വടശേരിക്കര: ആദിവസി യുവാവിനു മര്‍ദനമേറ്റ സംഭവത്തില്‍ നടപടിയെടുക്കണമെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പോലീസ്.
വ്യാജവാറ്റു സംഘത്തെ ഒറ്റു കൊടുത്തുവെന്ന ആരോപിച്ച ശബരിമല വനത്തിലെ ളാഹ മഞ്ഞതോട്ടില്‍ താമസിക്കുന്ന ആദിവാസി യുവാവ് അജയനെ മൂവര്‍ സംഘം ആക്രമിച്ച കേസിലാണ് തുടര്‍ നടപടികള്‍ക്കായി മര്‍ദനത്തില്‍ കാലൊടിഞ്ഞു വീട്ടില്‍ കഴിയുന്ന ആദിവാസി യുവാവ് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന വിചിത്ര ആവശ്യം പെരുനാട് സിഐ ഉന്നയിച്ചതോടെയാണ് വിവാദമുണ്ടായത്.
എന്നാല്‍ പട്ടികവര്ഗനിയമ പ്രകാരം നടപടിയെടുക്കുന്നതിലാണ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതെന്ന വാദവും പോലീസിനുണ്ട്.
കാൽ തല്ലിയൊടിച്ചു
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീട്ടില്‍ നിന്നും ജോലിക്ക് പോവുകയായിരുന്ന അജയനെ മൂവര്‍ സംഘം തടഞ്ഞു നിര്‍ത്തി കമ്പിവടി കൊണ്ട് ആക്രമിച്ചു വലതു കാല് തല്ലിയൊടിച്ചത്.
സംഭവം നടന്ന ഒരാഴ്ച കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് പെരുനാട് പോലീസില്‍ ബന്ധപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകരോടും പട്ടിക വര്‍ഗ പീഡന നിരോധന നിയമ പ്രകാരം കേസെടുക്കണമെങ്കില്‍ മര്‍ദനത്തിനിരയായി വീട്ടില്‍ കഴിയുന്ന ആദിവാസി യുവാവ് ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയേ കഴിയൂവെന്ന നിലപാടാണ് പോലീസ് ആവര്‍ത്തിച്ചത്.
മര്ദനത്തിനുശേഷവും നിരന്തരമായി ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കികൊണ്ടിരിക്കുകയാണ് പ്രതികളെന്നും അജയന് പറഞ്ഞു.
പ്രതികളെ അറസ്റ്റ് ചെയ്യാത്ത പക്ഷം നിയമ വിരുദ്ധമായി ആവശ്യമുന്നയിച്ച പോലീസ് ഉദ്ദ്യോഗസ്ഥനെതിരെ പട്ടിക ജാതി, വര്‍ഗ നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നും അല്ലാത്ത പക്ഷം കേരളത്തിലെ മുഴുവന്‍ ആദിവാസി സംഘടനകളും ബഹുജന പ്രക്ഷോഭത്തിന് തയാറാകുമെന്നും ദളിത് ആദിവാസി ഗോത്ര മഹാസഭ നേതാവ് എം. ഗീതാനന്ദന് പറഞ്ഞു.
മര്‍ദനമേറ്റ യുവാവ് ആദിവാസിയാണെന്ന് അറിയാമായിരുന്നിട്ടും പരാതിക്കാരനെ വീണ്ടും പീഡിപ്പിക്കുന്ന പോലീസ് നടപടിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും ആദിവാസിക്ഷേമ സംഘടനകളും വ്യക്തമാക്കി.