ഫ്രാങ്കോ ലൂയിസ്
തൃശൂർ: ക്ലാർക്ക് മൂത്താൽ ഡോക്ടറാകുമോ? ചീഫ് എൻജിനിയറോ ഡിജിപിയോ ആകാനാകുമോ? മോട്ടോർ വാഹന വകുപ്പിൽ ദശാബ്ദങ്ങളായി നിലവിലിരുന്ന ചോദ്യത്തിന് അവസാനം സർക്കാർ ഉത്തരം നൽകി.
ജോയിന്റ് ആർടിഒ സ്ഥാനക്കയറ്റം ടെക്നിക്കൽ യോഗ്യതയുള്ളവർക്കു മാത്രമേ നൽകാവൂ എന്നു വ്യക്തമാക്കി ഉത്തരവ് പുറത്തിറക്കി.
സുപ്രീം കോടതിയുടെ റോഡ് സേഫ്റ്റി കമ്മിറ്റിയുടെ 2019 ജൂലൈയിലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഒന്നര വർഷത്തിനുശേഷം കേന്ദ്ര നിയമത്തിനനുസൃതമായി സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
കേരളത്തിലെ ഗതാഗത വകുപ്പിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചയാൾക്കു ജോയിന്റ് ആർടിഒമാരായി സ്ഥാനക്കയറ്റം ലഭിക്കുമായിരുന്നു.
ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർവരെ സ്ഥാനക്കയറ്റം ലഭിക്കുമായിരുന്നു. ഇതിന് അവസരം നൽകിയിരുന്ന സ്പെഷൽ റൂൾസ് പുതിയ ഉത്തരവോടെ റദ്ദാക്കി.
സബ് ഇൻസ്പക്ടർ റാങ്കിലുള്ള അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തസ്തികയിൽ പിഎസ്സി പരീക്ഷയിലൂടെ നിയമിതരാകുന്നവർക്കു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായി സ്ഥാനക്കയറ്റം ലഭിച്ചശേഷമാണ് ജോയിന്റ് ആർടിഒ പ്രമോഷനു യോഗ്യരാകുന്നത്.
എഎംവിഐമാർക്കുള്ള അടിസ്ഥാന യോഗ്യത ഓട്ടോമൊബൈൽ, മെക്കാനിക്കൽ എൻജിനിയറിംഗ് ഡിഗ്രിയോ ഡിപ്ലോമയോ, ഒരു വർഷത്തെ വർക്ക്ഷോപ്പ് പ്രവൃത്തിപരിചയം, മോട്ടോർ സൈക്കിൾ, ലൈറ്റ്, ഹെവി വാഹനങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ്, ശാരീരിക യോഗ്യത എന്നിവയാണ്.
മൂന്നു മാസത്തെ പോലീസ് ട്രെയിനിംഗും ഓഫീസ് പരിശീലനവും നൽകിയ ശേഷമാണ് യൂണിഫോമിൽ ടെക്നിക്കൽ സ്വഭാവുള്ള ജോലിചെയ്യുന്നത്.
അക്കൗണ്ട് ടെസ്റ്റ്, എംവി ആക്ട്, സിആർപിസി തുടങ്ങിയ പരീക്ഷകൾ പാസായി പത്തുവർഷത്തിനുശേഷമേ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായി സ്ഥാനക്കയറ്റം ലഭിക്കൂ. ഇവരിൽനിന്നാണ് ജോയിന്റ് ആർടിഒ ആയി സ്ഥാനക്കയറ്റം നൽകുന്നത്.
എന്നാൽ, ക്ലാർക്കായി ജോലിക്കു ചേർന്ന് സീനിയർ സൂപ്രണ്ട് ആകുന്ന ഉദ്യോഗസ്ഥന് 2:1 എന്ന അനുപാതത്തിൽ ജോയിന്റ് ആർടിഒ ആയി സ്ഥാനക്കയറ്റം നൽകിയിരുന്നു.
ഇതാണ് പുതിയ ഉത്തരവോടെ ഇല്ലാതായത്. നിലവിലുള്ള 89 ജോയിന്റ് ആർടിഒ മാരിൽ 60 പേർ ടെക്നിക്കൽ വിഭാഗത്തിലുള്ളവരും 29 പേർ മിനിസ്റ്റീരിയൽ വിഭാഗത്തിൽനിന്നുള്ളവരുമാണ്.
ടെക്നിക്കൽ യോഗ്യതയില്ലാത്ത ആർടിഒ, ജോയിന്റ് ആർടിഒമാരുള്ള പ്രദേശങ്ങളിൽ പൊതുജനങ്ങൾക്കു സേവനം നൽകാനാവില്ലെന്നതാണു ദുരിതം. 20 വർഷം പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കാൻ ഇക്കൂട്ടർക്ക് അധികാരമില്ല.
ടെക്നിക്കൽ ജോയിന്റ് ആർടിഒ ഉള്ള ഓഫീസിൽ വാഹനം ഹാജരാക്കേണ്ടി വരും. ഹെവി വാഹനങ്ങളുടെ ഡ്രൈവിംഗ് ടെസ്റ്റിനായി ടെക്നിക്കൽ ജോയിന്റ് ആർടി ഉള്ള ഓഫീസിൽ പോകേണ്ടി വരും.
രണ്ടിലേറെപ്പേർ മരിച്ച വാഹനാപകടങ്ങളുടെ പരിശോധനയ്ക്കും ടെക്നിക്കൽ ജോയിന്റ് ആർടിഒമാരുടെ സേവനം വേണ്ടിവരും.
ഇങ്ങനെ അനേകം അവസരങ്ങളിൽ വാഹന ഉടമകൾക്ക് വലിയ ബുദ്ധിമുട്ടും നഷ്ടങ്ങളും സംഭവിക്കാറുണ്ട്. പുതിയ ഉത്തരവോടെ ഇതിനു പരിഹാരമാകും.