ഹരിപ്പാട്: പിണറായി വിജയന് വിടുപണി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർ കുടുങ്ങുമെന്ന് കെ. സി. വേണുഗോപാൽ എംപി. നവകേരള സദസിന്റെ പേരിൽ ജനങ്ങളുടെ ക്ഷേമത്തിന് ഉപയോഗിക്കേണ്ട പണം സിപിഎമ്മിന്റെയും സിപിഎം മന്ത്രിമാരുടെയും ഖജനാവിലേക്ക് മാറ്റുന്ന പരിപാടിയാണ് കേരളത്തിൽ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഐക്യ ജനാധിപത്യ മുന്നണി ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള കുറ്റവിചാരണ സദസ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷത വഹിച്ചു.
മന്ത്രിപ്പട സഞ്ചരിച്ച വാഹനമല്ല മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമാണ് കാഴ്ചബംഗ്ലാവിൽ വയ്ക്കേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ചടങ്ങിൽ കെ.എം. ഷാജി മുഖ്യപ്രഭാഷണം നടത്തി. ചാണ്ടി ഉമ്മൻ എംഎൽഎ ആമുഖ പ്രസംഗം നടത്തി.
യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ അനിൽ ബി. കളത്തിൽ, കോൺഗ്രസ്ബ്ലോക്ക് പ്രസിഡന്റ് ഷംസുദീൻ കായിപുറം കുറ്റവിചാരണ പത്രം വായിച്ചു.
ബി. ബാബു പ്രസാദ്, എം. ലിജു, എ.എ. ഷുക്കൂർ, ഷാനിമോൾ ഉസ്മാൻ, കെ.കെ. സുരേന്ദ്രനാഥ്, ഷാജി മോഹൻ, ബി. രാജശേഖരൻ, എ.കെ. രാജൻ, ജേക്കബ് ഏബ്രഹാം, സ്വാഗതസംഘം ചീഫ് കോഡിനേറ്റർ ജോൺ തോമസ് എന്നിവർ പ്രസംഗിച്ചു.