തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിതനായ കെഎം ഏബ്രഹാം കേരളാ കേഡറിലെ ഏറ്റവും സീനിയറായ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഐഎഎസുകാരന് എന്നതിലുപരി അദ്ദേഹത്തേക്കുറിച്ച് അധികമാര്‍ക്കുമറിയാത്ത ചില കാര്യങ്ങളുണ്ട്. ആയോധനകലകളിലെ പ്രാവീണ്യത്തിന്റെ കാര്യത്തില്‍ ഇദ്ദേഹത്തെ കേരളാ ബ്രൂസ്ലി എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം.
പഠനത്തോടൊപ്പം കായികമായും അദ്ദേഹം മികവു തെളിയിച്ച വ്യക്തിയായിരുന്നു. ഇപ്പോഴും അതിന് യാതൊരു കുറവും വരുത്തിയിട്ടില്ല. കരാട്ടെ, തായ്ക്വണ്ടോ, ദീര്‍ഘ ദൂര ഓട്ടം ഇതൊക്കെയായിരുന്നു കെഎം എബ്രഹാമിന്റെ ഇഷ്ടവിനോദങ്ങള്‍. ഔദ്യോഗിക ജീവിതത്തിലെ തിരക്കിനിടയിലും അദ്ദേഹം ഇതിനായി സമയം കണ്ടെത്താറുണ്ട്. കൊറിയയില്‍ നിന്നെത്തിയ അന്താരാഷ്ട്ര ഗ്രാന്‍ഡ്മാസ്റ്റര്‍ ലീയും ഗ്രാന്‍ഡ്മാസ്റ്റര്‍ ലളിത് ടര്‍ക്കിയുമാണ് കഴിഞ്ഞ വര്‍ഷം ഫസ്റ്റ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റില്‍ നിന്ന് സെക്കന്‍ഡ് ഡാനിലേക്ക് ഡോ. എബ്രഹാമിന് സ്ഥാനക്കയറ്റം നല്‍കിയത്. 16 വര്‍ഷം മുമ്പാണ് കെഎം എബ്രഹാം ആദ്യമായി ബ്ലാക്ക് ബെല്‍റ്റ് നേടിയത്. ബോക്സിങ് അടക്കമുള്ള ആയോധന കലകളില്‍ പഠനകാലത്തുതന്നെ ഡോ. എബ്രഹാം മികവ് തെളിയിച്ചിരുന്നു. പിന്നീട് അമേരിക്കയില്‍ ഗവേഷണം നടത്തുമ്പോഴാണ് തായ്ക്വോണ്ടൊയില് താത്പര്യം തോന്നിയത്. തുടര്‍ന്ന് നാട്ടിലെത്തി കരാട്ടെയില്‍ താത്പര്യക്കാരനായിരുന്ന ഐ.പി.എസ്. ഓഫീസര്‍ ഡെസ്മണ്ട് നെറ്റൊയെ ഒപ്പം കൂട്ടി തായ്ക്വണ്ടോ അസോസിയേഷന് രൂപീകരിച്ചു.
ലൗകീക ആസക്തികളില്‍ നിന്ന് വിടുതല്‍ പ്രാപിക്കുകയെന്ന ബുദ്ധമതത്തിന്റെ തത്വശാസ്ത്രമാണ് തായ്ക്വണ്ടോ പേറുന്നത്. ആയോധന കലയെന്നതിനൊപ്പം ഇതിനൊരു ആത്മീയതലമുണ്ട്. ഔദ്യോഗിക രംഗത്ത് പല വിഷമം നിറഞ്ഞ സാഹചര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഈ പരിശീലനം എന്നെ സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ദീര്‍ഘദൂര ഓട്ടത്തിലും താത്പര്യമുള്ള ഡോ. എബ്രഹാം 22 കിലോമീറ്റര്‍ താണ്ടുന്ന മുംബൈ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ഹാഫ് മാരത്തണില്‍ ഏഴ് വര്‍ഷമായി പങ്കെടുക്കുന്നു. ആഴ്ചയില്‍ മൂന്ന് ദിവസമാണ് തായ്ക്വോണ്ടൊ പരിശീലനം. പുലര്‍ച്ചെ അഞ്ച് മണിക്ക് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ എത്തും. തായ്ക്വോണ്ടൊയ്ക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകാരം ലഭ്യമാക്കിയും 80 സ്കൂളുകളില്‍ ഈ ആയോധന കല കുട്ടികളെ പഠിപ്പിക്കാന്‍ മുന്‍കൈയെടുത്തതും ഡോ. എബ്രഹാമായിരുന്നു. ദേശീയ ഗെയിംസിലും സാഫ് ഗെയിംസിലും മെഡല്‍ നേടിത്തരുന്ന ഇനമായി തായ്ക്വണ്ടോ മാറി.
കേരള സര്‍വകലാശാലയില്‍നിന്നു സിവില്‍ എന്‍ജിനീയറിങ് ബിരുദവും കാണ്‍പൂര്‍ ഐഐടിയില്‍നിന്ന് എംടെക്കും ഐസിഎഫ്എഐയില്നിന്നു ബിസിനസ് ഫിനാന്‍സില്‍ ഡിപ്ലോമയും നേടിയ ഏബ്രഹാം അമേരിക്കയിലെ മിഷിഗണ്‍ യൂണിവേഴ്സിറ്റിയില്‍നിന്നു ടെക്നോളജി പ്ലാനിങ്ങില്‍ പിഎച്ച്ഡി നേടിയിട്ടുണ്ട്. അമേരിക്കയില്‍നിന്നു തന്നെ ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, ലൈസന്‍സ്ഡ് ഇന്റര്‍നാഷനല്‍ അനലിസ്റ്റ് യോഗ്യതകളും നേടി.കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളജില്‍ കുറച്ചുകാലം അദ്ധ്യാപകനും കാണ്‍പൂര്‍ ഐഐടിയില്‍ വിസിറ്റിങ് പ്രഫസറുമായിരുന്നു. തിരുവനന്തപുരത്തു സബ് കലക്ടറായാണ് ഐഎഎസ് ജീവിതത്തിന്റെ തുടക്കം കുറിച്ചത്. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ കലക്ടര്‍, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി, സാമൂഹികനീതി പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. ഉന്നതവിദ്യാഭ്യസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരിക്കെ കുസാറ്റ് വൈസ് ചാന്‍സലറുടെ ചുമതലയും വഹിച്ചു. ഒരു വര്‍ഷം ഡപ്യൂട്ടേഷനില്‍ ഏഷ്യന്‍ സ്കൂള്‍ ഓഫ് ബിസിനസില്‍ പ്രഫസറായി.
സെബിയില്‍ സ്ഥിരാംഗമായിരിക്കെയാണ് കുപ്രസിദ്ധമായ സഹാറ തട്ടിപ്പ് ഇദ്ദേഹം പുറത്തു കൊണ്ടുവന്നത്. ഐഐടി കാണ്‍പൂരിന്റെ അവാര്‍ഡും ജി ഫയല്‍ അവാര്‍ഡും അഴിമതിയ്ക്കെതിരേ പോരാടിയതിനുള്ള അംഗീകാരമായി.ധനവകുപ്പില്‍ റിസോഴ്സസ് സെക്രട്ടറിയായും ധനസെക്രട്ടറിയായും പ്രവര്‍ത്തിച്ച ഏബ്രഹാം 10 സംസ്ഥാന ബജറ്റുകള്‍ തയാറാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. തയ്ക്വാന്‍ഡോയില്‍ സെക്കന്‍ഡ് ഡിഗ്രി ബ്ലാക്ക് ബെല്‍റ്റ് നേടിയ കേരളത്തിലെ ആദ്യ ഐഎഎസ് ഉദ്യോഗസ്ഥനാണ്. എന്തായാലും ഇത്രയും അടവുകള്‍ വശമുള്ള കെ.എം ഏബ്രഹാം കേരളാ സര്‍ക്കാരിന് ഒരു മുതല്‍ക്കൂട്ടാവുമെന്ന് പ്രതീക്ഷിക്കാം…