സീമ മോഹന്‍ലാല്‍
കൊച്ചി: അടിയന്തരഘട്ടങ്ങളില്‍ പോലീസ് സഹായം ആവശ്യപ്പെട്ട് കേരള പോലീസിന്റെ ടോള്‍ ഫ്രീ നമ്പറായ 112 ലേക്ക് പ്രതിദിനം എത്തുന്നത് അയ്യായിരത്തിലധികം കോളുകള്‍.
ഇതില്‍ സംസ്ഥാനമൊട്ടാകെ പോലീസിന്റെ സേവനം ഉടന്‍ ആവശ്യമെന്നു തോന്നുന്ന 600 കോളുകളിലാണ് പ്രതിദിനം കേസ് എടുക്കുന്നത്. ബാക്കിയുള്ളവ വിവരങ്ങള്‍ നല്‍കാനും അന്വേഷണങ്ങള്‍ക്കും മറ്റുമായി എത്തുന്ന കോളുകളാണ്.
112 ലേക്ക് ഏറ്റവുമധികം കോളുകള്‍ വരുന്നത് തിരുവനന്തപുരം ജില്ലയില്‍ നിന്നാണ്. ഇതില്‍ കഴിഞ്ഞ വ്യാഴാഴ്ച മാത്രം തിരുവനന്തപുരം സിറ്റി, റൂറല്‍ പരിധിയിലെത്തിയ ഫോണ്‍ കോളുകളില്‍ നിന്ന് 115 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.
രണ്ടാം സ്ഥാനം എറണാകുളം ജില്ലയക്കാണ്. എറണാകുളം ജില്ലയില്‍ വ്യാഴാഴ്ച 107 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കൊല്ലം, കോഴിക്കോട്, തൃശൂര്‍ എന്നീ ജില്ലകളാണ് തൊട്ടു പിന്നാലെയുള്ളത്.
2019 ഫെബ്രുവരിയിലാണ് 112 ടോള്‍ ഫ്രീ സംവിധാനം ആരംഭിച്ചത്. തിരുവനന്തപുരം വഴുതക്കാട് സംസ്ഥാന പോലീസ് ആസ്ഥാനത്താണ് 112 ന്റെ എമര്‍ജന്‍സി റസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്.
സംസ്ഥാനത്ത് എവിടെ നിന്നും 112 ലേക്ക് വിളിച്ചാലും പോലീസ് ആസ്ഥാനത്തെ ഈ കണ്ട്രോള് റൂമിലേക്ക് വിളിയെത്തും. ടോള്‍ഫ്രീ നമ്പറിന് പുറമെ 112 എന്ന നമ്പറിലേക്ക് ടെക്സ്റ്റ് മെസേജായും പോലീസ് സേവനം ആവശ്യപ്പെടാം.
മെസേജ് ലഭിക്കുന്ന മുറയ്ക്ക് എമര്‍ജന്‍സി റസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തില്‍നിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ തിരിച്ച് ബന്ധപ്പെടും.
ഇതിനുപുറമേ സ്മാര്‍ട്ട് ഫോണുകളില്‍ ലഭ്യമായ “112 ഇന്ത്യ’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും പോലീസിന്റെ ഈ സേവനം ലഭിക്കും. ഈ ആപ്ലിക്കേഷന്‍ ലഭ്യമായ ബട്ടണ്‍ അമര്‍ത്തിയും 112 ന്റെ സേവനം തേടാന്‍ കഴിയും.
മൊബൈലിലെ ജിപിഎസ് സംവിധാനം വഴി സേവനം തേടിയ ആളുടെ കൃത്യമായ ലൊക്കേഷന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാകും.
ഏഴു മിനിറ്റിനുള്ളില്‍ പോലീസ് എത്തും
112 ലേക്ക് ഒരു കോള്‍ എത്തിയാല്‍ വിളിക്കുന്ന ആളുടെ പേര്, ആവശ്യമായ സേവനം എന്നിങ്ങനെ വേണ്ട വിവരങ്ങള്‍ ശേഖരിച്ച ശേഷം വിളിക്കുന്ന വ്യക്തി നില്ക്കുന്ന സ്ഥലം ലൊക്കേഷന്‍ ബേസ്ഡ് സര്‍വീസ് സഹായത്തോടെ കണ്ടെത്തി അത് രേഖപ്പെടുത്തും.
എന്നാല്‍ ചില മൊബൈല്‍ സേവനദാതാക്കളില്‍ ഈ സൗകര്യം ലഭ്യമല്ലാത്തതിനാല്‍ കോള്‍ സ്വീകരിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് തന്നെ വിളിക്കുന്ന വ്യക്തിയുടെ ലൊക്കേഷന്‍ മാപ്പില്‍ അടയാളപ്പെടുത്തും. തുടര്‍ന്ന് ബന്ധപ്പെട്ട പോലീസ് ജില്ലക്ക് കീഴിലുള്ള ജില്ല കണ്ട്രോള് റൂമിലേക്ക് ഈ സന്ദേശം കൈമാറും.
നിലവില്‍ സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിലും എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിന്റെ ഭാഗമായുള്ള ജില്ലാ കോര്‍ഡിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവിടെനിന്ന് 112 ല്‍ സേവനം ആവശ്യപ്പെട്ട് വിളിച്ച വ്യക്തിക്ക് സമീപമുള്ള കണ്ട്രോള് റൂം വാഹനം അല്ലെങ്കില്‍ സ്റ്റേഷനിലെ പോലീസ് വാഹനം എന്നിവ ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ കണ്ടെത്തി അതില്‍ ഘടിപ്പിച്ചിരിക്കുന്ന ടാബില്‍ വിവരങ്ങള്‍ കൈമാറുകയാണ് ചെയ്യുന്നത്.
വിവരം ലഭിച്ച് ഏഴു മിനിറ്റിനുള്ളില്‍ പോലീസ് സംഘം സ്ഥലത്തെത്തി സ്വീകരിച്ച നടപടി എന്തെന്നുള്ളത് ഈ ടാബില്‍ രേഖപ്പെടുത്തും.
അതേസമയം, പോലീസ് ജീപ്പിന്റെ ലഭ്യതയും സ്ഥലത്തേക്കുള്ള ദൂരമനുസരിച്ചും പോലീസ് എത്തുന്ന സമയത്തില്‍ മാറ്റം വരാം. ടാബില്‍ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ ജില്ലാ കോര്‍ഡിനേഷന്‍ സെന്ററിലും സംസ്ഥാന പോലീസ് ആസ്ഥാനത്തെ എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിലും അറിയാന്‍ സാധിക്കും.
112 ലേക്ക് ഒരു കോള്‍ ലഭിച്ച് 14 മിനിറ്റിനുള്ളില്‍ ലഭിക്കുന്ന ഒരു കേസ് പൂര്‍ത്തിയാക്കാന്‍ സാധിക്കും. കോളിന് പോലീസ് നല്കിയ സേവനത്തെക്കുറിച്ചു പൊതുജനത്തിന് വിലയിരുത്താനും സംവിധാനമുണ്ട്.
ഇതിനായി നാല് ഡിവിഷനുകളായി തിരിച്ച് ഫീഡ് ബാക്ക് കോളുകള്‍ ചെയ്യുന്നതിനായി ഒരു ഡെസ്ക് സജ്ജമാണ്. ഇവര്‍ 112 ലേക്ക് പോലീസ് സേവനം ആവശ്യപ്പെട്ട് വിളിച്ച വ്യക്തിയെ തിരികെ വിളിച്ച് അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തും.
മൂന്ന് ഷിഫ്ടുകളായാണ് ഇവിടെ പോലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ഷിഫ്ടില്‍ 20 പോലീസ് ഉദ്യോഗസ്ഥര്‍ വീതം ഉണ്ടാകും.
ആംബുലന്‍സ്, റെയില്‍വേ പോലീസ്, പിങ്ക് പോലീസ് സേവനങ്ങള്‍ എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.
നേരംപോക്കിനു വിളിച്ചാല്‍ കുടുങ്ങും
നേരം പോക്കിനു 112 ലേക്കു വിളിക്കുന്നവരെ പോലീസ് പൊക്കും. അത്തരത്തില്‍ ഫോണ്‍ വിളിച്ച നാലു പേരെ പോലീസ് പിടികൂടുകയുണ്ടായി.
112 ലേക്ക് വിളിച്ച് പോലീസുകാരെ ചീത്തവിളിക്കുക, അര്‍ധരാത്രിയില്‍ വനിതാപോലീസുകാരോട് മോശമായി സംസാരിക്കുക, തെറ്റായ വിവരം നല്കുന്ന എന്നിവയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്.
ഇത്തരക്കാരുടെ നേരംപോക്കിനിടയില്‍ പലപ്പോഴും ആവശ്യക്കാരുടെ കോളുകള്‍ യഥാസമയം പോലീസിന് ലഭിക്കാന്‍ കാലതാമസമുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.