കൊല്ലം: കിളികൊല്ലൂര്‍ സ്‌റ്റേഷനിലെ പോലിസുകാര്‍ ദളിത് ദമ്പതികളെ വീടുകയറി മര്‍ദിച്ചതായി ആരോപണം. തട്ടാര്‍കോണം സ്വദേശി സജീവിനും കുടുംബത്തിനുമാണ് പോലിസുകാരുടെ മര്‍ദനമേല്‍ക്കേണ്ടി വന്നത്. കിളികൊല്ലൂര്‍ പോലിസ് സ്‌റ്റേഷനിലെ ഷിഹാബുദ്ദീന്‍, സരസന്‍ എന്നീ പോലിസുകാരാണ് ഇവരെ ആക്രമിച്ചതെന്നാണ് ആരോപണം.
ഇന്നലെ പുലര്‍ച്ചെ 2.45 നാണ് സംഭവം. തട്ടാര്‍കോണം സ്വദേശി സജീവിന്റെ സഹോദരി ഭര്‍ത്താവ് ശിവനെ അന്വേഷിച്ചാണ് പോലിസുകാരായ സരസനും ഷിഹാബുദ്ദീനും വീട്ടിലെത്തുന്നത്. ക്ഷേത്രത്തിലെ ഉല്‍സവവുമായി ബന്ധപ്പെട്ട ഒരു കേസിനെക്കുറിച്ച് ചോദിക്കാനായിരുന്നു ഇത്.
ശിവന്‍ തങ്ങളുടെ വീട്ടിലല്ല താമസിക്കുന്നതെന്ന് സജീവ് പറഞ്ഞെങ്കിലും പോലിസുകാര്‍ പോയില്ല. വീടിന്റെ കതക് തള്ളിമറിച്ചിട്ട പോലിസുകാര്‍ സജീവിനെ പിടിച്ച് തള്ളി. തറയിലിട്ട് ചവിട്ടുകയും ചെയ്തു. തടയാനെത്തിയ ഭാര്യ രജനിക്കും മര്‍ദനമേറ്റു. സജീവിന്റെ കൈയ്ക്ക് പൊട്ടലുണ്ട്.
ജാതി വിളിച്ച് ആക്ഷേപിച്ച പോലിസുകാര്‍, ഇനിയും രാത്രി വീട്ടിലെത്തുമെന്ന് ഭീഷണിമുഴക്കിയതായും ഇവര്‍ പറയുന്നു.
ഒരുമാസം മുമ്പ് പേരൂരില്‍ മറ്റൊരു ദലിത് യുവാവിനെ ഉല്‍സവ പറമ്പില്‍ വച്ച് ഷിഹാബുദീന്‍ മര്‍ദിച്ചിരുന്നു. അറസ്റ്റിലായ സുഹൃത്തിനെ കാണാന്‍ സ്‌റ്റേഷനിലെത്തിയ യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ സംഭവത്തില്‍ സ്ഥലംമാറ്റിയെങ്കിലും ഉന്നത സ്വാധീനം ഉപയോഗിച്ച് ഒരാഴ്ച്ചയ്ക്കുള്ളില്‍ തന്നെ ഇയാള്‍ വീണ്ടും കിളികൊല്ലൂരിലെത്തുകയായിരുന്നു.
അതേസമയം ദമ്പതികളെ വീട്ടില്‍ കയറി മര്‍ദിച്ചതായുള്ള സംഭവം നടന്നെന്ന് സമ്മതിച്ച കിളികൊല്ലൂര്‍ എസ്‌ഐ ആരോപണ വിധേയരായ പോലിസുകാര്‍ക്കെതിരെ ആരും പരാതി നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ സ്‌പെഷല്‍ ബ്രാഞ്ച് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായാണ് വിവരം.