നാടോടുമ്പോള്‍ നടുവേ ഓടണമെന്നാണല്ലോ. ഈ പഴഞ്ചൊല്ല് ഏതായാലും കേരളാ പോലീസും ഏറ്റെടുത്തു കഴിഞ്ഞു. ഒരു തലമുറയെ നന്നാക്കാന്‍ ആ തലമുറയുടെ ബലഹീനതയെ തന്നെ എടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്നു. കേരളാ പോലീസിന്റെ സോഷ്യല്‍മീഡിയ വഴിയുള്ള ജനസമ്പര്‍ക്കത്തിന്റെയും ജനസേവനത്തിന്റെയും കാര്യമാണ് പറഞ്ഞു വരുന്നത്.
കേരളാ പോലീസ് എന്ന ഫേസ്ബുക്ക് പേജില്‍ വരുന്ന ട്രോളുകള്‍ മാത്രം മതി പോലീസ് എത്രമാത്രം വഴിമാറിയാണ് ജനക്ഷേമത്തിനായി പ്രവര്‍ത്തിച്ചു വരുന്നതെന്ന് മനസിലാക്കാന്‍. അതിന്റെ ഒടുവിലത്തെ ഊദാഹരണമാണ് ഇപ്പോള്‍ മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്.
ലോകമെങ്ങും തരംഗമായിരിക്കുന്ന കി കി ചലഞ്ച് കളിക്കുന്നവരെ ഉള്ളിലാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന ട്രോള്‍ വീഡിയോ അവതരിപ്പിച്ചിരിക്കുകയാണിപ്പോള്‍ കേരളാ പോലീസ്.
നടുറോഡില്‍ കി കി ചലഞ്ചിലെ പാട്ടുപാടി ഡാന്‍സ് കളിച്ച് പോകുന്ന ഫ്രീക്കനെ പിടിച്ച് പോലീസ് വണ്ടിയില്‍ കേറ്റുന്ന 26 സെക്കന്റ് വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ജാങ്കോ നീ അറിഞ്ഞോ, ഞാന്‍ പെട്ടു എന്ന ഡയലോഗ് ഉള്‍പ്പെടുത്തിയാണ് ഇത് ട്രോള്‍ ആക്കിയത്.
കനേഡിയന്‍ റാപ്പ് സിംഗറായ ഒബ്രി ഡ്രേക്ക് ഗ്രഹാമിന്റെ ഇന്‍ മൈ ഫീലിങ് എന്ന ഗാനത്തിലെ കികി ഡു യു ലൗ മി എന്ന വരിയെ ആധാരമാക്കിയാണ് ചലഞ്ച് നടക്കുന്നത്. പതിയെ പോകുന്ന കാറില്‍ നിന്നിറങ്ങി ഈ പാട്ടിനൊപ്പം നൃത്തം വയ്ക്കണമെന്നാണ് ചലഞ്ചിന്റെ നിയമം.
വിവിധ ലോക രാജ്യങ്ങളില്‍ കികി ചലഞ്ചിന് പ്രചാരമേറി വരുന്ന സാഹചര്യത്തിലാണ് ഇതിനെതിരേ ബോധവത്കരണവുമായി കേരളാ പോലീസിന്റെ സൈബര്‍ വിഭാഗം വീഡിയോ സന്ദേശവുമായെത്തിയത്. ഇത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.