തിരുവനന്തപുരം: തിരുവനന്തപുരത്തെ ഗുണ്ടാസംഘങ്ങളുടെ വിളയാട്ടത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്. അനില്‍. പൊതുജനങ്ങളുടെ പരാതി ലഭിച്ചിട്ടും ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പോലീസിന് വീഴ്ച സംഭവിച്ചുവെന്നും ക്രിമിനല്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതില്‍ പോലീസിന്റെ ഭാഗത്ത് ജാഗ്രത കുറവുണ്ടായെന്നും മന്ത്രി കുറ്റപ്പെടുത്തി.
പോത്തന്‍കോട്ട് യുവാവിനെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇത്തരം സംഭവങ്ങള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ല. ഒന്നിലധികം വാഹനങ്ങളിലാണ് അവര്‍ എത്തിയത്.
അക്രമി സംഘം ധൈര്യത്തോടെ കൃത്യം നടത്തിപ്പോകണമെങ്കില് നമ്മുടെ നാട്ടില്‍ ഇത്തരം ആളുകള്‍ക്ക് പോകാനും വരാനും കഴിയുന്നുവെന്നാണ് മനസിലാക്കേണ്ടത്. ഇതൊരിക്കലും പാടില്ലെന്നും വേണ്ട നടപടികള്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
മംഗലപുരം ചെമ്പകമംഗലം ലക്ഷംവീട് കോളനി സ്വദേശി സുധീഷാണ് ശനിയാഴ്ച ഉച്ചയ്ക്ക് കൊലപ്പെട്ടത്. ബൈക്കുകളിലും ഓട്ടോയിലുമായെത്തിയ 12 അംഗ സംഘം സുധീഷിനെ ആക്രമിക്കുകയായിരുന്നു.
അക്രമിസംഘത്തെ കണ്ട് സുധീഷ് സമീപത്തെ ബന്ധുവിന്റെ വീട്ടിൽ ഓടിക്കയറിയെങ്കിലും, പിന്നാലെയെത്തി വീടിന്റെ വാതിൽ തകർത്ത് അകത്ത് കടന്ന് ആക്രമിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന കുഞ്ഞിനെയും ഇവർ ആക്രമിച്ചു.
അക്രമിസംഘം സുധീഷിന്റെ ഇടതുകാൽ വെട്ടിയെടുത്ത് ബൈക്കിൽ അരക്കിലോമീറ്റർ അപ്പുറം കല്ലൂർ മൃഗാശുപത്രി ജംഗ്ഷനിലെത്തിച്ച് ആഹ്ലാദ പ്രകടനം നടത്തിയശേഷം കാൽ റോഡിൽ വലിച്ചെറിയുകയായിരുന്നു.
ജംഗ്ഷനിൽ നടത്തിയ ആഹ്ലാദ പ്രകടനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. കേസിൽ പത്ത് പേർ പിടിയിലായി. പ്രതികൾ സഞ്ചരിച്ച ഓട്ടോയും ബൈക്കും കസ്റ്റഡിയിൽ എടുത്തിരുന്നു.