പത്തനംതിട്ട: കേരളാ പോലീസിനോട് ഹൃദയം നിറഞ്ഞ കടപ്പാടിലാണ് എഴുപത്തൊന്നുകാരിയായ ഗ്രേസി ജോര്‍ജ്. പോലീസിനോടു സ്നേഹവും കടപ്പാടുമാണ് 71 വയസുകാരി ഗ്രേസി ജോര്‍ജിനുള്ളത്. പ്രത്യേകിച്ച് പോലീസ് ഏര്‍പ്പെടുത്തിയ ‘ബെല്‍ ഓഫ് ഫെയ്ത്ത് ‘എന്ന സംവിധാനത്തോട്.
ഗ്രേസി ജോര്‍ജ് നാല് പെണ്മക്കളുടെ അമ്മയാണ്. മക്കളുടെ വിവാഹശേഷം പന്തളം തോന്നല്ലൂരിലെ വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു.
സംസ്ഥാന പോലീസ്, ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളുടെ സുരക്ഷാ ആവശ്യങ്ങള്‍ക്കായി ബെല്‍ ഓഫ് ഫെയ്ത്ത് എന്ന സംവിധാനം നടപ്പാക്കിയപ്പോള്‍, ഗ്രേസിയുടെ വീട്ടിലും ഇത് സൗജന്യമായി സ്ഥാപിച്ചു.
കഴിഞ്ഞ ശനിയാഴ്ച രാത്രി 11 ന് കുളിമുറിയില്‍ തെന്നിവീണ് ഇവരുടെ തലയ്ക്കു ഗുരുതരമായ പരിക്കേറ്റു. പരസഹായത്തിനാരുമില്ലാത്ത സാഹചര്യത്തില്‍, മനസാന്നിധ്യം കൈവിടാതെ വായോധിക പോലീസിന്റെ ബെല്‍ ഓഫ് ഫെയ്ത്ത് സംവിധാനം പ്രയോജനപ്പെടുത്തുകയായിരുന്നു.
വീട്ടില്‍ കരുതിയിരുന്ന റിമോട്ട് അമര്‍ത്തിയപ്പോള്‍ വീടിന്റെ പുറത്ത് ഘടിപ്പിച്ചിട്ടുള്ള അലാറം മുഴങ്ങുകയും ആ സമയം അതുവഴി കടന്നുപോയ പന്തളം പോലീസ് നൈറ്റ് പട്രോള്‍ സംഘം ശബ്ദം തിരിച്ചറിഞ്ഞ് സഹായത്തിനെത്തുകയുമായിരുന്നു.
സംഘത്തിലുണ്ടായിരുന്ന എസ്ഐ സന്തോഷ്കുമാര്‍, സിപിഒ അനൂപ് എന്നിവര്‍ വീട്ടിലെത്തി സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ഉടനടി നടപടി കൈക്കൊണ്ടു. തുടര്‍ന്ന് പന്തളം സിഎം ആശുപത്രിയില്‍ ഗ്രേസിയെ പ്രവേശിപ്പിക്കുകയും അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു.
അങ്ങനെ, വയോധികയുടെ ജീവന് രക്ഷിക്കാന്‍ സാധിച്ചു. ചികിത്സയ്ക്ക് ശേഷം ഗ്രേസി ഇപ്പോള്‍ മാവേലിക്കരയിലെ മകളുടെ വീട്ടില്‍ സുഖം പ്രാപിച്ചുവരുന്നു.