ഏറ്റുമാനൂർ: കാണാതായ യുവതിയെ അന്വേഷിച്ച് അർധരാത്രിയിൽ വീട്ടിലെത്തിയ പോലീസ് യുവാവിനെയും സഹോദരിയെയും കമിതാക്കളായി ചിത്രീകരിച്ച് അഴിഞ്ഞാടിയതായി പരാതി. ഐജി ഓഫീസിൽനിന്നുള്ള ഇടപെടലിനുശേഷമാണ് അർധരാത്രിയിലെ അതിക്രമം അവസാനിപ്പിച്ച് പിന്മാറാൻ പോലീസ് തയാറായത്.
കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെ കാണക്കാരി വടക്കേമറ്റപ്പള്ളിൽ ജോസ് മാത്യുവിന്റെ വീട്ടിലാണ് മുളന്തുരുത്തി പോലീസ് അതിക്രമിച്ച് കയറുകയും സഹോദരങ്ങളെ കമിതാക്കളായി ചിത്രീകരിച്ച് ആക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തത്. മകളെ കാണാനില്ലെന്ന് പറഞ്ഞ് ഒരു പിതാവ് മുളന്തുരുത്തി പോലീസിന് നൽകിയ പരാതിയിലുള്ള അന്വേഷണത്തിനാണ് പോലീസ് എത്തിയത്.
യുവതി ജോസ് മാത്യുവിന്റെ മകനൊപ്പം കാണക്കാരിയിലെ വീട്ടിലുണ്ടെന്നായിരുന്നു പോലീസ് പറയുന്നത്. ഈ വിവരം ഏറ്റുമാനൂർ പോലീസ് വഴി അന്വേഷിക്കുകയും ഇത് സത്യവിരുദ്ധമാണെന്നും ആ വിവരം മുളന്തുരുത്തി പോലീസിൽ അറിയിക്കുകയും ചെയ്തിരുന്നു.
ജോസ് മാത്യുവും മുളന്തുരുത്തി എസ്ഐയുമായി ഫോണിൽ സംസാരിക്കുകയും സംശയനിവൃത്തി വരുത്തുകയും ചെയ്തു. എന്നാൽ തൊട്ടടുത്ത ദിവസം അർധരാത്രിയിൽ പോലീസ് സംഘം ജോസ് മാത്യുവിന്റെ വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ബലമായി വാതിൽതുറന്ന് അകത്തുകടക്കുകയും ജോസ് മാത്യുവിന്റെ മകനോട് യുവതി എവിടെയെന്ന് ചോദിക്കുകയും ചെയ്തു.
തന്റെ കൂടെ യുവതി ഇല്ലെന്ന് പറഞ്ഞെങ്കിലും അത് ചൊവിക്കൊള്ളാതെ തൊട്ടടുത്ത മുറിയുടെവാതിൽതുറന്ന് അവിടെ കിടക്കുകയായിരുന്ന ജോസ് മാത്യുവിന്റെ മകളുടെ മുഖത്തേക്ക് ടോർച്ചടിക്കുകയും ഇറങ്ങിവരാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നങ്ങോട്ട് ജോസ് മാത്യുവിന്റെ മകന്റെ കാമുകി എന്ന നിലയിലായി പോലീസിന്റെ ചോദ്യം ചെയ്യൽ.
ഇതിനിടെ, പോലീസിനൊപ്പം എത്തിയിരുന്ന കാണാതായ യുവതിയുടെ അച്ഛൻ മകളുടെ കാമുകൻ ഇതല്ല എന്ന് അറിയിച്ചു. ഇതോടെ കട്ടിലിനടിയിൽ ഒളിപ്പിച്ചിരുന്ന സഹോദരനെ പുറത്തേക്ക് വിളിക്കാൻ ആവശ്യപ്പെട്ടായി പോലീസിന്റെ ആക്രോശം.
തനിക്ക് ഒരു മകനേയുള്ളൂവെന്ന് ജോസ് മാത്യു പറഞ്ഞിട്ടും എസ്ഐ ചെവിക്കൊള്ളുന്നുണ്ടായിരുന്നില്ല. ഒടുവിൽജോസ് മാത്യു എസ്പി ഓഫീസുമായും ഐജി ഓഫീസുമായി ഫോണിൽ ബന്ധപ്പെട്ട് വിവരം ധരിപ്പിച്ചു.
ഐജി ഓഫീസിൽനിന്നുള്ള കർശന നിർദേശം ലഭിച്ചതോടെ പേരിനൊരു ക്ഷമാപണവും നടത്തി പോലീസ് പിൻവാങ്ങി. നിയമപരമായി പാലിക്കേണ്ട യാതൊരു നടപടിക്രമവും പാലിക്കാതെ അർധരാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി പരാക്രമം കാട്ടിയ മുളന്തുരുത്തി പോലീസിനെതിരേ ജോസ് മാത്യു ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരിക്കുകയാണ്.