തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്തെ അഴിച്ചുപണി ഈ മാസം അവസാനത്തോടെയോ അടുത്ത മാസം ആദ്യവാരത്തോടെയോ വരും. ഡിജിപി തസ്തികയിലുള്ളവർ മുതൽ ജില്ലാ പോലീസ് മേധാവിമാരിൽ വരെ മാറ്റം വരും. സ്വയം വിരമിക്കലിനെത്തുടർന്ന് ടി.കെ. വിനോദ്കുമാർ ഡിജിപി പദവിയിലുള്ള വിജിലൻസ് ഡയറക്ടർസ്ഥാനം ഒഴിയുന്നതോടെയാണ് അടിമുടി മാറ്റം വരിക.
ഇതിനു മുന്നോടിയായി എഡിജിപി തസ്തികയിലുള്ള യോഗേഷ് ഗുപ്തയ്ക്കു ഡിജിപിയായി സ്ഥാനക്കയറ്റം നൽകേണ്ടതുണ്ട്. യോഗേഷ് ഗുപ്ത ഡിജിപിയാകുന്പോൾ എഡിജിപി, ഐജി റാങ്കിലേക്കും ആനുപാതികമായ സ്ഥാനക്കയറ്റം വരും. സാധാരണയായി സ്ഥാനക്കയറ്റം മന്ത്രിസഭയിലെത്തിയാണു നടപ്പാക്കുന്നത്.
സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദർബേഷ് സാഹിബ് വിരമിച്ചെങ്കിലും കാലാവധി നീട്ടിനൽകിയിരുന്നു. അതിനാൽ ദർബേഷ് സാഹിബിന്റെ സ്ഥാനത്തിൽ മാറ്റം വരില്ല. ഡിജിപി, എഡിജിപി റാങ്കിലുള്ളവർ വഹിക്കുന്ന തസ്തികകളായ ജയിൽ, ഫയർഫോഴ്സ്, ഇന്റലിജൻസ് മേധാവി സ്ഥാനങ്ങളിലും മനുഷ്യാവകാശ കമ്മീഷൻ ഇൻവെസ്റ്റിഗേറ്റിംഗ് ഡയറക്ടർ, ബിവറേജസ് കോർപറേഷൻ സിഎംഡി സ്ഥാനങ്ങളിലും അടക്കം മാറ്റം വരാം.
ഓഗസ്റ്റ് എട്ടുവരെ ടി.കെ. വിനോദ്കുമാറിനു വിജിലൻസ് മേധാവി സ്ഥാനത്തു തുടരാം. യുഎസിലെ സർവകലാശാലയിൽ പഠിപ്പിക്കുന്നതിനായാണ് വിനോദ് കുമാർ സ്വയം വിരമിക്കൽ അപേക്ഷ സമർപ്പിച്ചത്.
കേഡർ, എക്സ് കേഡർ പദവിയിലായി സംസ്ഥാന പോലീസ് മേധാവി അടക്കം ആറു പേരാണു നിലവിൽ ഡിജിപിമാരായുള്ളത്. കെ. പത്മകുമാർ, ഹരിനാഥ് മിശ്ര. രവത ചന്ദ്രശേഖർ, ടി.കെ. വിനോദ്കുമാർ, സഞ്ജീവ്കുമാർ പട്ജോഷി എന്നിവരാണ് നിലവിൽ ഡിജിപി പദവിയിലുള്ളവർ. ഇതിൽ ഹരിനാഥ് മിശ്രയും രവത ചന്ദ്രശേഖറും കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്.
സ്വന്തം ലേഖകൻ