തിരുവനന്തപുരം: കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് അട്ടിമറിക്കാന് ശ്രമമെന്ന് ആക്ഷേപം. വരുന്ന 15 ന് നടക്കുന്ന കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 56,000 പോലീസ് ഉദ്യോഗസ്ഥര്ക്കാണ് വോട്ടവകാശമുള്ളത്.
വോട്ട് ചെയ്യുന്നതിനായി മുന് വര്ഷങ്ങളിലെല്ലാം പോലീസ് സൊസൈറ്റിയുടെ ആസ്ഥാനമായ എറണാകുളത്തെ ഓഫീസില് പോയി ഐഡി കാര്ഡ് ഒപ്പിട്ടു വാങ്ങുന്നതായിരുന്നു രീതി. എന്നാല് ഇത്തവണ ഇതിനെല്ലാം വിപരീതമായി കണ്ണൂര്, കാസര്ഗോഡ്, കോഴിക്കോട് ജില്ലകളില് ഉള്പ്പെടെ സംസ്ഥാനത്തെ പാര്ട്ടി അനുഭാവികളായ പല പോലീസ് ഉദ്യോഗസ്ഥര്ക്കും അതാത് ജില്ലകളില് ഐഡി കാര്ഡ് എത്തിച്ചു നല്കുന്നുവെന്നാണ് ആക്ഷേപം ഉയര്ന്നിരിക്കുന്നത്.
ഐഡി കാര്ഡ് നല്കുന്നതിനായി സംഘം അനുകൂലികളായിട്ടുള്ളവരുടെ ഫോട്ടോകള് ഇതിനകം വാങ്ങിക്കഴിഞ്ഞുവെന്നും ആരോപണമുണ്ട്.ജീവനക്കാര്ക്ക് അര്ഹമായ ഡിഎ, ടിഎ, ശമ്പള പരിഷ്ക്കരണം, കുടിശിഖ, ലീവ് സറണ്ടര് ആനുകൂല്യം എന്നിവ തടഞ്ഞുവെയ്ക്കുകയും ശമ്പള പരിഷ്ക്കരണ നടപടികള് അട്ടിമറിക്കുകയും ചെയ്ത സര്ക്കാരിനോടുള്ള വിരോധം പോലീസ് ഹൗസിംഗ് സൊസൈറ്റി തെരഞ്ഞെടുപ്പില് പ്രതിഫലിക്കുമെന്ന ഭയമാണ് ഇത്തരത്തിലുളള നടപടിക്ക് പിന്നിലുള്ളതെന്നാണ് ഒരു വിഭാഗം സേനാംഗങ്ങള് ആരോപിക്കുന്നത്.
യഥാര്ഥമല്ലാത്ത വോട്ടര് പട്ടിക വച്ച് തെരഞ്ഞെടുപ്പ് നടത്താന് കഴിയില്ലെന്നു കാണിച്ച് ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥര് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.2019 സെപ്റ്റംബര് എട്ടിനായിരുന്നു നേരത്തെ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്.
അവസാന വോട്ടര് പട്ടിക പ്രസിദ്ധീകരിച്ച ശേഷം വോട്ടര് പട്ടികയില് 45 പേരുടെ പേരിനൊപ്പം പിതാവിന്റെ പേരില്ലെന്നു പറഞ്ഞു കോ ഓപ്പറേറ്റീവ് ഇലക്ഷന് കമ്മീഷണറെ കൊണ്ട് സെപ്റ്റംബര് അഞ്ചിന് ഇലക്ഷന് റദ്ദാക്കിച്ചിരുന്നു. അതിനുശേഷം അഡ്മിനിസ്ട്രേറ്ററെ വച്ചാണ് ഭരണം നടത്തിയിരുന്നത്.