കൊച്ചി: കേരള ഒളിന്പിക് അസോസിയേഷന്റെ പുതിയ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയായി. കേരള ഹോക്കിയുടെ വി. സുനിൽകുമാർ സംഘടനയുടെ പുതിയ പ്രസിഡന്റായും അക്വാട്ടിക് അസോസിയേഷന്റെ എസ്. രാജീവ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
സ്പോർട്സ് കൗണ്‍സിൽ ഭരണസമിതി അംഗം എം.ആർ. രഞ്ജിത്താണ് ട്രഷറർ. രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് മുന്‍പ് മാറ്റിവച്ച തെരഞ്ഞെടുപ്പാണ് ഇന്നലെ റിട്ട. ജഡ്ജി സുന്ദരം ഗോവിന്ദിന്റെ മേൽനോട്ടത്തിൽ കൊച്ചിയിൽ നടന്നത്.
ഒളിന്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ സർക്കാർ, രാഷ്ട്രീയ തലത്തിൽ ഇടപെടലുകൾ ഉണ്ടാകുന്നത് ഒളിന്പിക് ചാർട്ടറിന് എതിരാണ്.
സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് അസോസിയേഷൻ ഭരണം പിടിച്ചെടുക്കാനുള്ള ഒരു വിഭാഗത്തിന്റെ നീക്കത്തെത്തുടർന്ന് കഴിഞ്ഞ നവംബർ 20ന് നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ (ഐഒഎ) റദ്ദാക്കിയിരുന്നു.