രാമപുരം: സ്ത്രീകൾക്കെതിരേ അതിക്രമങ്ങളും പീഡനങ്ങളും വ്യാപകമാകുന്ന സാഹചര്യത്തിൽ സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുവാൻ കേരള പോലീസ് പ്രത്യേക പദ്ധതി തയാറാക്കുന്നു. സ്ത്രീകൾക്കെതിരേ മുന്പെങ്ങുമില്ലാത്ത വിധം അതിക്രമങ്ങൾ പെരുകുകയാണ്. എന്നാൽ ഇവയിൽ വലിയൊരു ശതമാനം സംഭവങ്ങളും പുറംലോകം അറിയാതെ പോവുകയാണ്. ഇതിനു പ്രധാന കാരണം സ്ത്രീകൾക്ക് പോലീസ് സ്റ്റേഷനിൽ പോകുന്നതിനും പരാതി നൽകുന്നതിനുമുള്ള മടി മൂലമാണ്. ഇതിനു പരിഹാരമായിട്ട് പോലീസ് സ്റ്റേഷനിലെത്താതെ സ്ത്രീകൾക്ക് പരാതി നൽകുവാനുള്ള സൗകര്യം പോലീസ് ഒരുക്കുകയാണ്.
ഇനി മുതൽ സ്ത്രീകൾക്ക് പഞ്ചായത്ത് ഓഫീസിലെത്തി പരാതി നൽകാം. രാമപുരം പഞ്ചായത്തിലെ ഉദ്ഘാടനനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് നിർവഹിച്ചു. എല്ലാ ചൊവാഴ്ച്ചയും രാമപുരം ഗ്രാമപഞ്ചായത്ത് ഓഫീസിൽ വനിതാ പോലീസ് സ്ത്രീകളുടെ പരാതി സ്വീകരിക്കും. സ്ത്രീകൾക്ക് കൂടുതൽ നീതി ലഭിക്കുന്നതിനും അവർക്ക് ആത്മവിശ്വാസം വർധിക്കുന്നതിനും ഇത് ഉപകരിക്കുമെന്ന് പ്രസിഡന്റ് ഷൈനി സന്തോഷ് പറഞ്ഞു. രാമപുരം പോലീസ് സബ് ഇൻസ്പെക്ടർ കെ.കെ. ലാലു, വനിത സിവിൽ പോലീസ് ഓഫീസർമാരായ കെ.എസ്. സിനിമോൾ, സ്വപ്ന കരുണാകരൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സണ്ണി, മെംബർമാരായ ബൈജു ജോണ് പുതിയിടത്തുചാലിൽ, ജീനസ്നാഥ്, എം.പി. ശ്രീനിവാസ്, എം.ഒ. ശ്രീക്കുട്ടൻ, മത്തച്ചൻ പുതിയിടത്തുചാലിൽ, സോണി ജോണി, അരുണ് ബേബി, സെക്രട്ടറി കെ.പി. ജയചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
കിടങ്ങൂർ: കിടങ്ങൂർ പഞ്ചായത്ത്, പോലീസ് സ്റ്റേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിൽ ആരംഭിച്ച വനിതാ പോലീസ് ബീറ്റ് ഓഫീസ് ഉദ്ഘാടനം വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ ജോണ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലിസി ഏബ്രഹാം അധ്യക്ഷത വഹിച്ചു. എഎസ്ഐ സജികുമാർ, ബ്ലോക്ക് പഞ്ചായത്തംഗം പ്രകാശ് ബാബു, എസ്ഐ പ്രദീപ്, വനിതാ പോലീസ് ബീറ്റ് ഓഫീസർ മറിയാമ്മ ജേക്കബ് എന്നിവർ പ്രസംഗിച്ചു. എല്ലാ ചൊവ്വാഴ്ചയും രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്നു വരെ വനിതകളിൽനിന്ന് പരാതി സ്വീകരിക്കും.