കോട്ടയം: ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും ഒതുക്കാൻ പോലീസിന്റെ പുതിയ പദ്ധതി “ഓപ്പറേഷൻ റെയ്ഞ്ചർ”ഇന്നലെ ആരംഭിച്ചു. എറണാകുളം റേഞ്ചിന്റെ പരിധിയിൽ വരുന്ന പോലീസ് സ്റ്റേഷനുകളിൽ കേസുള്ള ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും ഒരു മാസത്തിനുള്ളിൽ ഒതുക്കുകയാണ് ഓപ്പറേഷൻ റെയ്ഞ്ചർ എന്ന പേരിട്ട പദ്ധതിയുടെ ഉദ്ദേശ്യം.
മൂന്നു തരത്തിലാണ് ഇതിനുള്ള നടപടികൾ നടക്കുന്നത്. ഇതിനായി മൂന്നു തരത്തിലുള്ള ലിസ്റ്റ് തയാറാക്കും. ഇതിൽ ആദ്യത്തേത് നിലവിൽ പ്രശ്നങ്ങളുണ്ടാക്കുന്ന ഗുണ്ടകളുടെയും സാമൂഹ്യ വിരുദ്ധരുടെയും ലിസ്റ്റ് തയാറാക്കുക എന്നതാണ്. രണ്ടാമത്തേത് മുൻ ഗുണ്ടകളുടെ ലിസ്റ്റാണ്. ഇവർ ഇപ്പോൾ കളത്തിലില്ലെന്നു വരുത്തിത്തീർത്ത് ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട് ഓപ്പറേഷൻ നടത്തുന്നവരാണ്. അത്തരത്തിലുള്ളവർ ആരാണ് എന്നതാണ് രണ്ടാമത്തെ ലിസ്റ്റ്.
മൂന്നാമത്തെ ലിസ്റ്റ് നേരത്തേ ഗുണ്ടാപ്പണി ചെയ്തിരുന്നവർ ഇപ്പോൾ അതിൽ നിന്നെല്ലാം പിൻതിരിഞ്ഞ് നല്ലവരായി നടക്കുന്നവരാണ്. ഇത്തരക്കാരുണ്ടെങ്കിൽ അവർക്ക് പോലീസ് എല്ലാവിധ സംരക്ഷണവും നല്കും. അങ്ങനെയുള്ളവരുടെ ലിസ്റ്റും തയാറാക്കി പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിക്കും. ഇതാണ് ഓപ്പറേഷൻ റെയ്ഞ്ചർ.
ഗുണ്ടകൾ ആരൊക്കെ, ഗുണ്ടകളായിരുന്നവർ ആരൊ ക്കെ , ഇപ്പോൾ സജീവമായി നിൽക്കുന്ന ഗുണ്ടകൾ ആര് എന്നൊക്കെയുള്ള കൃത്യമായ വിവരങ്ങൾ ഒരു മാസത്തിനുള്ളിൽ തയാറാക്കും. ഇതിനുള്ളിൽ കുപ്രസിദ്ധ ഗുണ്ടകളെയും സ്ഥിരമായി സാമൂഹ്യ വിരുദ്ധ നടപടികളിൽ ഏർപ്പെടുന്നവരെയും ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തി അകത്താക്കും.