വാഹന പരിശോധന മൂലം ഏറ്റവുമധികം ബുദ്ധിമുട്ടുന്നത് ഫ്രീക്കന്മാരാണ്. ഹെല്‍മറ്റില്ലാതെയും ട്രിപ്പിള്‍ അടിച്ചും വണ്ടിയില്‍ മോഡിഫിക്കേഷന്‍ നടത്തിയും അങ്ങനെ ആസ്വദിച്ചു വരുമ്പോഴാണ് വഴിയില്‍ പോലീസിന്റെ പരിശോധന. ഇത്തരക്കാരുടെ ചങ്കിടിപ്പ് കൂട്ടുന്നതാണ് മോട്ടോര്‍ വാഹന വകുപ്പ് അവതരിപ്പിച്ചിരിക്കുന്ന പുതിയ ടെക്‌നോളജി.
വാഹന പരിശോധന കൂടുതല്‍ ഡിജിറ്റലാക്കാന്‍ പിഒഎസ് (പോയിന്റ് ഓഫ് സെയില്‍) ഉപകരണവുമായി എത്തിയിരിക്കുകയാണ് മോട്ടര്‍ വാഹനവകുപ്പ്. കേന്ദ്രീകൃത സോഫ്റ്റ്വെയറായ പരിവാഹനുമായി ബന്ധിപ്പിച്ച ഇ-ചെലാന്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് പരിശോധനാ റിപ്പോര്‍ട്ടുകള്‍ തയാറാക്കുക.
പരിശോധിക്കുന്ന വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിന്റെ ചിത്രം ഇ-പോസ് മെഷീന്‍ വഴിയെടുത്താല്‍ വാഹനം സംബന്ധിച്ച വിവരങ്ങളെല്ലാം ലഭിക്കും. വാഹനം മുന്‍പ് ഏതെങ്കിലും കേസില്‍ പിടിക്കപ്പെട്ടിട്ടുണ്ടോ, ഏതെങ്കിലും പിഴ അടയ്ക്കാന്‍ ബാക്കിയുണ്ടോ തുടങ്ങിയ വിവരങ്ങളും അറിയാന്‍ സാധിക്കും.
പിഴത്തുക ഓണ്‍ലൈനായോ എടിഎം കാര്‍ഡ് സൈ്വപ് ചെയ്‌തോ അടയ്ക്കാം. പണം ഇല്ലാത്ത പക്ഷം പിന്നീട് ഓഫിസിലെത്തിയോ നേരിട്ട് കോടതിയിലോ അടയ്ക്കാം.
പിഴ ഒടുക്കാത്ത പക്ഷം വാഹനം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള സംവിധാനവും പിഒഎസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരിക്കല്‍ പിടിക്കപ്പെട്ട വാഹനത്തിന്റെ ഉടമയുടെ ലൈസന്‍സ് നമ്പറും ശേഖരിക്കാന്‍ സൗകര്യമുണ്ട്.
പിന്നീട് എപ്പോഴെങ്കിലും പിടിക്കപ്പെട്ടാല്‍ അയാളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞൊടിയിടയില്‍ ലഭ്യമാകുമെന്നതാണ് പ്രത്യേകത.ആദ്യമായി പാലക്കാട്ടാണ് ഇത് നടപ്പിലാക്കുക. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ വി.എ.സഹദേവന്റെ നേതൃത്വത്തില്‍ 6 സ്‌ക്വാഡുകളാണ് ഓണക്കാല പരിശോധനയ്ക്കായി നിരത്തിലുള്ളത്.