കൊല്ലം: ഓയൂരിൽ നിന്നും ആറ് വയസുകാരി കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരു തുമ്പും കണ്ടെത്താനാകാതെ പോലീസ്.
തട്ടിക്കൊണ്ടുപോയ സംഘത്തെക്കുറിച്ച് വിവരമൊന്നും കണ്ടെത്താൻ കഴിയാതെ വന്നതോടെ പ്രതികൾ ഉപയോഗിച്ച കാറിലേക്ക് പോലീസ് ശ്രദ്ധതിരിച്ചു.
കാറിന്റെ സഞ്ചാരപാത സിസിടിവി പരതി പലയിടത്തും കണ്ടെത്തിയെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ജില്ലയാകെ അരിച്ചുപെറുക്കിയിട്ടും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച സ്വിഫ്റ്റ് ഡിസയർ കാറിന്റെ പൊടിപോലും കണ്ടെത്താനായില്ല.
മൊബൈൽ ഫോണ് ഉപയോഗിക്കാതെയും സിസിടിവിയുടെ കണ്ണുവെട്ടിച്ചും കുറ്റകൃത്യം നടത്തിയാൽ കേരള പോലീസിനെ പറ്റിക്കാമെന്ന സ്ഥിതിയിലാണ് കാര്യങ്ങൾ എത്തിയിരിക്കുന്നതെന്ന വിമർശനമാണ് നവമാധ്യമങ്ങളിൽ ഉയരുന്നത്. പാവങ്ങളെ റോഡിലെ വളവുകളിൽ പതുങ്ങിയിരുന്നു പിടിക്കുന്ന പോലീസിന്റെ ശൗര്യമൊക്കെ എവിടെപ്പോയെന്നാണ് നാട്ടുകാരുടെ ചോദ്യം.
ഇതിന് പുറമേ പ്രതിപക്ഷം കൂടി പോലീസിനെതിരെ തിരിഞ്ഞതോടെ സർക്കാരും ആഭ്യന്തരവകുപ്പും വെട്ടിലായിരിക്കുകയാണ്.മനസലിവുള്ള കുറ്റവാളികൾ ഉള്ളതുകൊണ്ട് കേരളം രക്ഷപെടുന്നുവെന്നാണ് ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി നവമാധ്യമങ്ങളിലെ വിമർശനം. കളമശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർഥന നടന്ന കണ്വൻഷൻ സെന്ററിലെ സ്ഫോടനത്തിന് പിന്നാലെ ഭീകരാക്രമണമെന്ന വിലയിരുത്തതിലാണ് പോലീസ് എത്തിയത്.
എന്നാൽ മണിക്കൂറുകൾക്കുള്ളിൽ താൻ ചെയ്ത കുറ്റകൃത്യത്തിന്റെ മുഴുവൻ തെളിവുകളുമായി പ്രതി ഡൊമിനിക് മാർട്ടിന്റെ തന്നെ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയതോടെയാണ് സംഭവത്തിന്റെ നിജസ്ഥിതി മനസിലായത്. ഡൊമിനിക് മാർട്ടിൻ കുറ്റസമ്മതം നടത്താതെ മറഞ്ഞിരുന്നെങ്കിൽ സ്ഥിതിയെന്താകുമായിരുന്നു എന്നാണ് വിമർശകർ ചോദിക്കുന്നത്.
കൊല്ലത്ത് കുട്ടിയെ തട്ടിയെടുത്ത സംഭവത്തിൽ നാലാം ദിനവും പ്രതികൾ പോലീസിനെ കുഴപ്പിക്കുന്ന സംഭവം ചൂണ്ടിക്കാട്ടിയാണ് വിമർശനം ഏറെയും. കുട്ടിയെ കൊണ്ടുവിട്ട കൊല്ലം ആശ്രാമം മൈതാനത്ത് തന്നെ വന്നിരിക്കാമോ എന്ന് പ്രതികളോട് പോലീസ് ചോദിക്കേണ്ട സ്ഥിതിയാണെന്നാണ് ട്രോൾ.
അതേസമയം പ്രതികൾ സഞ്ചരിച്ച കാറും ഓട്ടോറിക്ഷയും കണ്ടെത്താൻ പോലീസ് ഊർജിതശ്രമം തുടരുകയാണ്. വലിയ വീട്ടിലാണ് രാത്രി കഴിഞ്ഞതെന്ന് കുട്ടി മൊഴി നൽകിയെങ്കിലും ഇതും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ മോഡൽ സംബന്ധിച്ച് ചില സൂചനകൾ പോലീസിന് ലഭിച്ചതായി വിവരമുണ്ട്.