സീമ മോഹൻലാൽ
കൊച്ചി: കേരള പോലീസിൽ ആറു വർഷമായി മുടങ്ങിക്കിടന്നിരുന്ന എസ്ഐ, എഎസ്ഐ പ്രമോഷൻ യാഥാർഥ്യമായി. ഹൈക്കോടതിയാണ് ഇതു സംബന്ധിച്ച ഉത്തരവ് സംസ്ഥാന സർക്കാരിന് കൈമാറിയിരിക്കുന്നത്. സീനിയോറിട്ടി സംബന്ധിച്ച് കേരള ഹൈക്കോടതിയിൽ കേസ് നടക്കുകയായിരുന്നു.
2012-ലാണ് എസ്ഐ, എഎസ്ഐ പ്രമോഷൻ അവസാനമായി നടന്നത്. ആദ്യ ഉത്തരവ് അനുസരിച്ച് തിരുവനന്തപുരം റേഞ്ചിലെ 175 സീനിയർ സിപിഒ മാരെയും തൃശൂർ റേഞ്ചിൽ 143 സീനിയർ സിപിഒമാരെയും എഎസ്ഐമാരാക്കി വെള്ളിയാഴ്ച പ്രമോട്ടുചെയ്തിരുന്നു. കണ്ണൂർ, എറണാകുളം റേഞ്ചുകളിലെ പ്രമോഷൻ ഉത്തരവ് ഇന്നലെ ഇറങ്ങി. എഎസ്ഐ പ്രമോഷനു പുറകെ എഎസ്ഐമാരുടെ എസ്ഐ പ്രമോഷനും നടക്കും. അപ്പോൾ ഒഴിവുവരുന്ന എഎസ്ഐ പോസ്റ്റിലേക്ക് വീണ്ടും സീനിയർ സിപിഒമാരെ നിയമിക്കും.
പ്രമോഷൻ നടപടികൾ പൂർത്തിയാകുന്ന പ്രകാരം കേരള പോലീസിലെ 1100 പേർക്ക് എസ്ഐമാരായും സീനിയർ സിപിഒ വിഭാഗത്തിൽ 2100 പേർക്ക് എഎസ്ഐമാരായും പ്രമോഷൻ ലഭിക്കും. പ്രമോഷൻ നടപടികൾ വേഗത്തിലാക്കാൻ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ ശക്തമായ ഇടപെടൽ ഉണ്ടായിരുന്നു.
നിലവിൽ സീനിയോറിട്ടി എങ്ങനെ ആകണം എന്നത് ഹൈക്കോടതിയുടെ അന്തിമ വിധിക്ക് അനുസരിച്ചായിരിക്കും. അതിനുശേഷമേ പ്രമോഷനുകൾ കൃത്യമായി റെഗുലറൈസ് ചെയ്യുകയുള്ളൂ. നിലവിൽ പ്രമോഷൻ ലഭിക്കുന്ന എസ്ഐമാരെ സ്വാഭാവികമായും 2012 മുതൽ റഗുലറൈസേഷൻ നടത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ 2012 ന് ശേഷമുള്ള എസ്ഐമാരുടെ സീനിയോറിട്ടി ലിസ്റ്റ് അതിനുശേഷമേ പ്രസിദ്ധീകരിക്കുകയുള്ളൂ എന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ ആറു വർഷമായി അർഹമായ പ്രമോഷൻ ലഭിക്കാതെ എൻട്രി കേഡറിൽ വിരമിച്ച നിരവധി പോലീസ് ഉദ്യോഗസ്ഥരുണ്ട്. സീനിയോറിട്ടി ലിസ്റ്റ് തയാറാക്കുന്നതിൽ ചില അപാകതകളുണ്ടെന്ന് മുന്പ് ആക്ഷേപമുണ്ടായിരുന്നു. കേരള പോലീസിൽ സബ് ഇൻസ്പെക്ടർ റാങ്കിലേക്ക് രണ്ട് രീതിയിലാണ് നിയമനം നടക്കുന്നത്. പോലീസ് കോണ്സ്റ്റബിൾ ആയി സർവീസിൽ കയറി പ്രമോഷൻ ലഭിച്ച് എസ്ഐ റാങ്കിൽ എത്തുന്നവരും, സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് നേരിട്ട് നിയമനം ലഭിച്ച് വരുന്നവരും ഇക്കൂട്ടത്തിൽപ്പെടും.
നിലവിലുള്ള നിയമപ്രകാരം ആകെയുള്ള സബ് ഇൻസ്പെക്ടർ തസ്തിക യിൽ അന്പതു ശതമാനം നേരിട്ട് നിയമനത്തി ലൂടെയും, അന്പതുശതമാനം പ്രമോഷനി ലൂടെയുമാണ് നികത്തേണ്ടത്. അതായത് സബ് ഇൻസ്പെക്ടർ തസ്തികയിലെ നിയമന അനുപാതം 1:1 ആണ്. എസ്ഐ തസ്തികയിൽ എത്തുന്നവരുടെ സീനിയോറിട്ടി 1:1 അനുപാതത്തിലാണ് വരേണ്ടത്.
അതായത് ഒരു ഡയറക്ട് എസ്ഐ കഴിഞ്ഞാൽ ഒരു പ്രമോട്ടട് എസ്ഐ എന്ന രീതിയിൽ സീനിയോറിട്ടി ലിസ്റ്റ് തയാറാക്കണമെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ഈ രീതിയിലുള്ള ലിസ്റ്റ് തയാറാക്കൽ ഇതുവരെ നടന്നിട്ടില്ലെന്നും ആക്ഷേപമുണ്ട്. ഇത് കൃത്യമായി നടപ്പിലാക്കണമെന്നാണ് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ ആവശ്യം.