നവാസ് മേത്തര്‍
തലശേരി: സംസ്ഥാന ആഭ്യന്തര വകുപ്പില്‍ പോലീസിന്റെ സ്ഥലമാറ്റത്തെ ചൊല്ലി ആഭ്യന്തര കലാപം രൂക്ഷം. സര്‍ക്കാര്‍ സ്ഥലം മാറ്റിയ ഡിവൈഎസ്പിമാര്‍ സ്ഥലം മാറ്റ ഉത്തരവിറങ്ങി മൂന്നാഴ്ച പിന്നിടുമ്പോഴും സ്ഥാനമൊഴിയാന്‍ പോലും തയാറാകാത്തത് പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെ താളം തെറ്റിക്കുന്നു. ഇതിനിടയില്‍ 14 സിഐമാരെ കൂടി സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവും പുറത്തിറങ്ങി.
മുഖ്യമന്ത്രിയുടെ സ്വന്തം സ്ഥലമായ തലശേരിയിലെ സിഐ പ്രദീപന് കണ്ണിപ്പൊയിൽ ഉൾപ്പെടെ 14 സിഐമാരുടെ സ്ഥലം മാറ്റത്തിലാണ് ഡിജിപി കഴിഞ്ഞ ദിവസം ഒപ്പു വെച്ചത്. തളിപ്പറമ്പ് സിഐയായിരുന്ന പ്രേമചന്ദ്രനെയാണ് തലശേരി സിഐയായി നിയമിച്ചിട്ടുള്ളത്.
നേരത്തെ സ്ഥലം മാറ്റിയ 100 ഡിവൈഎസ്പിമാരില്‍ ഭൂരിഭാഗം പേരും സ്ഥാനമൊഴിയാത്തതിനിടയിലാണ് സിഐമാരുടെ സ്ഥലമാറ്റ ഉത്തരവും ഇറങ്ങിയിട്ടുള്ളത്. ഡിവൈഎസ്പിമാരുടെ സ്ഥലംമാറ്റ ഉത്തരവിറങ്ങിയിട്ടും സ്ഥാനമൊഴിയാൻ ഉദ്യോഗസ്ഥര്‍ തയാറാകാത്തത് പോലീസില്‍ ചേരിതിരിവും സൃഷ്ടിച്ചിട്ടുണ്ട്.
സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ഡിജിപി സെന്‍കുമാര്‍ പോലീസ് മേധാവിയായി ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായിട്ടാണ് കഴിഞ്ഞ നാലിന് സംസ്ഥാനത്തെ 100 ഡിവൈഎസ്പിമാരെ സ്ഥലം മാറ്റിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത്. എന്നാല്‍ ഉത്തരവിറങ്ങി മൂന്നാഴ്ച പിന്നിട്ടിട്ടും 10 ശതമാനം പേര് പോലും സ്ഥാനമൊഴിയാനോ പുതിയ ചുമതലയേല്‍ക്കാനോ തയാറായിട്ടില്ല.
മേയ്, ജൂൺ മാസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡിവൈഎസ്പിമാരിൽ പലരും സർവീസിൽ നിന്നും വിരമിക്കുന്നുണ്ട്. ഈ തസ്തികകൾ ലക്ഷ്യം വച്ചാണ് നിലവിൽ സ്ഥലമാറ്റ ഉത്തരവിൽ ഉൾപ്പെട്ടിട്ടുള്ളവരിൽ പലരും സ്ഥാനമൊഴിയാൻ തയാറാകാത്തതെന്നും റിപ്പോർട്ടുണ്ട്. ഗ്ലാമർ ഉള്ള സുരക്ഷിത സ്ഥാനങ്ങൾ തേടി സ്ഥലം മാറ്റപ്പെട്ടവരിൽ പലരും ഭരണകക്ഷിയിൽപ്പെട്ട നേതാക്കളുടെ പിന്നാലെയും പായുന്നുണ്ട്.
സാധാരണ ആഭ്യന്തര വകുപ്പിലെ ഉത്തരവുകള്‍ ഇറങ്ങിയാല്‍ പെട്ടെന്ന് തന്നെ നടപ്പിലാക്കുകയാണ് പതിവ്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇനിയും ഉത്തരവ് പ്രാവര്‍ത്തികമാകാത്തത് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അസംതൃപ്തി ഉളവാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ അഡ്മിനിസ്ട്രേഷൻ ഡിവൈഎസ്പി ടി.പി. രഞ്ജിത്ത്, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി കെ.വിശ്വനാഥൻ എന്നിവരുൾപ്പെടെ മൂന്നുപേരാണ് സ്ഥലമാറ്റ പട്ടികയിൽ ഉള്ളത്.
ഇവരാരും ഇതുവരെ സ്ഥാനമൊഴിയുകയോ പുതിയ ചുമതലകള്‍ ഏറ്റെടുക്കുയോ ചെയ്തിട്ടില്ല. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുമുള്ള ഡിവൈഎസ്പിമാരായ എല്‍. സുരേന്ദ്രന്, സിനി ഡെന്നീസ് എന്നിവരേയും മാറ്റിയെങ്കിലും ഇവരും ചുമതല ഒഴിഞ്ഞിട്ടില്ല. കോഴിക്കോട് റൂറലില്‍ നിന്നും ഡിവൈഎസ്പിമാരായ ശ്രീനിവാസന്, ചന്ദ്രന്, ജയ്സണ്‍ കെ. ഏബ്രഹാം, കുബേരന് നമ്പൂതിരി, മര്‍ക്കോസ് തുടങ്ങിയവരാണ് സ്ഥമാറ്റ ലിസ്റ്റിലുള്ളത്.
തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് ഇറങ്ങി കൊണ്ടിരിക്കുന്ന സ്ഥലം മാറ്റ ഉത്തരവുകള്‍ സംബന്ധിച്ച വിവാദങ്ങള്‍ മുറുകി കൊണ്ടിരിക്കുന്നതിനിടയിലാണ് ആഭ്യന്തര വകുപ്പ് നേരിട്ടിറക്കിയ ഉത്തരവ് ഇപ്പോഴും കടലാസില്‍ തന്നെ കിടക്കുന്നത്.സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവുകള്‍ സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിക്കുകയും പോലീസ് ആസ്ഥാനത്ത് ഉന്നത ഉദ്യാഗസ്ഥര്‍ തമ്മിലുള്ള വാക്കേറ്റവും നാട്ടില്‍ പാട്ടായതോടെ പോലീസിന്റെ കെട്ടുറപ്പ് വരെ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് ഒരു റിട്ട. ഐപിഎസ് ഉദ്യോഗസ്ഥന് ചൂണ്ടിക്കാട്ടുന്നത്.
ഉന്നത പോലീസ് ഉദ്യാഗസ്ഥരുടെ പേരില്‍ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥര്‍ ചേരി തിരിഞ്ഞ് നിലയുറപ്പിച്ചതായിട്ടുമുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. സംസ്ഥാന പോലീസ് ചീഫിനെ ഒഴിവാക്കി കൊണ്ട് പോലീസ് ആസ്ഥാനത്തെ വാട്സ് ആപ്പ് കൂട്ടായ്മയും ഇതിനകം വിവാദമായിരുന്നു.