കൽപ്പറ്റ: ലോക്ക് ഡൗണിൽ കർണാടകയിൽ കുടുങ്ങിയ മലയാളി കുടുംബത്തിനു കേരള പോലീസ് മരുന്നു എത്തിച്ചുനൽകി. കുടക് ജില്ലയിലെ സിദ്ധാപുര കോഫി ബോർഡ് ജൂണിയർ ലെയ്സണ്‍ ഓഫീസിലെ എക്സ്റ്റൻഷൻ ഇൻസ്പെക്ടർ കദീജയുടെ മാതാവിനുള്ള മരുന്നാണ് എത്തിച്ചത്.
സ്ഥിരമായി കഴിക്കാറുള്ള മരുന്ന് സിദ്ധാപുരയിലും സമീപങ്ങളിലും ലഭിക്കാത്തതിനെത്തുടർന്ന് ജനറിക് മരുന്നുകൾ കഴിച്ചെങ്കിലും ശാരീരിക അസ്വാസ്ഥ്യം ഉണ്ടായി. ഈ സാഹചര്യത്തിലാണ് കേരളത്തിൽനിന്ന് മരുന്ന് എത്തിക്കാനുള്ള സാധ്യത കുടുംബം ആരാഞ്ഞത്.
കൽപ്പറ്റ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലെ ക്ലാർക്ക് സുധീഷ് ബാബു ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്സിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷുമായി ബന്ധപ്പെട്ടതാണ് കുടുംബത്തിനു സഹായം ഉറപ്പാക്കിയത്.
ജില്ലാ അതിർത്തിയിലെ ബാവലിയിൽനിന്നു ഗോണിക്കുപ്പ വഴി പോകുന്ന വാഹനത്തിൽ കൊടുത്തുവിട്ട മരുന്ന് ഗോണിക്കുപ്പ പോലീസ് സ്റ്റേഷൻ മുഖേന വീരാജ്പേട്ടയിലെ കോഫിബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലും തുടർന്നു രോഗിക്കും എത്തിക്കുകയായിരുന്നു.