കൊല്ലം: ഒന്നാം സമ്മാനത്തിലും സമ്മാന ഘടനയിലും ടിക്കറ്റ് വിലയിലും പരിഷ്കാരങ്ങൾ വരുത്തിയ കേരള ലോട്ടറി ഇന്നു മുതൽ വിപണിയിലെത്തി. സുവർണ കേരളം എന്ന പേരിലുള്ള ടിക്കറ്റാണ് ഇന്നു മുതൽ വിപണിയിൽ ലഭ്യമായി തുടങ്ങിയത്. ഈ ടിക്കറ്റുകൾ എല്ലാ ജില്ലാ ലോട്ടറി ഓഫീസുകളിലും കഴിഞ്ഞ ദിവസം എത്തിക്കഴിഞ്ഞിരുന്നു. ഇന്ന് രാവിലെ പത്ത് മുതൽ ടിക്കറ്റുകളുടെ വിതരണം ആരംഭിച്ചു.
എല്ലാ ടിക്കറ്റുകളും വില 50 രൂപയായി ഏകീകരിച്ചതാണ് ഏറ്റവും വലിയ മാറ്റം. പ്രതിദിന നറുക്കെടുപ്പുകളിലെ ഒന്നാം സമ്മാനം ഒരു കോടി രൂപയായും ഉയർത്തിയിട്ടുണ്ട്. നിലവിൽ ഏറ്റവും കുറഞ്ഞ സമ്മാനത്തുക 100 രൂപയായിരുന്നു.
പരിഷ്കരിച്ച ടിക്കറ്റുകളിൽ 50 രൂപയും സമ്മാനമായി ലഭിക്കും എന്നതാണ് മറ്റൊരു സവിശേഷത. പരിഷ്കരിച്ച ടിക്കറ്റുകളിൽ ഏഴുലക്ഷം ടിക്കറ്റുകൾ ചെറുകിട ഏജൻ്റുമാർക്കായി മാറ്റി വച്ചിട്ടുണ്ട്. ഇതിന് ആനുപാതികമായി വൻകിട ഏജൻ്റുമാർക്ക് നൽകുന്ന എണ്ണത്തിൽ കുറവും വരുത്തിയിട്ടുണ്ട്.
1.08 കോടി ടിക്കറ്റുകളാണ് നിലവിൽ പ്രതിദിനം വിൽക്കുന്നത്. വില 50 രൂപയാക്കി വർധിപ്പിച്ചതിനാൽ തൽക്കാലം 96 ലക്ഷം ടിക്കറ്റുകളേ ലോട്ടറി വകുപ്പ് അച്ചടിക്കുന്നുള്ളൂ. ടിക്കറ്റ് തികയാതെ വന്നാൽ എണ്ണം കൂട്ടാമെന്നാണ് ഭാഗ്യക്കുറി വകുപ്പിന്റെ തീരുമാനം.
പരിഷ്കരിച്ച കേരള ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് മേയ് രണ്ടിനാണ് നിശ്ചയിച്ചിട്ടുള്ളത്. ഇന്ന് വിപണിയിൽ എത്തിയ സുവർണ കേരളം ടിക്കറ്റിന്റെ നറുക്കെടുപ്പാണ് അന്ന് നടക്കുക. ഇതുവരെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് ലോട്ടറി നറുക്കെടുപ്പ് നടത്തിയിരുന്നത്. മേയ് രണ്ട് മുതൽ ഉച്ചകഴിഞ്ഞ് രണ്ടിന് നറുക്കെടുപ്പ് ആരംഭിക്കും.
- എസ്.ആർ. സുധീർ കുമാർ