നിയമസഭയെ നിയന്ത്രിക്കാൻ എം.ബി. രാജേഷ്
ലോക്സഭയിൽ മികച്ച പാർലമെന്റേറിയനായി തിളങ്ങിയ എം.ബി. രാജേഷിനു പുതിയ നിയോഗം സ്പീക്കർ കുപ്പായമണിഞ്ഞ് നിയമസഭയെ നിയന്ത്രിക്കാൻ. തൃത്താല മണ്ഡലത്തിൽ അരങ്ങേറിയ പ്രസ്റ്റീജ് പോരാട്ടത്തിലെ വിജയത്തിനുള്ള പൊൻതൂവൽകൂടിയായി പുതിയ അംഗീകാരം.
ഷൊർണൂർ കൈയിലിയാട് മാന്പറ്റ വീട്ടിൽ ബാലകൃഷ്ണൻ നായരുടെയും രമണിയുടെയും മകനായി 1971 മാർച്ച് 12ന് പഞ്ചാബിലെ ജലന്ധറിൽ ജനനം.
ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽനിന്നു സാന്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാഡമിയിൽ നിന്നു നിയമബിരുദം നേടി.
എസ്എഫ്ഐയിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് സജീവമാവുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.
നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ് ഈ അന്പതുകാരൻ. കാലടി സംസ്കൃത സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസറായ നിനിത കണിച്ചേരിയാണു ഭാര്യ. പ്ലസ്ടു വിദ്യാർഥിനി നിരഞ്ജനയും നാലാം ക്ലാസ് വിദ്യാർഥിനി പ്രിയദത്തയും മക്കൾ.
സൈദ്ധാന്തികനിൽനിന്ന് മന്ത്രിപദത്തിലേക്ക്
പാര്‍ട്ടി നേതാക്കളില്‍ അപൂര്‍വ വ്യക്തിത്വത്തിനുടമയാണ് എംവിജിയെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിളിക്കുന്ന എം.വി. ഗോവിന്ദന് മാസ്റ്റര്‍. തളിപ്പറമ്പില്‍നിന്നു നിയമസഭയിലെത്തിയ എം.വി. ഗോവിന്ദന് ഇത്തവണ മന്ത്രിസ്ഥാനം.
ഇടതു കോട്ടയായ തളിപ്പറമ്പില്‍നിന്നും കോണ്‍ഗ്രസിലെ അബ്ദുള്‍ റഷീദിനെ പരാജയപ്പെടുത്തിയാണ് ഇത്തവണ എം.വി. ഗോവിന്ദന് നിയമസഭയിലെത്തുന്നത്.
പിണറായി വിജയന്റെ വിശ്വസ്തൻ. ഇതുവരെ ആരോപണങ്ങള്‍ ഒന്നുംതന്നെ ഉയരാത്തതാണ് സിപിഎം കേന്ദ്ര കമ്മിറ്റിയംഗ കൂടിയായ എം.വി. ഗോവിന്ദനെ മന്ത്രിസ്ഥാനത്തെത്തിച്ചതിനു പിന്നിലെ പ്രധാന ഘടകം.
പരേതനായ കെ. കുഞ്ഞമ്പു എം.വി. മാധവി ദമ്പതികളുടെ മകനായി 1953 ഏപ്രില്‍ 23ന് ജനിച്ച എം.വി. ഗോവിന്ദന് ബാലസംഘത്തിലൂടെയാണ് സംഘടനാ പ്രവര്‍ത്തന രംഗത്തെത്തുന്നത്.
സിപിഎം ജില്ലാ കമ്മിറ്റി അംഗവും ആന്തൂര്‍ നഗരസഭാ മുന്‍ ചെയര്‍ പേഴ്സണുമായ പി.കെ. ശ്യാമളയാണു ഭാര്യ. ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശ്യാംജിത്ത്, അഭിഭാഷകനായ രംഗീത് എന്നിവരാണ് മക്കള്‍.
രാജ്യസഭയിലെ തിളക്കവുമായി പി. രാജീവ്
മൂന്നു പതിറ്റാണ്ടു കടന്ന രാഷ്ട്രീയപ്രവര്‍ത്തന പരിചയത്തില്‍ പരുവപ്പെട്ട കരുത്തുള്ള വ്യക്തിത്വം ഇനി സംസ്ഥാന മന്ത്രിസഭയില്‍. ഇടതു രാഷ്ട്രീയത്തിനപ്പുറത്തേക്കും നീളുന്ന ബന്ധങ്ങളുമുള്ള സിപിഎമ്മിലെ കരുത്തരിൽ പ്രമുഖൻ.
നിലവില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമാണ് ഈ അൻപത്തിരണ്ടുകാരൻ. ദീര്‍ഘകാലമായി കളമശേരിയിൽ താമസിക്കുന്ന രാജീവ് ജന്മംകൊണ്ടു തൃശൂര്‍ മേലഡൂര് സ്വദേശിയാണ്.
2009 മുതല്‍ 2015 വരെ രാജ്യസഭാംഗം. 2017ല്‍ മികച്ച പാര്‍ലമെന്റ് അംഗത്തിനുള്ള സന്‍സത് രത്ന പുരസ്കാരം ലഭിച്ചു. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 2015-18ല്‍ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്തു പരാജയപ്പെട്ടു. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ കളമശേരിയില്‍നിന്നു 15,336 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിയമസഭയിലേക്കു കന്നിപ്രവേശം.
റവന്യൂ ഇന്‍സ്പെക്ടറായിരുന്ന പി. വാസുദേവനും രാധയുമാണു മാതാപിതാക്കള്‍. കുസാറ്റ് സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ പ്രഫസറായ വാണികേശ്വരിയാണു ഭാര്യ. മക്കൾ: ഹൃദ്യ, ഹരിത.
ജീവിതത്തിലെ പോരാളി ഇനി കോട്ടയത്തിന്റെ മന്ത്രി
പരിമിതികളെ കഠിനാധ്വാനത്തിന്റെ കർമവഴികളിലൂടെ നേരിട്ടാണ് ഏറ്റുമാനൂരി ൽനിന്നു ജയിച്ചുകയറി വി.എൻ. വാസവൻ മന്ത്രിപദവിയിലെത്തിയിരിക്കുന്നത്.
മറ്റക്കര വെള്ളേപ്പള്ളിയിൽ നാരായണന്റെയും കാർത്ത്യായനിയുടെയും മകന് ചെറുപ്പം ഇല്ലായ്മകളോടുള്ള പോരാട്ടമായിരുന്നു.
ട്രേഡ് യൂണിയൻ രംഗത്തും സഹകരണ മേഖലയിലും പ്രാഗത്ഭ്യം തെളിയിച്ചതോടെ വി.എൻ. വാസവൻ എന്ന സംഘാടകൻ വളർന്നു. സിഐടിയു ജില്ലാ പ്രസിഡന്റ്, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം, ജില്ലാ സെക്രട്ടറി, പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എന്നി സ്ഥാനങ്ങളിലെത്തി.
രാഷ്ട്രീയത്തിലേതുപോലെ കർക്കശമാണ് വാസവന്റെ ശൈലി. ഏതു തിരക്കിനിടയിലും ആഴ്ചയിലൊരു പുസ്തകം മുടങ്ങാതെ വായിക്കുന്ന ശീലത്തിനു മാറ്റമില്ല.
കോട്ടയം പാന്പാടി ഹിമ ഭവനിൽ കുടുംബസമേതം താമസം. ഹൈസ്കൂൾ അധ്യാപികയായി വിരമിച്ച ഗീതയാണു ഭാര്യ.
മക്കൾ: ഡോ. ഹിമാ വാസവൻ, ഗ്രീഷ്മ വാസവൻ. മരുമകൻ: ഡോ. നന്ദകുമാർ. കൊച്ചുമകൻ: ഹയാൻ നന്ദകുമാർ.
കൊല്ലത്തിന്റെ കരുത്തൻ ബാലഗോപാൽ
ആർ.ബാലകൃഷ്ണപിള്ളക്കും ഈ.ചന്ദ്രശേഖരൻ നായർക്കും പിൻമുറക്കാരനായി കെ.എൻ.ബാലഗോപാൽ എത്തുന്നതിന്റെ സന്തോഷത്തിലാണ് കൊട്ടാരക്കര മണ്ഡലം.
രണ്ടാം പിണറായി മന്ത്രിസഭയിൽ കൊട്ടാരക്കരയെ പ്രതിനിധീകരിക്കുന്ന ബാലഗോപാൽ കൊല്ലം ജില്ലയിൽ നിന്നുള്ള സിപിഎമ്മിന്റെ ഏക മന്ത്രിയാണ്.
പത്തനംതിട്ട കലഞ്ഞൂരിലെ ഇടത്തരം കർഷക കുടുംബമായ ശ്രീനികേതനിൽ പരേതരായ പി.കെ. നാരായണപ്പണിക്കരുടെയും ഒ.വി. രാധാമണിയുടെയും മകനായി ജനിച്ച ഈ 57 കാരൻ വിദ്യാർഥി – യുവജന സംഘടനാ പ്രവർത്തനത്തിലൂടെ പൊതുപ്രവർത്തനമാരംഭിച്ചത്.
പുനലൂർ എസ്എൻ കോളേജിൽ നിന്ന് ബികോം ബിരുദവും തിരുവനന്തപുരം എംജി കോളജിൽ നിന്ന് എംകോമും നേടി.
തുടർന്ന് തിരുവനന്തപുരം ലോ അക്കാഡമിയിൽ നിന്ന് നിയമ ബിരുദവും പിന്നീട് നിയമത്തിൽ ബിരുദാനന്തര ബിരുദവും നേടി. പഠനശേഷം ദേശസാത്കൃത ബാങ്കിൽ ജോലി ലഭിച്ചു. 2010 മുതൽ 2015 വരെ രാജ്യസഭാംഗമായി.
കോളജ് അധ്യാപികയായ ആശാ പ്രഭാകറാണ് ഭാര്യ. കല്യാണിയും ശ്രീഹരിയും മക്കളും.
പ്രവർത്തനമികവിന്റെ അംഗീകാരവുമായി മുഹമ്മദ് റിയാസ്
2017 മുതൽ ഡിവൈഎഫ്ഐയുടെ ദേശീയ അധ്യക്ഷനായ മുഹമ്മദ് റിയാസ്(44) കന്നിവിജയത്തിൽത്തന്നെ മന്ത്രിപദവിയിലെത്തി. ബേപ്പൂർ നിയോജകമണ്ഡലത്തിൽനിന്ന് 28,747 വോട്ടിന്റെ ഭൂരിപക്ഷത്തിനു കോൺഗ്രസിലെ അഡ്വ.പി.എം. നിയാസിനെയാണ് റിയാസ് പരാജയപ്പെടുത്തിയത്.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ കോഴിക്കോട് സ്വദേശിയായ റിയാസ് 2009-ൽകോഴിക്കോട്ടുനിന്നു ലോക്സഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും കോൺഗ്രസിലെ എം.കെ.രാഘവനോടു പരാജയപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതോടെതന്നെ തന്റെ മണ്ഡലത്തിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കു ശ്രദ്ധേയമായ പദ്ധതികളാവിഷ്കരിച്ചു പ്രവർത്തിച്ചുവരികയായിരുന്നു മുഹമ്മദ് റിയാസ്. പൗരത്വനിയമ ഭേദഗതിക്കെതിരേ രാജ്യമൊട്ടുക്കും നടന്ന പ്രക്ഷോഭസമരത്തിനു നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്.
ഫാറൂഖ് കോളജ്, കോഴിക്കോട് ഗവ.ലോ കോളജ് എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സിപിഎമ്മിന്റെ സംസ്ഥാന സമിതി അംഗംകൂടിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയാണു ഭാര്യ.
തലസ്ഥാനത്തിന്റെ മുൻ മേയർ മന്ത്രിസ്ഥാനത്ത്
വിദ്യാർഥി പ്രസ്ഥാനത്തിലൂടെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേയ്ക്കു കടന്നുവന്ന നേതാവാണു വി.ശിവൻകുട്ടി. തിരുവനന്തപുരത്തിന്റെ മേയറായിരുന്നപ്പോഴാണു ശിവൻകുട്ടിയെന്ന ഭരണാധികാരിയുടെ ഭരണവൈഭവം ജനങ്ങളറിഞ്ഞത്. ചരിത്രപരമായ പോരാട്ടത്തിലൂടെയാണു നേമം മണ്ഡലത്തിൽ നിന്നു വിജയിച്ചു സംസ്ഥാനത്തിന്റെ മന്ത്രിപദത്തിലെത്തുന്നത്.
ഇതു മൂന്നാം തവണ ശിവൻകുട്ടി സംസ്ഥാന നിയമസഭയിലെത്തുന്നത്. 2006-ൽ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തിൽ നിന്നും 2011 ൽ നേമത്തു നിന്നും എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗംമാണ്. 1954 -ൽ എം. വാസുദേവൻ പിള്ളയുടെയും പി.കൃഷ്ണമ്മയുടെയും മകനായി ചെറുവക്കലിൽ ജനനം. ബിരുദധാരി. എൽഎൽബി പൂർത്തിയാക്കി.
എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു.
തിരുവനന്തപുരം വഞ്ചിയൂരിലെ സുഭാഷ് നഗറിൽ മുളക്കൽവീട്ടിലാണ് താമസം. പിഎസ്സി അംഗം ആർ. പാർവതിദേവി ഭാര്യ. മകൻ: ഗോവിന്ദ് ശിവൻ.
മാധ്യമരംഗത്തുനിന്ന് മന്ത്രിപദത്തിലേക്ക്
മാധ്യമരംഗത്തുനിന്ന് രാഷ്ട്രീയത്തിലിറങ്ങിയ വീണാ ജോർജിന് (45) രണ്ടാം അങ്കം വിജയിച്ചെത്തിയതിനു പിന്നാലെ മന്ത്രിസ്ഥാനവും. 2016ൽ നിയമസഭയിൽ ആറന്മുള മണ്ഡലത്തിൽ നിന്ന് സിപിഎം സ്ഥാനാർഥിയായി മത്സരിച്ചു.
മണ്ഡലം തിരികെപിടിക്കാൻ പൊതുസമ്മതയായ സ്ഥാനാർഥിയെ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അന്ന് ഓർത്തഡോക്സ് സഭ സെക്രട്ടറി കൂടിയായിരുന്ന ഡോ. ജോർജ് ജോസഫിന്റെ ഭാര്യയും മാധ്യമ പ്രവർത്തകയുമായ വീണാ ജോർജിനെ ആറന്മുളയിൽ സിപിഎം അവതരിപ്പിച്ചത്.
കന്നി അങ്കത്തിൽ സിറ്റിംഗ് എംഎൽഎ കെ. ശിവദാസൻ നായരെ പരാജയപ്പെടുത്തി. ഇത്തവണ ആറന്മുളയിൽ 19,003 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
കേരള സർവകലാശാലയിൽനിന്ന് എംഎസ്സി ഫിസിക്സിനും ബിഎഡിനും റാങ്ക് ജേതാവായിരുന്നു. 2016ൽ എംഎൽഎ ആയതിനു പിന്നാലെ സിപിഎം അംഗത്വം സ്വീകരിച്ച് നിലവിൽ പത്തനംതിട്ട ഏരിയാ കമ്മിറ്റി അംഗമാണ്.
പരേതനായ അഡ്വ.പി.ഇ. കുര്യാക്കോസിന്റെയും പത്തനംതിട്ട നഗരസഭ മുൻ കൗണ്‍സിലർ റോസമ്മ കുര്യാക്കോസിന്റെയും മകളാണ്. മക്കൾ: അന്നാ, ജോസഫ്.
കെ. രാധാകൃഷ്ണന് വീണ്ടുമെത്തുന്നു
സ്പീക്കറും മന്ത്രിയുമായിരുന്ന ‘ക്രോണിക് ബാച്ചിലര്‍’ കെ. രാധാകൃഷ്ണന് വീണ്ടും മന്ത്രിക്കസേരയിലേക്ക്. അഞ്ചാംതവണ ചേലക്കരയില്‍നിന്നു നാല്പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ചാണ് നിയമസഭയില്‍ എത്തുന്നത്.
സിപിഎം കേന്ദ്രകമ്മിറ്റിയംഗമായ ഇദ്ദേഹം അവിവാഹിതനാണ്. സൗമ്യമായ പെരുമാറ്റവും ഇടപഴകലുമാണ് രാധാകൃഷ്ണനെ ജനകീയനാക്കിയത്.
ചേലക്കര തോന്നുര്‍ക്കര വടക്കേവളപ്പില്‍ പരേതനായ കൊച്ചുണ്ണിയുടെയും ചിന്നയുടെയും മകനാണ്. 1996 ല്‍ ആദ്യമായി ചേലക്കരയില്‍ നിന്നും നിയമസഭയിലെത്തിയ രാധാകൃഷ്ണന് 2001, 2006, 2011 തെരഞ്ഞെടുപ്പുകളിലും വിജയിച്ചു.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.
1996 വരെ ഏറ്റവും പിന്നാക്കാവസഥയിലായിരുന്ന ചേലക്കര മണ്ഡലം രാധാകൃഷ്ണന് ജനപ്രതിനിധിയായതോടെയാണ് പുരോഗമിച്ചതെന്ന് ചേലക്കരക്കാര്‍ അവകാശപ്പെടും. മായന്നൂര്‍ പാലമുള്‍പ്പെടെയുള്ളവ അതിനായി അവര്‍ ചൂണ്ടിക്കാണിക്കും.
പുതുചരിത്രമെഴുതി ആര്. ബിന്ദു മന്ത്രിസഭയിലേക്ക്
സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യ പ്രഫ. ആര്. ബിന്ദു പുതുചരിത്രമെഴുതിയാണ് മന്ത്രിസഭാംഗമാകുന്നത്. തൃശൂര്‍ കോര്‍പറേഷനിലെ ആദ്യ വനിതാ മേയർ, ഇരിങ്ങാലക്കുടയിലെ ആദ്യ വനിതാ എംഎല്‍എ, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ആദ്യ വനിതാ മന്ത്രി എന്നീ ചരിത്ര വിശേഷണങ്ങള്‍ ഇനി ഈ ഇരിങ്ങാലക്കുടക്കാരിക്കു സ്വന്തം.
നിയമസഭയിലേക്കുള്ള കന്നിയങ്കത്തിലാണ് ബിന്ദുവിന്റെ ഈ നേട്ടം. ഇംഗ്ലീഷ് സാഹിത്യത്തില്‍ റാങ്കോടുകൂടി ബിരുദാനന്തരബിരുദം, എംഫിൽ, പിഎച്ച്ഡി ബിരുദങ്ങളും നേടിയിട്ടുണ്ട്.
സംസ്ഥാന ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ അംഗം, കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗം, സര്‍വശിക്ഷാ അഭിയാന് സംസ്ഥാന സമിതി അംഗം, സംസ്ഥാന പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡ് അംഗം എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. സര്‍വകലാശാല സെനറ്റംഗമായും പ്രവര്‍ത്തിച്ചു. മകന് വി. ഹരികൃഷ്ണന് മഞ്ചേരി ജില്ലാ കോടതിയില്‍ അഭിഭാഷകനാണ്.
ചെങ്ങന്നൂരിനു മന്ത്രി സജി ചെറിയാൻ
കിഴക്കിന്റെ വെനീസിൽനിന്ന് ഇക്കുറി രണ്ടു മന്ത്രിമാർ. അന്തരിച്ച തോമസ് ചാണ്ടിയുടേതടക്കം കഴിഞ്ഞടേമിൽ നാലുമന്ത്രിസ്ഥാനമുണ്ടായിരുന്ന ആലപ്പുഴയിലേക്ക് ഇക്കുറി രണ്ടുമന്ത്രി സ്ഥാനം.
ചെങ്ങന്നൂരിൽ നിന്നും ജില്ലയിലെ റിക്കാർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച സിപിഎമ്മിന്റെ സജി ചെറിയാനും മന്ത്രി പി. തിലോത്തമന്റെ പിൻഗാമിയായി ചേർത്തലയിൽ നിന്നും വിജയിച്ചു കയറിയ സിപിഐയിലെ പി. പ്രസാദുമാണ് ജില്ലയിൽ നിന്നുള്ള മന്ത്രിമാർ.
നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗമാണ് സജി ചെറിയാൻ. നേരത്തെ സിപിഎം ജില്ലാ സെക്രട്ടറിയുമായിരുന്നു. എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും സിഐടിയുവിലും വിവിധ പദവികളിൽ പ്രവർത്തിച്ചിട്ടുള്ള സജിചെറിയാൻ മുന്‍പ് ജില്ലാപഞ്ചായത്തംഗവുമായിരുന്നു. നിയമബിരുദധാരിയാണ്. ക്രിസ്റ്റീന എസ്. ചെറിയാനാണ് ഭാര്യ. ഡോ. നിത്യ, ഡോ. ദൃശ്യ, ശ്രവ്യ എന്നിവരാണ് മക്കൾ.
താനൂരിന്റെ സ്വന്തം അബ്ദുറഹ്മാൻ
താനൂരിൽ നിന്നു രണ്ടാംതവണയും വിജയിച്ചെത്തിയ വി.അബ്ദുറഹ്മാന് ലഭിച്ച മന്ത്രിപദം പോരാട്ട വിജയത്തിനുള്ള ബഹുമതി കൂടിയാണ്. കോണ്‍ഗ്രസിന്റെ കൗണ്‍സിലറായും വൈസ് ചെയർമാനായും തിരൂർ നഗരസഭയിൽ തിളങ്ങി നിന്നിരുന്ന അബ്ദുറഹ്മമാനെ ഇളക്കിയെടുത്തുഇടതുമുന്നണി നടത്തിയ രാഷ്ട്രീയനീക്കങ്ങളുടെ വിജയമാണ് ഇന്നു അദ്ദേഹത്തെ മന്ത്രിപദത്തിലെത്തിച്ചത്.
മുസ്ലിം ലീഗിന്റെ കുത്തക മണ്ഡലമായിരുന്ന താനൂരിൽ നിന്നാണ് രണ്ടാം തവണയും വിജയിച്ചെത്തിയത്. കെഎസ്യുവിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്. പിന്നീട് കോണ്‍ഗ്രസ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന അദ്ദേഹം കെപിസിസി സംസ്ഥാന സെക്രട്ടറി പദവി വരെ വഹിച്ചിരുന്നു.
2014 ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിലെ ഇടതുസ്വതന്ത്രസ്ഥാനാർഥിയാക്കിയാണ് സിപിഎം പരീക്ഷണം തുടങ്ങിത്. ആ തെരഞ്ഞെടുപ്പിൽ വിജയിക്കാനായില്ലെങ്കിലും യുഡിഎഫിനു കനത്ത വെല്ലുവിളി ഉയർത്താനായി.
തിരൂർ പൊരൂരിലെ വെള്ളെക്കാട്ട് വീട്ടിൽ മുഹമ്മദ് ഹംസയുടെയും കദീജയുടെയും മകനായി 1962ലാണ് അബ്ദുറഹ്മാന്റെ ജനനം.ഭാര്യ:ഷാജിത റഹ്മാൻ.മക്കൾ: അഹമ്മദ് അമൻ സഞ്ജീത്ത്, റിസ്വാന ഷെറിൻ, നിഹാല നവൽ.മരുമകൻ: മിഷാദ് അഷ്റഫ് (ചെന്നൈ).
അനിൽ മന്ത്രി, ആഹ്ലാദത്തിമിർപ്പിൽ
നെടുമങ്ങാട് ആദ്യമായി ഒരു മന്ത്രിയെ കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് മലയോര പട്ടണമായ നെടുമങ്ങാട്. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നൽകി നെടുമങ്ങാട് ജി.ആർ. അനിലിനെ നിയമസഭയിലേക്ക് അയച്ചപ്പോൾ ഇടതുമുന്നണി മന്ത്രിസ്ഥാനം നൽകി ആ നേട്ടത്തെ അംഗീകരിച്ചു.
സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സിൽ അംഗവുമായ അഡ്വ. ജി.ആർ. അനിൽ ജില്ലയിലെ വിവിധ ട്രേഡ് യൂണിയൻ സംഘടനകളുടെ നേതാവുകൂടിയാണ്.
എഐഎസ്എഫിലൂടെ പൊതുരംഗത്തേക്ക് എത്തിയ അനിൽ കഴിഞ്ഞ ആറു വർഷമായി പാർട്ടിയുടെ ജില്ലാ സെക്രട്ടറിയാണ്.
എഐടിയുസി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗവും വിവിധ യൂണിയനുകളുടെ ജില്ലാ, സംസ്ഥാന ഭാരവാഹിയുമാണ്.
മുൻ എംഎൽഎ ഡോ. ആർ. ലതാദേവി (വർക്കല എസ്എൻ കോളജ് ചരിത്രവിഭാഗം മുൻ മേധാവി) യാണു ഭാര്യ. മകൾ: അഡ്വ. എ.എൽ. ദേവിക, മരുമകൻ: മേജർ എസ്.പി. വിഷ്ണു. ചെറുമകൾ : അനുഗ്രഹ.
സ്ത്രീകൾക്ക് പ്രതീക്ഷയായി ചിഞ്ചുറാണി
ജെ.ചിഞ്ചുറാണി (58) മന്ത്രിയാകുമ്പോൾ സ്ത്രീകൾക്ക് പ്രതീക്ഷകളേറെയാണ്. ഏത് പ്രശ്നത്തെയും സ്പോർട്സ്മാൻ സ്പിരിറ്റോടെ നേരിടാനും പ്രശ്ന പരിഹാരത്തിനും ഈ മുൻ കായിക താരവും എൻസിസി കേഡറ്റുമായിരുന്ന ജെ.ചിഞ്ചുറാണിയുടെ പ്രത്യേകതയാണ്.
ഏഴാം വയസിൽ സി പി ഐ യുടെ ബാലസംഘത്തിലുടെ പൊതു പ്രവർത്തനത്തിന് തുടക്കമിട്ട് എ ഐ എസ് എഫ്, എ ഐ വൈ എഫ് എന്നിവയിലൂടെ സി പി ഐ യുടെ സജീവനേതൃത്വത്തിലേയ്ക്കുയർന്നു. സ്കൂൾ-കോളജ് പഠനകാലത്ത് മികച്ച കായിക താരവും എൻസിസി കേഡറ്റുമായിരുന്നു.
1970 ൽ ബാലവേദിയിലുടെയാണ് പൊതുജീവിതം ആരംഭിക്കുന്നത്. ഭർത്താവ് ഡി. സുകേശൻ സിപിഐ അഞ്ചാലുംമൂട് മണ്ഡലം കമ്മിറ്റി സെക്രട്ടറിയും ലൈബ്രറി കൗൺസിൽ കൊല്ലം ജില്ലാ സെക്രട്ടറിയുമായി പ്രവർത്തിക്കുന്നു.
മകൻ നന്ദു സുകേശൻ ഇന്റീരിയൽ ഡിസൈനറും മകൾ നന്ദന റാണി പ്ലസ്ടു വിദ്യാർഥിനിയുമാണ്. കൊല്ലം പെരിനാട് നീരാവിൽ നന്ദനത്തിലാണ് താമസം. നിയമസഭാംഗമായ തോടെ ചടയമംഗലം മണ്ഡലത്തിലെ കടയ്ക്കലിലേയ്ക്ക് താമസം മാറ്റി.
കന്നിവിജയത്തിൽ പ്രസാദിനു മന്ത്രിസ്ഥാനം
എഐഎസ്എഫിലൂടെ പൊതുപ്രവർത്തനരംഗത്തെത്തിയ പി. പ്രസാദ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമാണ്. ആദ്യമായാണ് നിയമസഭാംഗമാകുന്നത്. ഹൗസിംഗ് ബോർഡ് ചെയർമാനായിരുന്നു. വി.എസ്. സർക്കാരിലെ മന്ത്രിയായിരുന്ന ബിനോയ് വിശ്വത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
നൂറനാട് മറ്റപ്പള്ളി സ്വദേശിയാണ്. സിപിഐയുടെ സംസ്ഥാന പരിസ്ഥിതി സബ്കമ്മിറ്റി കണ്‍വീനറുമായി പ്രവർത്തിക്കുന്ന ഇദ്ദേഹം പി. തിലോത്തമന്റെ പിൻഗാമിയായി ചേർത്തലയിൽ മത്സരിക്കുകയും വിജയിക്കുകയും മന്ത്രിയാകുകയുമാണ്. സിപിഐ പത്തനംതിട്ട ജില്ലാസെക്രട്ടറിയായും പ്രവർത്തിച്ചു.
ചേർത്തലയിൽ കടുത്ത പോരാട്ടത്തിനൊടുവിൽ യുവ കോൺഗ്രസ് സ്ഥാനാർഥി എസ്. ശരത്തിനെ 6148 വോട്ടുകൾക്കാണു പ്രസാദ് പരാജയപ്പെടുത്തിയത്. 2016ൽ പ്രസാദ് ഹരിപ്പാട് മണ്ഡലത്തിൽ രമേശ് ചെന്നിത്തലയ്ക്കെതിരെ മത്സരിച്ചു പരാജയപ്പെട്ടിരുന്നു.
ലൈനയാണ് ഭാര്യ. ഭഗത്, അരുണ അൽമിത്ര എന്നിവർ മക്കളും.
കെ. രാജന് ചീഫ് വിപ്പില്‍നിന്ന് മന്ത്രിക്കസേരയിലേക്ക്
ഒല്ലൂര്‍ മണ്ഡലത്തില്‍നിന്നു തുടര്‍ച്ചയായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെടുക എന്ന ചരിത്രം സ്വന്തമാക്കിയ കെ. രാജന് മറ്റൊരു ചരിത്രം ഒല്ലൂരിന് തിരിച്ചുനല്‍കുകയാണ്. മന്ത്രിയായാണ് രാജന് ഇനി ഒല്ലൂരിലെത്തുക. ചീഫ് വിപ്പ് കസേരയില്‍ നിന്നാണ് മന്ത്രിക്കസേരയിലേക്കെത്തുന്നത്. ചിട്ടയായുള്ള പ്രവര്‍ത്തനമാണ് ഈ നാല്‍പത്തേഴുകാരന്റെ രീതി.
21,506 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു രാജന് ഇത്തവണ വിജയിച്ചത്.
എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായിരുന്നു. അന്തിക്കാട് പുളിക്കല്‍ കൃഷ്ണന്‍കുട്ടി മേനോന്റെയും രമണിയുടെയും മകനായി 1973 മേയ് 26 നാണ് ജനനം. അന്തിക്കാട് ഗവ.ഹൈസ്കൂളില്‍ പ്രാഥമിക വിദ്യഭ്യാസവും ശ്രീകേരള വര്‍മയില്‍നിന്ന് പ്രീഡിഗ്രിയും ഡിഗ്രിയും തിരുവനന്തപുരം ലോ അക്കാദമിയില്‍നിന്ന് നിയമബിരുദവും നേടി.
എഐഎസ്എഫിന്റെ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ദേശീയ സെക്രട്ടറി എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചു. വിദ്യാർഥി നേതാവായിരിക്കെ എണ്ണമറ്റ സമരങ്ങള്‍ക്കു നേതൃത്വം നല്കി. സിപിഐ ദേശീയ കൗണ്‍സില്‍ അംഗംകൂടിയാണ്. കൊച്ചിന് ദേവസം ബോര്‍ഡ് ജീവനക്കാരി അനുപമയാണു ഭാര്യ.
ഹാട്രിക് വിജയത്തിലൂടെ ശശീന്ദ്രനു വീണ്ടും മന്ത്രിപദവി
ഹാട്രിക് വിജയവുമായി എലത്തൂര്‍ നിലനിര്‍ത്തിയ എ.കെ. ശശീന്ദ്രന്(74) മന്ത്രിസ്ഥാനത്തേക്കു രണ്ടാംമൂഴം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഗതാഗതമന്ത്രിയായ ശശീന്ദ്രന് എന്‍സിപിയുടെ കേന്ദ്ര പ്രവർത്തകസമിതി അംഗമാണ്. 38,502 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശശീന്ദ്രന് എന്‍സികെ സ്ഥാനാര്‍ഥി സുള്‍ഫിക്കര്‍ മയൂരിയെ പരാജയപ്പെടുത്തിയത്.
ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷവുമായാണ് ശശീന്ദ്രന്റെ വിജയം. വെല്ലുവിളികളെ അതിജീവിച്ചുകൊണ്ടായിരുന്നു എലത്തൂരില്‍ എ.കെ.ശശീന്ദ്രന് ഇത്തവണ മത്സരരംഗത്തിറങ്ങിയത്. സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ ശക്തമായ എതിര്‍പ്പ് ശശീന്ദ്രന് നേരിടേണ്ടി വന്നു.
ജയിച്ചു വന്നെങ്കിലും മന്ത്രിസ്ഥാനത്തെ ചൊല്ലിയും എന്‍സിപിയില്‍ തര്‍ക്കമുണ്ടായിരുന്നു.
കെ. കൃഷ്ണൻകുട്ടിക്ക് ഇതു രണ്ടാമൂഴം
ഒന്നാം പിണറായി സർക്കാരിന്റെ അവസാന രണ്ടര വർഷക്കാലം ജലവിഭവ മന്ത്രിയെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചാണ് മന്ത്രിസഭയിൽ ഇദ്ദേഹം ഇടംപിടിയ്ക്കുന്നത്. മികച്ച കർഷകനും സഹകാരിയുമാണ്. എഴുപത്തിയാറുകാരനായ കൃഷ്ണൻകുട്ടി ജനതാദൾ -എസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിൽ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ചിറ്റൂരിന്റെ കർഷക മണ്ണിൽനിന്നാണു കൃഷ്ണൻകുട്ടി അഞ്ചാം വിജയവുമായി മന്ത്രിസഭയിലെത്തുന്നത്. ഒന്‍പതു തവണയാണ് അദ്ദേഹം മത്സരിച്ചത്. കോണ്‍ഗ്രസിലൂടെയാണു പൊതുപ്രവർത്തനം ആരംഭിച്ചത്.
ജനതാദൾ പിളർന്നപ്പോൾ എം.പി വീരേന്ദ്രകുമാറിനൊപ്പം സോഷ്യലിസ്റ്റ് ജനതയുടെ രൂപീകരണത്തിൽ നേതൃപരമായ പങ്കു വഹിച്ചു. വീരേന്ദ്രകുമാറിനൊപ്പംതന്നെ യുഡിഎഫിലെത്തി. സോഷ്യലിസ്റ്റ് ജനത സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റായിരിക്കെ രാജിവച്ചു. പിന്നെ ജെഡിഎസിനൊപ്പം ഇടതുപക്ഷത്ത് ഉറച്ചുനിന്നു.
ഭാര്യ വിലാസിനി. മക്കൾ: ലത, നാരായണൻകുട്ടി, അജയൻ, കെ. ബിജു ഐഎഎസ്.