ചേര്‍ത്തല: അടിപിടിക്കേസില്‍ സാക്ഷിയുടെ പേരും പ്രതിയുടെ പേരും ഷാജി എന്ന് ആയത് പോലീസിനു പുലിവാലായി. ആറുവര്‍ഷം മുമ്പ് നടന്ന അടിപിടിക്കേ സ് കോടതിയില്‍ വിസ്താരം നടക്കുന്നതിനിടയിലാണ് സാക്ഷി പ്രതിയായ സംഭവം കണ്ടെത്തുന്നത്. പ്രതിയെ പോലീസിന് കണ്ടെത്താനായില്ല. അന്ന് സാക്ഷിയായ ഷാജിയെ പ്രതിയാക്കിയാണ് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതോടെ അന്ന് അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ പണി മേടിക്കുമെന്ന അവസ്ഥയിലുമായി.
2018 മാര്‍ച്ച് 11ന് രാത്രി പള്ളിപ്പുറം ഒറ്റപ്പുന്ന കവലയ്ക്കുസമീപം കേളമംഗലം സ്വദേശികളായവര്‍ തമ്മിലുണ്ടായ അടിപിടി കേസാണ് ഇപ്പോള്‍ പോലീസിനെ വെള്ളം കുടിപ്പിക്കുന്നത്. കേളമംഗലം സ്വദേശിയായ ഷാജിയെന്നയാള്‍ അയല്‍വാസിയായ നന്ദനനെ അക്രമിച്ചെന്നതാണ് സംഭവം.
ഇരുവരും തമ്മില്‍ മുമ്പുണ്ടായിരുന്ന വിഷയത്തിന്റെ പേരിലായിരുന്നു അക്രമം. ഇതേ സമയമം വീട്ടില്‍ നിന്നു പി.കെ. ഷാജി കടയില്‍ സാധനം വാങ്ങാനെത്തിയതായിരുന്നു. അടിപിടിയില്‍ പരിക്കേറ്റ നന്ദനെ സൈക്കിളില്‍ ആശുപത്രിയിലാക്കി എന്ന തെറ്റ് മാത്രമേ പി.കെ. ഷാജി ചെയ്തുള്ളൂ.
ഈ കേസിലാണ് സാക്ഷിയായ പി.കെ. ഷാജി കുറ്റപത്രം കോടതിയിലെത്തി വിസ്താരം നടന്നടപ്പോള് പ്രതിയായി മാറിയത്. എന്നാല്‍, യഥാര്‍ഥ പ്രതിയാകട്ടെ നിലവില്‍ അപ്രത്യക്ഷനായിരിക്കുകയുമാണ്.അടിപിടിക്കേസില്‍ മര്‍ദനമേറ്റ നന്ദനന്റെ മൊഴിയിലും സാക്ഷിയായിരുന്ന പി.കെ. ഷാജി നല്കിയ മൊഴിയിലും പ്രതി കേളമംഗലം സ്വദേശിയായ ഷാജിയെപ്പ റ്റി പറയുന്നുണ്ടെങ്കിലും ഇയാളെ പോലീസ് അന്വേഷിച്ചില്ല.
കേസെടുത്ത് ഒരു വര്‍ഷത്തോളം പിന്നിട്ടപ്പോള്‍ പ്രതിമാറിയ വിവരം പി.കെ. ഷാജിയും പരാതിക്കാരനായ നന്ദനനും അറിഞ്ഞു. ഇരുവരും ചേര്‍ന്ന് ചേര്‍ത്തല പോലീസ് സ്റ്റേഷനിലെത്തി പ്രതി മാറിയവിവരം അറിയിച്ചിരുന്നു. അതുമാറ്റിക്കൊള്ളാമെന്ന് അറിയിച്ചെങ്കിലും കഴിഞ്ഞദിവസം സമന്സെത്തിയപ്പോഴാണ് സാക്ഷി തന്നെ പ്രതിയായ വിവരം ഷാജി മനസിലാക്കുന്നത്.
പിന്നീട് കോടതിയില്‍നിന്നു ജാമ്യമെടുത്തു. എങ്കിലും പ്രതിയായി കോടതി കയറിയിറങ്ങുന്നതിന്റെ വിഷമത്തിലാണ് കയര്‍ത്തൊഴിലാളിയായ പി.കെ. ഷാജി. സംഭവത്തില്‍ കോടതിയുടെ കനിവ് പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് പി.കെ. ഷാജി.