സീമ മോഹന്‍ലാല്‍
കൊച്ചി: സംസ്ഥാനത്ത് പോലീസുകാര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ ഡ്യൂട്ടി ക്രമീകരണം വേണമെന്ന ആവശ്യം ശക്തമാകുന്നു. രോഗവ്യാപനം ഉണ്ടാകുന്ന ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്നവരാണ്.
അതിനാല്‍ തന്നെ ഈ രോഗവ്യാപനം സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനും വിഘാതം സൃഷ്ടിക്കാന്‍ സാധ്യതയുള്ളതെന്നതിനാല് ഡ്യൂട്ടി ക്രമീകരണം വേണമെന്ന ആവശ്യവുമായി പോലീസ് സംഘടനകള്‍ സംസ്ഥാന പോലീസ് മേധാവിയെ സമീപിച്ചിരിക്കുകയാണ്.
ഏതു ഗുരുതര സാഹചര്യത്തിലും പോലീസിംഗ് നടക്കേണ്ടത് അത്യാന്താപേക്ഷിതമായതിനാല്‍ ഡ്യൂട്ടി ക്രമീകരണം അനിവാര്യമാണെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
രോഗവ്യാപനം സമ്പര്‍ക്കത്തിലൂടെ നടക്കുന്നതിനാല്‍ അത് കുറയ്ക്കുന്നതിനായി പൊതുജനങ്ങളില്‍നിന്ന് പരാതികള്‍ സ്വീകരിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുക, ഇതിനായി നിലവിലെ ഓണ്‍ലൈന്‍ സംവിധാനം കൂടുതല്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കുക, അടിയന്തിര ഘട്ടങ്ങളിലൊഴികെയുള്ള വാഹന പരിശോധന പൂര്‍ണമായും ഒഴിവാക്കുക, സ്റ്റേഷനുകളിലെ പ്രധാനപ്പെട്ടതും ഒഴിച്ചു കൂടാന്‍ സാധിക്കാത്തതുമായ ഡ്യൂട്ടികള്ക്കുമാത്രം പോലീസുകാരെ വിനിയോഗിക്കുക, അടിയന്തിര സാഹചര്യങ്ങളിലൊഴികെ പ്രിസന്‍ എസ്കോര്‍ട്ട് ഡ്യൂട്ടി പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുക, അടിയന്തിര സ്വഭാവം ഇല്ലാത്ത വിവിധതരം സ്ക്വാഡുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി പിന്‍വലിച്ച് പോലീസ് സ്റ്റേഷനുകളിലെ അടിയന്തിര ഡ്യൂട്ടികള്‍ക്കായി വിനിയോഗിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, പോലീസുദ്യോഗസ്ഥരില്‍ ഗുരുതര രോഗം ബാധിച്ചവര്‍ക്കും ഗര്‍ഭിണികള്‍ക്കും രണ്ടു വയസില്‍ താഴെയുള്ള കുട്ടികളുടെ അമ്മമാര്‍ക്കും സര്‍ക്കാരുത്തരവിന് വിധേയമായുള്ള ഡ്യൂട്ടി ഇളവുകള്‍ നല്‍കുക, കോവിഡ് ബാധിതരായ തടവുകാരെ പ്രത്യേകം സെല്ലുകളില്‍ പാര്‍പ്പിക്കുക എന്നീ ആവശ്യങ്ങളാണ് പോലീസ് സംഘടനകള്‍ സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം കോവിഡ് മൂന്നാം തരംഗത്തില്‍ കൊച്ചി സിറ്റി പോലീസില്‍ ഇതുവരെ 500 ഓളം പോലീസുകാരാണ് കോവിഡ് ബാധിതരായിരിക്കുന്നത്. നിലവില്‍ 200 ഓളം പോലീസുകാര്‍ ഹോം ക്വാറന്റൈനിലുമുണ്ട്.
കൊച്ചു കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ പല പോലീസുകാരുടെ കുടുംബാംഗങ്ങളെയും കോവിഡ് ബാധിച്ചിട്ടുണ്ട്. പല സ്റ്റേഷനുകളിലും പകുതിയിലധികം പേര്‍ക്കും കോവിഡ് ബാധിച്ചിരിക്കുകയാണ്.
പോലീസുകാര്‍ കൂട്ടത്തോടെ ക്വാറന്റൈനിൽ പോകുന്നതിനാല്‍ പല സ്റ്റേഷനുകളിലെയും പ്രവര്‍ത്തനവും അവതാളത്തിലായിരിക്കുകയാണ്.