കെ. ഷിന്റുലാല്‍
കോഴിക്കോട്: സംസ്ഥാന പോലീസില്‍ ആര്‍എസ്എസ് സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണത്തിനു പിന്നാലെ മതഗ്രൂപ്പുകള്‍ തേടി വീണ്ടും അന്വേഷണം.
കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളാണ് പോലീസിനുള്ളില്‍ തീവ്രനിലപാടുള്ളവരുണ്ടോയെന്നും ആശയവിനിമയങ്ങള്‍ക്കായി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നത്. അതേസമയം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരത്തില്‍ ഗ്രൂപ്പുകള്‍ സജീവമായുണ്ടായിരുന്നു.
അന്നു പോലീസിന്റെ ഇടപെടലിലൂടെ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സാധിച്ചിരുന്നു.പോലീസില്‍ ആര്‍എസ്എസ് സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണവുമായി സിപിഐ ദേശീയ നേതാവും മഹിളാ ഫെഡറേഷന് ജനറല്‍ സെക്രട്ടറിയുമായ ആനി രാജയാണ് രംഗത്തെത്തിയത്.
ഭരണപക്ഷത്തുള്ള പാര്‍ട്ടിയുടെ ദേശീയ നേതാവ് തന്നെ ഇത്തരം പ്രസ്താവന നടത്തിയത് സംസ്ഥാന സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കുന്നതാണ്.
ഗ്രൂപ്പുകളുണ്ടായിരുന്നതായി മുന്‍ ആഭ്യന്തരമന്ത്രി
സംസ്ഥാന പോലീസില്‍ മതഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നതായി മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ‘രാഷ്ട്ര്രദീപിക’യോട് പറഞ്ഞു. കെ.എസ്.ബാലസുബ്രഹ്മണ്യമായിരുന്നു അന്ന് ഡിജിപിയായുണ്ടായിരുന്നത്.
ടി.പി. സെന്‍കുമാര്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മേധാവിയായിരിക്കെയാണ് ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിന് ലഭിച്ചത്.
ഉടന്‍ തന്നെ ഗ്രൂപ്പുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കുകയും ഗ്രൂപ്പുകള്‍ ഇല്ലാതാക്കുകയും ചെയ്തിരുന്നതായി അദ്ദേഹം വ്യക്തമാക്കി. തത്വമസി, പച്ചവെളിച്ചം എന്നീപേരിലായിരുന്നു വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിരുന്നത്.
ഹൈന്ദവ, മുസ്ലിം വിഭാഗത്തിലുള്ള സേനാംഗങ്ങളുടെ ക്ഷേമത്തിനായിരുന്നു ഇത്തരം ഗ്രൂപ്പുകള്‍ ആരംഭിച്ചതെന്നാണ് പറഞ്ഞിരുന്നത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും കേന്ദ്ര ഏജന്‍സികളും ഇതേകുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നതിനിടെ ‘പച്ചവെളിച്ചം’ എന്ന വാട്സാപ്പ് ഗ്രൂപ്പ് അപ്രത്യക്ഷമായി.
പിന്നീട് തത്വമസി ഗ്രൂപ്പും നിര്‍ജീവമായി. അതിനിടെ ‘പച്ചവെളിച്ചം 2’ എന്ന പേരിലും ഗ്രൂപ്പുണ്ടാക്കിയിരുന്നെങ്കിലും പിന്നീട് ഇതെല്ലാം അപ്രത്യക്ഷമാവുകയായിരുന്നു.
പോലീസില്‍ ചാരന്മാര് ?
പട്ടര് പാലം എലിയോ റമല സംരക്ഷണ സമിതി വൈസ് ചെയര്‍മാനും ബിജെപി പ്രവര്‍ത്തകനുമായ ഷാജി (40)യെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എസ്ഡിപിഐ -പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അന്വേഷണ വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ പോലീസുകാരന് ചോര്‍ത്തി നല്‍കിയത് ഏറെ വിവാദമായിരുന്നു.
അന്വേഷണത്തില്‍ കുറ്റക്കാരനായ പോലീസുകാരനെ സ്ഥലം മാറ്റുകയും അച്ചടക്കനടപടി സ്വീകരിക്കുകയും ചെയ്തത് അടുത്തിടെയാണ്.
സമാനമായ രീതിയില്‍ താത്പര്യമുള്ള മത-രാഷ്ട്രീയ സംഘടനകള്‍ക്കു പോലീസിനുള്ളില്നിന്നു വിവരങ്ങള്‍ ഇപ്പോഴും ലഭിക്കുന്നതായാണ് വിവരം. എന്നാല്‍, കൃത്യമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കാനും സാധിക്കുന്നില്ല.