കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശനത്തില്‍ പോലീസിന്റെ വീഴ്ചക്കെതിരേ ഫേസ്ബുക്കില്‍ പൊങ്കാല. ഇന്നലെ ശബരിമലയിലേക്ക് പോയ യുവതിയ്ക്ക് പോലീസ് ഉപയോഗിക്കുന്ന വസ്ത്രം, ഹെല്‍മറ്റ്, ജാക്കറ്റ് എന്നിവ നല്കിയ സംഭവം ഏറെ വിവാദമായി നിലനില്‍ക്കെ , വിശദീകരണവുമായി എത്തിയ ഫേസബ്ക്ക് പോസ്റ്റിലാണ് പോലീസിനെതിരേ രൂക്ഷ വിമര്‍ശനമുയരുന്നത്.
അതേസമയം പോലീസ് ആക്ടിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനെ കുറിച്ച് വളരെ ലാഘവത്തോടെയുള്ള മറുപടിയാണ് ഫേസ്ബുക്കിലൂടെ നല്‍കിയത്. “അത്യാഹിതം സംഭവിച്ചിരുന്നെങ്കില്‍ ഇതായിരിക്കില്ലെ കേള്‍ക്കേണ്ടിവരുന്ന പഴിയെന്ന മറുപടിയാണ് കത്തിനില്‍ക്കുന്ന വിവാദ വിഷയത്തിന് പോലീസ് നല്‍കിയത്. കേരള പോലീസ് ആക്ട് 2011 (ആക്ട് എട്ട് ഓഫ് 2011)ലെ സെക്ഷന്‍ 43(നാല്) അനുസരിച്ച് അനുസരിച്ച് പോലീസുകാരന് ഒഫീഷ്യല്‍ ഡ്യൂട്ടിക്ക് അല്ലാതെ മറ്റൊരാളും പോലീസ് യൂണിഫോം അല്ലെങ്കില്‍ യൂണിഫോം എന്ന് തോന്നിക്കുന്ന വസ്ത്രമോ ശാസ്ത്രീയപരവും കലാപരവുമായ ആവശ്യങ്ങളുടെ ഉപയോഗത്തിനല്ലാതെ മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കരുതെന്ന് വിശദമാക്കിയിട്ടുണ്ടെന്ന് പോലീസിനെ “പഠിപ്പിക്കുന്ന’ കമന്റുകള്‍ പേജില്‍ നിറയുന്നുണ്ട്. ഇതോടെ ഈ വിഷയത്തില്‍ പിന്നീട് പോലീസ് മൗനം പാലിക്കുകയായിരുന്നു.
അതേസമയം വിവാദം നിലനില്‍ക്കെ പോലീസിന്റെ കൃത്യനിര്‍വഹണത്തെ കുറിച്ചുള്ള വിശദീകരണവുമായാണ് ഫേസബ്ക്കില് പോസ്റ്റിട്ടത്. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ആചാരങ്ങളെയും വിശ്വസങ്ങളേയും ബഹുമാനിക്കുന്നുവെന്ന് വ്യക്തമാക്കി വിശദീകരിക്കുന്നത്.
ആക്ഷന്‍ഹീറോ ബിജുവിലെ ജോലിയോടും സമൂഹത്തോടും കൂറുപുലര്‍ത്തുന്ന ബിജുപൗലോസ് എന്ന പോലീസ് ഓഫീസറുടെ വേഷത്തിലുള്ള നിവിന്‍പോളിയുടെ ഫോട്ടോസഹിതം അക്രമികള്‍ക്കെതിരേ നിലപാടെടുക്കുമെന്ന് കഴിഞ്ഞ ദിവസം ഔദ്യോഗിക പേജില്‍ തന്നെ പോലീസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആചാരവും വിശ്വാസവും നിയമവുമെല്ലാം സംയോജിപ്പിച്ചുകൊണ്ട് “ഭക്തിസാന്ദ്രത’യോടു കൂടി പോലീസ് പോസ്റ്റിട്ടത്. സിനിമയിലെ താരങ്ങളുടെ അകമ്പടിയൊന്നുമില്ലാതെ ശബരിമലയിലെ പോലീസിന്റെ സേവനങ്ങള്‍ വ്യക്തമാക്കുന്ന ഫോട്ടോയാണ് ഇത്തവണ ഫേസ്ബുക്കിലിട്ടത്.
ഇതോടെ സമൂഹമാധ്യമങ്ങളിലൂടെയുള്ള പോലീസിനെതിരേയുള്ള പ്രചരണങ്ങള്‍ക്ക് മൂര്‍ച്ച കുറയുമെന്ന പ്രതീക്ഷയാണുള്ളത്. ” ആചാരങ്ങളെയും വിശ്വാസങ്ങളെയും ഞങ്ങള്‍ ബഹുമാനിക്കുന്നു. നിയമവ്യവസ്ഥയെ അംഗീകരിക്കേണ്ട ഉത്തരവാദിത്വവും ഞങ്ങള്‍ക്കുണ്ടെന്ന വിശദീകരണത്തോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
“ആചാരങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന മഹത്തായ പാരമ്പര്യമാണ് കേരളാപോലീസിനുള്ളത്. പതിറ്റാണ്ടുകള്‍ പിന്നിടുന്ന സപര്യയാണ് ശബരിമലയിലെ ശരണപാതകളില്‍ പോലീസ് നിര്‍വഹിച്ചു പോരുന്നത്… കല്ലും മുള്ളും നിറഞ്ഞ കാനനപാതകളിലും വെയിലും മഞ്ഞും മഴയും നിറഞ്ഞ പ്രതികൂല സാഹചര്യങ്ങളിലും വിശ്വാസികള്‍ക്കൊപ്പം വ്രതനിഷ്ഠയോടെ തന്നെയാണ് കേരളാപോലീസ് സേവനസന്നദ്ധരായി നിലകൊണ്ടിട്ടുള്ളത്.. നീതി നിര്‍വഹണ സംവിധാനമെന്നനിലയില്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥയെയും പരമോന്നത നീതിപീഠത്തിന്റെ ഉത്തരവുകളെയും അംഗീകരിക്കേണ്ട സുപ്രധാനമായ ഉത്തരവാദിത്വവും കേരളപോലീസിനുണ്ട്…
‘സമര്‍പ്പിതമായ ഈ സേവനപാതയില്‍ കേരള പോലീസിനു കൂടുതല്‍ കരുത്തുപകരാന്‍ ഏവരുടെയും പിന്തുണ അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. അതേസമയം ഈ പോസ്റ്റിനും വിമര്‍ശിച്ചുള്ള പ്രതികരണങ്ങള്‍ അനേകമാണ്. നിലയ്ക്കലില്‍ പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ കല്ലേറിനെ കുറിച്ചും അഭിപ്രായമുയരുന്നുണ്ട്.
“ഡ്യൂട്ടിക്ക് ഇറങ്ങുമ്പോള്‍ ഹെല്‍മറ്റും ലാത്തിയും റയട്ടും ഷീല്‍ഡും എടുക്കാതെ പോകുന്നത് മണ്ടത്തരം അല്ലേ സര്, കല്യാണത്തിന് അല്ലല്ലോ ക്രമസമാധാനത്തിനു അല്ലേ പോകുന്നത്, അതുകൊണ്ടല്ലേ ഹെല്‍മറ്റ് മറ്റൊരാളുടെ എടുക്കേണ്ടി വന്നത്, ഇക്കണക്കിന് യുദ്ധത്തിന് പട്ടാളം പോകുമ്പോള്‍ തോക്ക് എടുക്കാതെ പോയിട്ട് തീവ്രവാദി യുടെ കൈയ്യില്‍ നിന്നും തോക്കു വാങ്ങുന്നത് പോലെ ആകുമല്ലോ’ എന്ന രൂക്ഷ വിമര്‍ശനമാണ് ഒരാള്‍ ഉന്നയിച്ചത്. അതേസമയം “ഹെല്‍മെറ്റും ഷീല്‍ഡും കരുതിയിരുന്ന പോലീസ് വാഹനത്തില്‍ പ്രതിഷേധക്കാരെ കയറ്റിക്കൊണ്ടു പോകേണ്ടി വന്നു. അതാണ് കാരണം’ എന്ന് പോലീസും വിശദീകരണം നല്കി.
“പതിറ്റാണ്ടുകള്‍ പിന്നിടുന്ന ശബരിമലയിലെ ആചാരങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിച്ചുകൊണ്ടും പാലിച്ചുകൊണ്ടും എങ്ങനെയാണ് നിങ്ങള്‍ക്ക് നീതിപീഠത്തിന്റെ ഇപ്പോഴത്തെ ഉത്തരവുകള്‍ പാലിക്കാന്‍ സാധിക്കുക .. ഒന്നു നിലനിര്‍ത്തുമ്പോള്‍ മറ്റൊന്ന് നഷ്ടപ്പെടില്ലേ .. ഏതെങ്കിലും ഒന്നല്ലേ പറ്റൂ ‘ എന്നും ചോദ്യമുയര്‍ന്നിരുന്നു. ‘നല്ലതു നടക്കണം എന്നാഗ്രഹിക്കുക’യെന്ന മറുപടിയാണ് ഈ ചോദ്യത്തിന് ഉത്തരമായി നല്‍കിയത്.