവും വർധിക്കാൻ ഇടയാക്കുന്നത്.
ഭാവിയെക്കുറിച്ചു പ്രതീക്ഷ നഷ്ടപ്പെട്ട മലയാളികൾ ഭാഗ്യാന്വേഷികളായി മാറിയ ഗുരുതര സാഹചര്യം ചിലർക്ക് വരുമാനമാർഗമായി മാറുകയാണ്.
കോട്ടയം നഗരത്തിൽ മാത്രം രണ്ടു മാസത്തിനുള്ളിൽ പത്തിലേറെ പുതിയ ലോട്ടറിക്കടകളാണു തുടങ്ങിയത്. ഇവിയെല്ലാം മുന്പു ഹോട്ടലോ സ്റ്റേഷനറിക്കടകളോ ആയിരുന്നു.
ജില്ലാ ലോട്ടറി ഓഫീസിന്റെ കണക്ക് പ്രകാരം 2020 ഏപ്രിൽ മുതൽ കഴിഞ്ഞദിവസം വരെ 580 പുതിയ ഏജൻസികൾ തുറന്നിട്ടുണ്ട്. ഇതുവഴി വരുമാനത്തിലും വർദ്ധനവ് ഉണ്ടായി.
ഈ സാന്പത്തിക വർഷം 725 കോടി രൂപയാണ് ജില്ലാ ലോട്ടറി ഓഫീസിന്റെ ലക്ഷ്യം. ഇപ്പോൾതന്നെ 500 കോടി വരുമാനം ലഭിച്ചിട്ടുണ്ട്.
ലൈസൻസുള്ള 5045 ഏജൻസികളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. 2020ൽ 4828 ഏജൻസികളായിരുന്നു. ലൈസൻസ് ഓരോ വർഷവും പുതുക്കണമെന്നാണ്.
ലൈസൻസ് പുതുക്കാതെ പ്രവർത്തിക്കുന്നവരും നിരവധിയാണ്. ലോട്ടറി ഓഫീസിൽനിന്ന് ലൈസൻസുള്ള ഏജൻസികൾക്കു മാത്രമേ ടിക്കറ്റ് നൽകാറുള്ളു.
ബസ് സ്റ്റാൻഡുകൾ അടക്കം പൊതുസ്ഥലങ്ങളിൽ ലോട്ടറി വില്പനക്കാരുടെ എണ്ണം ഉയർന്നു. ഏജൻസികളിൽനിന്ന് ലോട്ടറി വാങ്ങി വില്പന നടത്തുന്നവരുടെ എണ്ണം കോവിഡിനുശേഷം കുത്തനെ ഉയർന്നിട്ടുണ്ട്. സമ്മാനത്തുക വർദധിപ്പിച്ചതും കച്ചവടം കൂടാൻ കാരണമായതായി ലോട്ടറി വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു.