കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളില്‍ ഇന്നു മുതല്‍ വാര്‍ഷിക പൊതു പരീക്ഷാക്കാലം തുടങ്ങുകയാണ്. ആവര്‍ത്തിച്ചു പഠിച്ചാലും പഠിച്ചു തീര്‍ന്നില്ല, നല്ല മാര്‍ക്കു കിട്ടുമോ തുടങ്ങി നൂറു കൂട്ടം ആധിയുമായി പരീക്ഷയെ പേടിയോടെ നോക്കിക്കാണുന്നവരാണ് വിദ്യാര്‍ഥികളില്‍ ഏറെയും.
ഇനിയെങ്ങാനും പരീക്ഷയ്ക്ക് തോറ്റുപോയാല്‍ ജീവിതം തന്നെ വേണ്ടെന്നു വയ്ക്കുന്നവരും വിരളമല്ല. കുട്ടികളെ, അങ്ങനെയൊക്കെ ടെന്‍ഷന്‍ അടിക്കുന്നതിനു മുമ്പ് കേരള പോലീസിന്റെ ചിരി ഹെല്പ് ലൈന്‍ നമ്പറായ 9497900200 ലേക്ക് വിളിക്കൂ. നിങ്ങളുടെ ചിരി മങ്ങാതിരിക്കാനുള്ള ഉപദേശവും കൗണ്‍സലിംഗുമൊക്കെ ഇവിടെ ലഭ്യമാണ്.
കുട്ടികളിലെ മാനസിക സമ്മര്‍ദം ലഘൂകരിക്കാനും അവരെ ചിരിപ്പിക്കാനുമായി കേരള പോലീസ് ആരംഭിച്ചതാണ് “ചിരി’ ഹെല്പ് ലൈന്‍. ഇന്ന് മുതല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ തുടങ്ങിയിരിക്കുകയാണ്.
പരീക്ഷയ്ക്കു ദിവസങ്ങള്‍ക്കു മുന്നേതന്നെ പരീക്ഷാപ്പേടിയുമായി ബന്ധപ്പെട്ട് 150 ഫോണ്‍ കോളുകളാണ് ചിരി ഹെല്പ് ലൈനിലേക്ക് എത്തിയത്. ഇതില്‍ 32 കോളുകള്‍ കോഴിക്കോട് ജില്ലയില്‍ നിന്നുളള വിദ്യാര്‍ഥികളുടേതാണ്.
ഇതുവരെ എത്തിയത് 56,238 ഫോണ്‍ കോളുകള്‍ ചിരി ഹെല്പ് ലൈന്‍ ആരംഭിച്ച 2020 ജൂലൈ മുതല്‍ ഇതുവരെ 56,238 ഫോണ്‍കോളുകളാണ് ഇവിടേയ്ക്ക് എത്തിയത്.
തുടക്കത്തില്‍ കുട്ടികളുടെ ഫോണ്‍കോളുകളാണ് കൂടുതലായും എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ രക്ഷിതാക്കളാണ് അധികവും വിളിക്കുന്നത്. ഇതില്‍ 15,225 എണ്ണം ഡിസ്ട്രസ്ഡ് കോളുകളാണ്. 41,103 കോളുകള്‍ അന്വേഷണത്തിനായി വിളിച്ചവയാണ്.
മാനസിക സമ്മര്‍ദവുമായി ബന്ധപ്പെട്ട 4574 കോളുകളും പഠന വൈകല്യം സംബന്ധിച്ച 2184 കോളുകളും അമിതമായ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട 2338 കോളുകളും മൊബൈല്‍ ഫോണ്‍ ഗെയിം കളിയെക്കുറിച്ചുള്ള 1359 കോളുകളും ചിരി ഹെല്പ് ലൈനിലേക്ക് എത്തി.
കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പറയാനായി 1260 കുട്ടികളും വിളിക്കുകയുണ്ടായി. 4,883 കോളുകളുമായി മലപ്പുറം ജില്ലയാണ് മുന്നില്‍. രണ്ടാം സ്ഥാനം കോട്ടയം ജില്ലയ്ക്കാണ് 3761 കോളുകള്‍. 3710 ഫോണ്‍ കോളുകളുമായി ആലപ്പുഴ ജില്ലയാണ് മൂന്നാം സ്ഥാനത്തുള്ളത്.
സീമ മോഹന്‍ലാല്‍