തൃശൂർ: കൊറോണ വൈറസ് ബാധ തൃശൂരിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഏത് അടിയന്തിര സാഹചര്യം നേരിടാനും തൃശൂർ മെഡിക്കൽ കോളജ് സജ്ജമായി.
വിദഗ്ധരായ അഞ്ചു ഡോക്ടർമാരുടെ നേതൃത്വത്തിൽ മുപ്പതോളം പേരടങ്ങുന്ന സ്പെഷ്യൽ ടീം കൊറോണ ചികിത്സക്ക് മാത്രമായി മെഡിക്കൽ കോളജിലുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിലെ മുഴുവൻ ജീവനക്കാരും ഡോക്ടർമാരും കൊറോണ വൈറസ് ബാധയെ നേരിടാനുള്ള പരിശീലനം നേടിക്കഴിഞ്ഞു.
ആശുപത്രിയിലെ നൂറു കണക്കിന് ജീവനക്കാർക്ക് ഇന്നുരാവിലെ ആരോഗ്യവകുപ്പ് സെക്രട്ടറിയുടേയും മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെയും സാന്നിധ്യത്തിൽ പ്രത്യേക സ്യൂട്ട് ധരിക്കേണ്ടതിനെപറ്റിയും അത് എങ്ങിനെ അഴിച്ചുമാറ്റണമെന്നതിനെക്കുറിച്ചും മാസ്ക് എങ്ങിനെ ധരിക്കണമെന്നതിനെക്കുറിച്ചുമെല്ലാം പരിശീലനം നൽകി.
കമ്യൂണിറ്റി മെഡിസിന്റെ ആഭിമുഖ്യത്തിൽ ഡോ.സൂര്യകല, ഡോ.അലോക്, ഡോ.സിതാര എന്നിവർ ജീവനക്കാർക്ക് പരിശീലനത്തിന് നേതൃത്വം നൽകി. ആരോഗ്യവകുപ്പിന്റെ ജീവനക്കാർ മുഴുവൻ സമയവും മെഡിക്കൽ ടീമിനൊപ്പമുണ്ട്.
മെഡിക്കൽ കോളജിൽ പേ വാർഡിലുള്ളവരെ ഒഴിപ്പിച്ചാണ് ഐസൊലേഷൻ വാർഡ് സജ്ജീകരിച്ചത്. ഇരുപത് മുറികളാണ് ഐസൊലേഷൻ വാർഡിലുള്ളത്. നാലു മുറികൾ ജീവനക്കാർക്കുള്ളതാണ്. ഒരേസമയം 24 പേരെ നിരീക്ഷിക്കാനും ചികിത്സിക്കാനും സൗകര്യമുണ്ട്.
ഐസൊലേഷൻ വാർഡിലേക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ ജീവനക്കാരെ കൂടുതലായി ഇവിടെ നിയോഗിച്ചിട്ടുണ്ട്.
വ്യാജസന്ദേശം പ്രചരിപ്പിച്ചാൽ , നിർദേശങ്ങൾ ലംഘിച്ചാൽ കർശന നടപടിയെന്ന് ആരോഗ്യമന്ത്രി
തൃശൂർ: നിപ്പവൈറസ് പടർന്നുപിടിച്ചപ്പോൾ സോഷ്യൽമീഡിയ വഴി അനാവശ്യ ഭീതിയും വ്യാജസന്ദേശവും നിറച്ചവർ കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിലും സൈബർലോകത്ത് ഭീതിയും വ്യാജസന്ദേശവും പരത്താൻ സാധ്യതയുള്ളതിനാൽ ഇവർക്കെതിരെ കർശന നടപടി കൈക്കൊള്ളാൻ ആരോഗ്യമന്ത്രി നിർദേശിച്ചു.
കൊറോണ സംബന്ധിച്ച് വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടി കൈക്കൊള്ളാനാണ് ഉത്തരവുള്ളത്.
യാതൊരു വിധ ആശങ്കകളും സൃഷ്ടിക്കാതെ വേണം ചികിത്സാ നടപടിക്രമങ്ങളും ചികിത്സാ സജ്ജീകരണങ്ങളുമെന്ന് ആരോഗ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിൽ ഇപ്പോൾത്തന്നെ മാസ്ക് ധരിച്ചവരുടെ സെൽഫികൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്.
കേരളത്തിൽ ആശങ്കയ്ക്ക് വകയില്ലെന്ന് ആരോഗ്യവകുപ്പ് ആവർത്തിക്കുന്നുണ്ട്.