തൊടുപുഴ: മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി ഇന്നലെ തൊടുപുഴയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ ജില്ലയിലെ മുതിർന്ന കോണ്ഗ്രസ് നേതാവും കെപിസിസി അംഗവുമായ സി.പി.മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ക്ഷണിക്കപ്പെടാതെ പരിപാടിക്കെത്തിയെന്ന കാരണത്താലാണ് ഇദ്ദേഹത്തെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തത്.എന്നാൽ ജില്ലയിലെ തോട്ടം മേഖലയിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് എത്തിയതെന്നും അവിടെയുണ്ടായിരുന്ന നേതാക്കളോട് അനുമതി ചോദിച്ച ശേഷമാണ് അകത്ത് പ്രവേശിച്ചതെന്നും സി.പി മാത്യു പ്രതികരിച്ചു.തൊടുപുഴ മാടപ്പറന്പിൽ റിസോർട്ടിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങ് നടക്കുന്നതിനിടെ ഇവിടെയെത്തിയ സി.പി മാത്യു ഹാളിൽ കടന്നിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ തൊടുപുഴ സിഐ സുധീർ മനോഹർ ഇദ്ദേഹത്തെ പുറത്തേക്ക് വിളിപ്പിച്ചു. ഇതിനിടയിൽ സി.പി മാത്യു മാധ്യമപ്രവർത്തകരുമായി സംസാരിച്ചു. താൻ വരാനിടയായ സാഹചര്യം വിശദീകരിക്കുന്നതിനിടെ പൊലീസ് ഇദ്ദേഹത്തെ ബലം പ്രയോഗിച്ച് വലിച്ചിഴച്ച് പൊലീസ് വാഹനത്തിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു.
മുട്ടം സ്റ്റേഷനിലെത്തിച്ച അദ്ദേഹത്തെ മുഖ്യമന്ത്രി പരിപാടി അവസാനിപ്പിച്ച് ജില്ലയിൽ നിന്നു മടങ്ങിയ ശേഷമാണ് വിട്ടയച്ചത്.ഇദ്ദേഹത്തിനെതിരെ പോലീസ് കേസും എടുത്തിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ഇടുക്കി പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പൊലീസ് നടപടിയെ ഇദ്ദേഹം മാത്യു രൂക്ഷമായി വിമർശിച്ചു.
മുഖ്യമന്ത്രിയുടെ ചടങ്ങ് നടന്ന ഹാളിന് മുന്നിൽ നിന്ന ഉദ്യോഗസ്ഥരോട് അനുവാദം വാങ്ങിയാണ് താൻ അകത്ത് കടന്നതെന്നും ഈ സമയം ആരും എതിർത്തില്ലന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയിലെ ജനങ്ങൾക്ക് വേണ്ടി സംസാരിക്കാനാണ് താൻ എത്തിയത്.
വരുന്ന തെരഞ്ഞെടുപ്പിൽ പാർട്ടി തനിക്ക് നിയമസഭയിലേക്ക് മത്സരിക്കാൻ അനുമതി നൽകുമെന്നാണ് വിശ്വസിക്കുന്നത്.പാർട്ടിക്കുവേണ്ടി പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന തനിക്ക് ഇതുവരെയും അർഹമായ പരിഗണന കിട്ടിയിട്ടില്ല. സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകൾ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫിന് തിരിച്ചടിയായെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.