സംസ്ഥാനത്ത് സമൂഹ വ്യാപന ആശങ്കയുയരുന്നു. ഒരാഴ്ചയ്ക്കിടെ കോവിഡ് സ്ഥിരീകരിച്ച 10 പേര്‍ക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. ആകെ 25ലേറെപ്പേര്‍ക്ക് രോഗം പകര്‍ന്നത് എവിടെ നിന്നെന്നും കണ്ടെത്തിയിട്ടില്ല.
10 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചതോടെ സുരക്ഷാ ഉപകരണങ്ങളുടെ ഗുണമേന്മയെക്കുറിച്ചും സംശയമുയരുന്നു.
കോവിഡ് ബാധ എവിടെ നിന്നെന്ന് വ്യക്തമാകാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് രോഗവ്യാപനം മൂന്നാം ഘട്ടത്തിലേയ്ക്ക് കടന്നതിന്റെ സൂചനയായാണ് ആരോഗ്യ വിദഗ്ധര്‍ കണക്കാക്കുന്നത്.
കോട്ടയത്ത് രോഗം സ്ഥിരീകരിച്ചവരില്‍, തിരുവനന്തപുരത്തു നിന്നെത്തിയ ആര്‍സിസിയിലേയും എസ്.കെ. ആശുപത്രിയിലേയും നഴ്സുമാര്‍, വൈക്കത്തെ വ്യാപാരി, പനച്ചിക്കാട്ടെ ബിരുദ വിദ്യാര്‍ഥിനി, കോട്ടയം ചന്തയിലെ ചുമട്ടുതൊഴിലാളി, ഇടുക്കി വണ്ടന്‍ മേട്ടിലെയും പാലക്കാട് വിളയൂരിലേയും വിദ്യാര്‍ഥികള്‍, കോഴിക്കോട്ടെ അഗതി, കൊല്ലത്തെ ആരോഗ്യ പ്രവര്‍ത്തക എന്നിവര്‍ക്ക് വൈറസ് ബാധിച്ചതെങ്ങനെയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.
മരിച്ച രോഗികളില്‍ മലപ്പുറം സ്വദേശികളുടെ നാലു മാസം പ്രായമുണ്ടായിരുന്ന കുട്ടി, പോത്തന്‍കോട്ടെ പൊലീസുകാരന്, കണ്ണൂരില്‍ ചികിത്സ തേടിയ മാഹി സ്വദേശി എന്നിവരുള്‍പെടെ 25ലേറെ പേര്‍ക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല.
തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക ഗ്രൂപ്പുകളില്‍ കുറച്ചാളുകളില്‍ മാത്രം നടത്തിയ റാന്‍ഡം പരിശോധനയില്‍ കൊല്ലത്തും കോട്ടയത്തും ഓരോരുത്തര്‍ക്ക് കോവിഡ് നിര്‍ണയിച്ചതും അതീവ ആശങ്ക ഉളവാക്കുന്ന കാര്യമാണ്.
ഏലപ്പാറയിലെ രോഗിയില്‍ നിന്ന് വനിതാ ഡോക്ടര്‍ക്ക് കോവിഡ് ബാധിച്ചത് നൂറുകണക്കിനു രോഗികളെത്തുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നാണ്. ഇവരുള്‍പ്പെടെ ഏഴു ആരോഗ്യ പ്രവര്‍ത്തകര്‍ ചികിത്സയിലുണ്ട്.
മുമ്പ് എറണാകുളത്ത് രണ്ടു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോട്ടയത്തെ നഴ്സിനും രോഗം ബാധിച്ചിരുന്നു.
കേരള മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് വഴി ലഭ്യമാക്കിയ പിപിഇ കിറ്റുകള്‍ക്കും മാസ്കുകള്‍ക്കും ഗുണ നിലവാരമില്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന തന്നെ ആരോപണമുയര്‍ത്തിയിട്ടുണ്ട്.
നിരീക്ഷണത്തില്‍ കഴിയുന്നവരുമായി അടുത്തിടപഴകുന്ന ആശാ വര്‍ക്കര്‍മാരുടെയും രോഗബാധ സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തതയിലേയ്ക്കും വിരല്‍ ചൂണ്ടുന്നു.
ആരോഗ്യ പ്രവര്‍ത്തകരിലുള്‍പ്പെടെ കോവിഡ് പരിശോധന വ്യാപകമാക്കുകയും വ്യക്തികള്‍ സ്വയം സുരക്ഷ ഉറപ്പാക്കുകയും മാത്രമാണ് കേരളത്തിനു മുന്‍പിലുള്ള അതിജീവന വഴി.