സ്വന്തംലേഖകന്‍
കോഴിക്കോട് : ക്വാട്ട തികയ്ക്കാന്‍ പോലീസിന് ഇനി നെട്ടോട്ടമോടേണ്ട ! സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ കോവിഡിന്റെ പേരിലുള്ള വാഹനപരിശോധനയും പോലീസ് നിര്‍ത്തിവച്ചു.
ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കി മാറ്റിയ സാഹചര്യത്തിലാണ് കോവിഡ് മാനദണ്ഡ ലംഘനം കണ്ടെത്താനുള്ള വാഹനപരിശോധന സംസ്ഥാന വ്യാപകമായി പോലീസ് നിര്‍ത്തിയത്.
മിക്ക ജില്ലകളിലും ജില്ലാ പോലീസ് മേധാവിമാര്‍ ഇത് സംബന്ധിച്ചുള്ള നിര്‍ദേശം പുറപ്പെടുവിച്ചു. അതേസമയം ഗതാഗതനിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധന തുടരും.
പെറ്റിക്കേസിന്റെ പേരില്‍ ജനങ്ങളെ വേട്ടയാടരുതെന്നും പോലീസിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. കോഴിക്കോട് സിറ്റിയിലുള്‍പ്പെടെ പെറ്റിക്കേസിന്റെ എണ്ണം കൂട്ടാന്‍ ശ്രമിക്കേണ്ടന്നാണ് പോലീസിന് ലഭിച്ച നിര്‍ദേശം.
പ്രതിധിന അവലോകനത്തില്‍ (സാട്ട) സാധാരണ പെറ്റിക്കേസുകള്‍ കുറഞ്ഞാല്‍ പോലീസുകാരെ ശകാരിക്കുന്ന പതിവായിരുന്നു മേലുദ്യോഗസ്ഥര്‍ സ്വീകരിച്ചത്.
എന്നാല്‍ കഴിഞ്ഞ ദിവസത്തെ സാട്ടയില് പെറ്റിക്കേസിന് പിറകെ പോകേണ്ടന്ന കര്‍ശന നിര്‍ദേശമാണ് പോലീസുകാര്‍ക്ക് ലഭിച്ചത്. പോലീസ് ചരിത്രത്തില്‍ തന്നെ അപൂര്‍വമായാണ് പെറ്റിക്കേസ് നിര്‍ബന്ധമല്ലെന്ന രീതിയില്‍ മേലുദ്യോഗസ്ഥര്‍ നിര്‍ദേശം പുറപ്പെടുവിച്ചതെന്നാണ് പോലീസുകാര്‍ പറയുന്നത്.
ക്രമസമാധാനം തകര്‍ക്കാന്‍ തീവ്രസംഘടനകള്‍
പോലീസും പൊതുജനങ്ങളും തമ്മിലുള്ള സൗഹാര്‍ദ്ധ അന്തരീക്ഷം തകര്‍ക്കാന്‍ ചില തീവ്രനിലപാടുകള്‍ സ്വീകരിക്കുന്ന സംഘടനകള്‍ രംഗത്തെത്തുന്നതായി രഹസ്യാന്വേഷണ വിഭാഗം. കോഴിക്കോടുള്‍പ്പെടെയുള്ള മിക്ക ജില്ലകളിലും ഇത്തരത്തിലുള്ള നീക്കം നടക്കുന്നതായാണ് സൂചന.
ഇത് ക്രമസമാധാനം തകരുന്നതിനിടയാകുമെന്നും രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തരവകുപ്പിന് മുന്നറിയിപ്പ് നല്കി. കോവിഡന്റെ പേരില്‍ പോലീസ് സ്വീകരിക്കുന്ന കര്‍ശന നടപടികളില്‍ പൊതുജനങ്ങള്‍ക്ക് പ്രതിഷേധമുണ്ട്. ചില ഘട്ടങ്ങളില്‍ പോലീസുമായി നേരിട്ടുള്ള തര്‍ക്കത്തിന് വരെ ഇത് കാരണമാവുന്നുണ്ട്.
ഈ സാഹചര്യം മുതലെടുത്താണ് ചില സംഘടനകളും തീവ്ര ആശയങ്ങളുള്ളവരും രംഗത്തെത്തുന്നത്.വാഹനപരിശോധന നടത്തുന്നിടത്തും കോവിഡ് മാനദണ്ഡം പാലിക്കുന്നതുസംബന്ധിച്ചുള്ള പരിശോധന നടത്തുന്ന സ്ഥലങ്ങളിലുമെല്ലാം ഇത്തരത്തിലുള്ളവരുടെ സാന്നിധ്യമുണ്ടാവും.
പിഴ ഈടാക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാവുന്ന അമര്‍ഷം ഇവര്‍ ആളിക്കത്തിക്കുകയും കൂടുതല്‍ ആളുകളെ പോലീസിനെതിരേ തിരിച്ചുവിടാന്‍ വഴിയൊരുക്കുകയുമാണ് ഇവരുടെ ലക്ഷ്യം
. മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന പോലീസുകാരുടെ പരിശോധന ദൃശ്യങ്ങള്‍ പരമാവധി സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവയ്ക്കുകയും പോലീസ് വിരുദ്ധ മനോഭാവം പൊതുജനങ്ങളില്‍ സൃഷ്ടിച്ചെടുക്കാനും ഇവര്‍ ലക്ഷ്യമിടുന്നുണ്ട്.
ഈ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് പുറത്തിറങ്ങുന്ന ജനങ്ങളെ പിന്തുടര്ന്ന് പരിശോധന നടത്തേണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് .
പിടിച്ചുപറിക്കാരെനിരീക്ഷിക്കാന് പട്രോളിംഗ്
ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മോഷ്ടക്കാളെ നിരീക്ഷിക്കുന്നതിനായി തിരക്കേറിയ സ്ഥലങ്ങളില്‍ പട്രോളിംഗ് ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ കൂടുതലായും നിരത്തിലിറങ്ങുമ്പോള്‍ മോഷ്ടാക്കളുടെ സാന്നിധ്യവും ഉണ്ടാവാന്‍ സാധ്യതയുണ്ട്.
പിടിച്ചുപറി സംഘങ്ങള്‍ വരെ തിരക്കേറിയ മാര്‍ക്കറ്റുകളില്‍ സജീവമാകും. ഇത് മുന്‍കൂട്ടികണ്ടുകൊണ്ടുള്ള പട്രോളിംഗും മറ്റു ക്രമീകരണങ്ങളും നടത്തണമെന്നാണ് പോലീസിന് ലഭിച്ച നിര്‍ദേശം.
വ്യാപാരികള്‍ക്ക് മുന്നറിയിപ്പ്
ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് തുറന്നു പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്നാണ് പോലീസ് ആദ്യം ഉറപ്പുവരുത്തുന്നത്.
സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ ആദ്യഘട്ടത്തില്‍ നടപടി സ്വീകരിക്കില്ല. മുന്നറിയിപ്പ് നല്‍കും. തെറ്റുകള്‍ ആവര്‍ത്തിക്കുന്ന പക്ഷം ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കും.
കടകളിലെത്തുന്നവര്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്നും മാസ്ക് ധരിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. ആര്‍ടിപിസിആര്‍ രേഖകളുള്‍പ്പെടെയുള്ള മറ്റു കര്‍ശന പരിശോധനകള്‍ ആദ്യഘട്ടത്തില്‍ നടത്തേണ്ടെന്നാണ് പോലീസിന് ലഭിച്ച അനൗദ്യോഗിക നിര്‍ദേശം.