തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലെ പുതിയ അംഗങ്ങളായി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി. ഗണേഷ്കുമാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകുന്നേരം നാലിന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
കടന്നപ്പള്ളി രാമചന്ദ്രൻ സഗൗരവം പ്രതിജ്ഞ ചെയ്തപ്പോൾ ഗണേഷ് കുമാർ ദൈവനാമത്തിലാണ് അധികാരമേറ്റത്. സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചു.
ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു പങ്കെടുത്തില്ല. പുതിയ മന്ത്രിമാർ സ്ഥാനം ഏൽക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിന്റെ വേദിയിൽ ചീഫ് സെക്രട്ടറി പങ്കെടുക്കേണ്ടതാണ്. എന്നാൽ അദ്ദേഹത്തിനു പകരം അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് ചടങ്ങിൽ പങ്കെടുത്തത്.
ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള പരസ്യ ഏറ്റുമുട്ടലിനിടെ ഇരുവരും വേദി പങ്കിട്ട കാഴ്ചയ്ക്കും സത്യപ്രതിജ്ഞാചടങ്ങ് സാക്ഷിയായി. ഇരുവരും തൊട്ടടുത്ത ഇരിപ്പിടങ്ങളിലായിരുന്നെങ്കിലും തമ്മിൽ ഒരുതരത്തിലുള്ള ആശയവിനിമയവും നടത്തിയില്ല. ചടങ്ങ് പൂർത്തിയായ ഉടൻ ഗവർണർ വേദി വിട്ടു.