സ്വന്തം ലേഖകന്‍
കോഴിക്കോട് : പോലീസില്‍ സല്യൂട്ടിന്റെ പേരില്‍ മേലുദ്യോഗസ്ഥരുടെ പീഡനം. കോഴിക്കോട് സിറ്റിയില്‍ രണ്ടാഴ്ചക്കുള്ളില്‍ മൂന്നുപേര്‍ക്കെതിരേയാണ് സല്യൂട്ടിന്റെ പേരിലും മറ്റും നടപടി സ്വീകരിച്ചത്. ഒന്നിന് പുറമേ ഒന്നായി സേനാംഗങ്ങളുടെ മനോവീര്യം തകര്‍ക്കുന്ന നടപടികളാണ് ഇപ്പോള്‍ മേലുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാവുന്നതെന്നാണ് ആരോപണം.
രാവിലെ വരുന്നതിനിടെയും ഉച്ചഭക്ഷണത്തിനായി വീട്ടിലേക്കു പോകുമ്പോഴും പൊരിവെയിലത്തും തിരക്കിലും ഡ്യൂട്ടി ചെയ്യുന്നവരാണ് സല്യൂട്ട് അടിച്ചതിലെ പിഴവിനും മറ്റും ‘പ്രതിസ്ഥാനത്തായത്’ .
ഇവര്‍ക്ക് ഒരു ദിവസം മുഴുവന്‍ നീളുന്ന സല്യൂട്ട് ക്ലാസും സ്ഥലം മാറ്റവും ഓര്ഡേളി മാര്‍ച്ചും ശിക്ഷയായി ലഭിക്കുകയും ചെയ്തു. സംഭവം പോലീസിനുള്ളില്‍ വിവാദമായി മാറിയിട്ടുണ്ട്.
അതേസമയം മനുഷ്യാവകാശലംഘനമായിട്ടും സ്വതന്ത്രാഭിപ്രായം തുറന്നുപറയുന്നതില്‍ അച്ചടക്കനടപടി ഭയന്ന് പോലീസുകാര്‍ തയാറാവുന്നില്ല.
മേലുദ്യോഗസ്ഥന്റെ നടപടിയില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ ഭരണാനുകൂല സംഘടനകള്‍ പോലും തയാറാവുന്നില്ലെന്നാണ് പോലീസുകാര്‍ പറയുന്നത്. ട്രാഫിക് ഡ്യൂട്ടിക്കിടെ പോലീസുകാര്‍ മേലുദ്യോഗസ്ഥര്‍ക്ക് സല്യൂട്ട് നല്‍കണമെന്നത് നിര്ബന്ധമില്ലെന്ന ഡിജിപിയുടെ ഉത്തരവ് പോലും ലംഘിച്ചാണ് നടപടി തുടരുന്നത്.
അതേസമയം സല്യൂട്ട് വാങ്ങുകയല്ലാതെ ആദരവായി തിരിച്ച് ഒരിക്കല്‍ പോലും പോലീസുകാര്‍ക്ക് മേലധികാരികളില്‍ പലരും നല്‍കാറില്ല.
പൊരിവെയിലില്‍ മിസിംഗ്
രണ്ടാഴ്ച മുമ്പാണ് രാജാജി റോഡില്‍ പൊരിവെയിലില്‍ ട്രാഫിക് നിയന്ത്രിക്കുന്നതിനിടെ പോലീസുകാരന് സല്യൂട്ട് ചെയ്തത് പിഴച്ചത്. തുടര്‍ന്ന് ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെടുകയും ഓര്ഡേളി മാര്‍ച്ച് നടത്തിക്കുകയുമായിരുന്നു.
കൂടാതെ തിരക്കേറിയ രാജാജി റോഡില്‍ തന്നെ തുടര്‍ച്ചയായി മൂന്ന് ദിവസം ഡ്യൂട്ടിക്കായി വിന്യസിപ്പിക്കുകയുമായിരുന്നു. സാധാരണ തിരക്കേറിയ സ്ഥലങ്ങളില്‍ ഒന്നിടവിട്ടുള്ള ഡ്യൂട്ടിയാണ് നല്‍കിവരുന്നത്.
മേലുദ്യോഗസ്ഥന്റെ ‘ശിക്ഷ’യുടെ ഭാഗമായാണ് തുടര്‍ച്ചയായി ഇവിടെ തന്നെ വിന്യസിപ്പിച്ചത്.
സ്ഥലംമാറ്റത്തിന് പിന്നില്‍ സല്യൂട്ടോ തൊപ്പിയോ ?
മേലുദ്യോഗസ്ഥന് കടന്നുപോകുന്നതിനിടെയുണ്ടായ നിസാരമായ സംഭവത്തിന്റെ പേരിലാണ് ട്രാഫിക് എഎസ്ഐയെ സ്ഥലം മാറ്റിയത്. ഫറോക്ക് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റം.
പൊതുജനങ്ങളുടെ നിരന്തര പരാതി പ്രകാരം സ്വീകരിക്കുന്ന ‘പബ്ളിക് ഗ്രൗണ്ട്’ എന്ന പദമാണ് എഎസ്ഐയെ സ്ഥലം മാറ്റിയുള്ള ഉത്തരവില്‍ പരാമര്‍ശിച്ചത്.
നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്ന സേനാംഗങ്ങള്‍ക്കെതിരേ സംസ്ഥാന-ജില്ലാ സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും തുടര്‍ന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലം മാറ്റുകയും ചെയ്തുകൊണ്ടുള്ള ഉത്തരവിലാണ് ഇത്തരത്തില്‍ പരാമര്‍ശിക്കുന്നത്.
അതേസമയം അടുത്തിടെ കേസന്വേഷണത്തിന്റെ ഭാഗമായി ഇതേ എഎസ്ഐയ്ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി ലഭിച്ചിരുന്നു. നിലവില്‍ തൊപ്പിവയ്ക്കാത്തതിനാണോ സല്യൂട്ട് ശരിയാവാത്തതിനാണോ സ്ഥലം മാറ്റമെന്നത് ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.
ചേവായൂരിലെ പ്രിന്‍സിപ്പല്‍ എസ്ഐയ്ക്കെതിരേയും സല്യൂട്ടിന്റെ പേരില്‍ കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചിരുന്നു. ട്രാഫിക് നിയന്ത്രിക്കുന്നതിനിടെ സല്യൂട്ട് ശരിയാവാത്തതിനാല്‍ എആര്‍ ക്യാമ്പില്‍ ഒരു ദിവസത്തെ ഡ്യൂട്ടിയായിരുന്നു ശിക്ഷ.
സല്യൂട്ടിന്റെ പേരിലെ ബലിയാടുകള്‍ …
സല്യൂട്ടടിക്കാത്തതിന്റെ പേരില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരാണ് കൂടുതലായും ശിക്ഷിക്കപ്പെടുന്നത്. ശകാരം കേട്ടും വിളിച്ചു വരുത്തി സല്യൂട്ടടിപ്പിച്ചും വരെ മേലുദ്യോഗസ്ഥര്‍ ഇവരെ പീഡിപ്പിക്കുന്നുണ്ട്.
തലസ്ഥാനത്ത് രാജ്ഭവനു മുന്നിലൂടെ കാറില്‍ പോയ എഡിജിപിയെ സല്യൂട്ട് ചെയ്തില്ലെന്ന പേരില്‍ 20 പോലീസുകാര്‍ക്കു മലപ്പുറം പാണ്ടിക്കാട്ട് ഒരാഴ്ചത്തെ ശിക്ഷാ പരേഡിന് അയച്ച സംഭവം വരെ പോലീസിലുണ്ടായിട്ടുണ്ട്.
തൃശൂര്‍ പൊലീസ് അക്കാദമിയില്‍ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിക്കാന്‍ എത്തിയ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ, എഡിജിപിയായിരുന്ന ഋഷിരാജ് സിംഗ് എഴുന്നേറ്റു നിന്നു സല്യൂട്ട് ചെയ്യാത്തതും വിവാദമായിരുന്നു. അടുത്തിടെ സുരേഷ്ഗോപി എംപി പോലീസുകാരനോട് സല്യൂട്ട് ആവശ്യപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്.