തിരുവനന്തപുരം: നിയമസഭയിൽ ബ്രഹ്മപുരം സംഭവത്തിൽ പ്രതിഷേധിച്ച പ്രതിപക്ഷത്തിനെതിരേ വിവാദ പരാമർശവുമായി സ്പീക്കർ.
എല്ലാവരും നേരിയ മാർജിനിൽ ജയിച്ചവരാണെന്നും അത് മറക്കണ്ടെന്നും അടുത്തതവണ തോൽക്കുമെന്നും ഷാഫി പറമ്പിലിനോടു സ്പീക്കർ പറഞ്ഞു. സ്പീക്കറുടെ പരാമർശം സഭയിൽ രൂക്ഷമായ ബഹളത്തിനിടയാക്കി.
കൊച്ചി കോർപറേഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ വനിതാ കൗൺസിലർമാരെ പോലീസ് ക്രൂരമായി മർദ്ദിച്ചതും യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കാതിരുന്നതും സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് റോജി എം. ജോൺ എംഎൽഎ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.
എന്നാൽ അനുമതി നൽകില്ലെന്നും ആദ്യ സബ്മിഷൻ ആയി പരിഗണിക്കാമെന്നും സ്പീക്കർ മറുപടി നൽകി. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.
മുതിർന്ന നേതാക്കളെ വരെ ക്രൂരമായി മർദിച്ചത് ഗൗരവമുള്ള വിഷയമാണെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി നൽകണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഭയിൽ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടി വരുമെന്നതിനാലാണ് അടിയന്തര പ്രമേയം അനുവദിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. തുടർന്ന് സഭയിൽ ഇരുപക്ഷവും തമ്മിൽ ബഹളമായി.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമുള്ള പ്രശ്നങ്ങളും നിയമസഭയിൽ ചർച്ച ചെയ്യാൻ പറ്റില്ലെന്നും നാരോ മാർജിൻ ഉള്ളിടത്ത് പ്രശ്നം ഉണ്ടാവുമെന്നും സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.
അടുത്ത തവണ തോൽക്കുമെന്ന് ഷാഫി പറമ്പിലിനോടു സ്പീക്കർ പറഞ്ഞതോടെ പ്രതിഷേധം ശക്തമായി. ഇതോടെ ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്നായി സ്പീക്കർ.
ബാനറുമായി പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയതോടെ ഭരണ പക്ഷവും സീറ്റിൽനിന്ന് എഴുന്നേറ്റു. ഇതേ തുടർന്ന് പ്രതിപക്ഷം ബഹളം വച്ചു. സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളികളോടെ പ്രതിഷേധം ആരംഭിച്ചു.
സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനർ കെട്ടി, പ്രതിപക്ഷ പ്രതിഷേധം സഭാ ടിവി മാധ്യമങ്ങൾ നൽകിയില്ല. ബ്രഹ്മപുരം വിഷയത്തിൽ മന്ത്രി പി. രാജീവ് മറുപടി നൽകിയെങ്കിലും പ്രതിപക്ഷം ശാന്തരായില്ല. പിന്നാലെ പ്രതിപക്ഷത്തിന് സ്പീക്കർ നടപടി മുന്നറിയിപ്പ് നൽകി.