കോഴിക്കോട്: ഈ കനിവിന് അതിരുകളില്ല…ഭാഷ-ദേശങ്ങളുടെ വ്യത്യാസവുമില്ല. ഒരു കയ്യില്‍ അപകടം പറ്റിയ കോഴിക്കുഞ്ഞും മറുകൈയ്യില്‍ പത്തു രൂപ നോട്ടുമായി നില്ക്കുന്ന ആ കുരുന്ന് ബാലന്റെ ചിത്രം പങ്കുവച്ച് കേരള പോലീസും. ഒരപകടം കണ്ടാല്‍ തങ്ങളെ ബാധിക്കുകയേ ഇല്ലെന്ന മട്ടില്‍ അത് ശ്രദ്ധിക്കാതെ പോകുന്നവര്‍ ഈ കുഞ്ഞുമനസിലെ കാരുണ്യത്തെ മാതൃകയാക്കണമെന്ന ഉദ്ദേശത്തോടെയാണ് ചിത്രം കേരള പോലീസ് സ്വന്തം ഫേസ് ബുക്ക് പേജില്‍ പങ്കുവച്ചത്.
സംഭവം ഇങ്ങനെ…
മിസോറാമിലെ സൈരാങ്ക് എന്ന സ്ഥലത്തുള്ള ഡെറക് ലാല്‍ചന്‍ഹിമ എന്ന ഈ ബാലന് വീടിന് സമീപത്തുകൂടി സൈക്കിള്‍ ഓടിക്കുകമായിരുന്നു. അറിയാതെ സൈക്കിളിന്റെ ടയര്‍ അയല്‍വാസിയുടെ കോഴിക്കുഞ്ഞിന് മുകളിലൂടെ കയറിയിറങ്ങി. അതുകണ്ട് സങ്കടം സഹിക്കാതെ അവന് കോഴിക്കുഞ്ഞിനെയും എടുത്ത് അടുത്തുള്ള ആശുപത്രിയിലേക്കു പാഞ്ഞു. അവന്റെ കൈയിലാകെ പത്ത് രൂപയേ ഉണ്ടായിരുന്നുള്ളൂ.
ഒരു കൈയിൽ കോഴിക്കുഞ്ഞും മറ്റേ കൈയിൽ പത്ത് രൂപയുമുയര്‍ത്തി ആശുപത്രി അധികൃതരോട് കോഴിക്കുഞ്ഞിനെ രക്ഷിക്കണമെന്നാവശ്യപ്പെടുകയായിരുന്നു.റോഡപകടങ്ങളില്‍പ്പെട്ടു രക്തംവാര്‍ന്ന് മരിക്കുന്നവരെക്കുറിച്ചു നാം ധാരാളം കേള്‍ക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് മിസോറാമില്‍ നടന്ന ഈ ഒരു സംഭവം കേരള പോലീസ് ചര്‍ച്ചയാക്കുന്നതും.
അപകടമുണ്ടായാല്‍ നടത്തേണ്ട ഏറ്റവും പ്രാഥമികമായകാര്യം അപകടത്തില്‍പ്പെട്ടവരുടെ ജീവന് രക്ഷിക്കാന്‍ ഏറ്റവും അടിയന്തരമായി അവരെ ആശുപത്രിയിലെത്തിക്കുക എന്നതാണെന്ന് പോലീസ് പറയുന്നു. അപകടത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ തയ്യാറായാല്‍ പോലീസില്‍നിന്നും നിയമസംവിധാനങ്ങളില്നിന്നും നേരിടേണ്ടിവരുന്ന അന്വേഷണക്കുരുക്കുകള്‍ ഓര്‍ത്താണ് പലരും മുന്നിട്ടിറങ്ങാത്തത്.
ഇക്കാര്യത്തില്‍ കേന്ദ്ര ഹൈവേ റോഡ് ഗതാഗതമന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ട്. റോഡപകടങ്ങളില്‍പ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നയാളുകളെ അന്വേഷ ണവുമായോ ചികിത്സയുമായോ ബന്ധപ്പെട്ട് ശല്യംചെയ്യാനോ പീഡിപ്പിക്കാനോ പാടില്ല. കൂടാതെ അപകടത്തില്‍പ്പെട്ട് ആശുപത്രിയിലെത്തിച്ചവരെ ചികിത്സിക്കുക എന്നതാണ് ആശുപത്രിയുടെ പ്രാഥമിക ഉത്തരവാദിത്വമെന്നും പോലീസ് ഓര്‍മിപ്പിക്കുന്നു. റോഡപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ്പോലീസിന്റെ ശ്രമം.