തലോർ: നന്പർ പ്രിന്റ് ചെയ്യാത്ത ലോട്ടറി ടിക്കറ്റ് ലഭിച്ചത് ഏജൻസിക്കും വില്പനക്കാരനും തലവേദനയായി. കേരള സർക്കാരിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ടിക്കറ്റാണ് നന്പറില്ലാതെ ഇറങ്ങിയിരിക്കുന്നത്. ഇന്നലെ നറുക്കെടുപ്പ് നടന്ന ടിക്കറ്റ് പാലിയേക്കര ത്രിവേണി ലോട്ടറി ഏജൻസിയിൽ നിന്നാണ് വില്പന നടത്തിയത്.
വില്പനക്കെടുത്തയാൾ ടിക്കറ്റ് വിൽക്കുന്നതിനിടെ നന്പറില്ലാത്ത കാര്യം ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ഏജൻസിയുമായി ബന്ധപ്പെടുകയായിരുന്നു. ലോട്ടറി ഏജൻസിയുടമ വെള്ളാനിക്കര സ്വദേശി സതീഷ് കുമാർ വിഷയം അധികൃതരെ അറിയിച്ചു.12 ടിക്കറ്റ് വീതമുള്ള സെറ്റിൽ നന്പറില്ലാത്ത ഒരു ടിക്കറ്റാണ് വില്പനക്കാരന്റെ കൈയിലെത്തിയത്.
നേരത്തേ ഒരുവശത്ത് ഒന്നും തന്നെ പ്രിന്റ് ചെയ്തിട്ടില്ലാത്ത ടിക്കറ്റ് ശ്രദ്ധയിൽപ്പെട്ട സതീഷ്കുമാർ അത് വില്പനക്കാർക്ക് നൽകാതെ മാറ്റി വെച്ചിരുന്നു.നന്പറില്ലാത്ത ടിക്കറ്റ് വില്പന നടത്തുകയും വാങ്ങിയയാൾ നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ച ശേഷം സമ്മാനം ലഭിച്ച നന്പർ പ്രിന്റ് ചെയ്തു ചേർത്ത് ഹാജരാക്കുകയും ചെയ്താൽ വലിയ തട്ടിപ്പിന് വഴിയൊരുങ്ങുമായിരുന്നു.
ടിക്കറ്റുകളിലെല്ലാം ഏജൻസിയിൽനിന്ന് സീൽ ചെയ്യുമെങ്കിലും ആയിരക്കണക്കിന് ടിക്കറ്റുകൾക്കിടയിൽ നന്പറില്ലാത്ത ടിക്കറ്റ് ശ്രദ്ധയിൽപ്പെട്ടില്ലെന്ന് സതീഷ് കുമാർ പറയുന്നു.